ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 12,213 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 38.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 15/06/22 ബുധനാഴ്ച 8,822 പേരിലായിരുന്നു രോഗം കണ്ടെത്തിയത്. 11 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 2022 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ 10000 കടക്കുന്നത്.
കേരളത്തിൽ രോഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലാണ് കോവിഡ് കേസുകൾ കൂടുതൽ. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. കോവിഡ് കേസുകളിൽ ഉണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കരുതൽ ഡോസ് വാക്സിനേഷൻ തുടരാനാണ് ആഹ്വാനം. കിടപ്പുരോഗികൾക്കും, വീട്ടുപരിചരണത്തിലുള്ള രോഗികൾക്കും വീട്ടിലെത്തി വാക്സിൻ നൽകും.
മഹാരാഷ്ട്രയിലും, ദില്ലിയിലും കോവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 36 ശതമാനവും ദില്ലിയിൽ 23 ശതമാനവും വർധനയാണ് പ്രതിദിന കണക്കിൽ ഉണ്ടായത്. കേസുകൾ വർധിച്ചെങ്കിലും രണ്ടിടങ്ങളിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല. ഇതിനിടെ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമാണെന്ന് ഭാരത് ബയോടെക്കും, ഐസിഎംആറും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി.

