കണ്ണൂര്‍ : വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവും അദ്ധ്യാപകനുമായ ഫര്‍സീന്‍ മജീദിനെ സസ്‌പെന്‍ഡ് ചെയ്‌തു. 15 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. മട്ടന്നൂര്‍ യുപി സ്‌കൂളിലെ അദ്ധ്യാപകനായ ഫര്‍സീന്‍ യൂത്തുകോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറികൂടിയാണ്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ ദിവസം മുതല്‍ ഫര്‍സീനെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും സ്‌കൂളിലേക്ക് പ്രകടനം നടത്തിയിരുന്നു. ഫര്‍സീന്‍ മജീദ് ഇനി സ്‌കൂളില്‍ വന്നാല്‍ അടിച്ച് കാല്‍ ഒടിക്കുമെന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം എം ഷാജര്‍ പറഞ്ഞതായി ആരോപണമുണ്ട്.
സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രകടനത്തിന് പിന്നാലെ ചില രക്ഷിതാക്കള്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ ടി.സി ആവശ്യപ്പെട്ടതോടെയാണ് അദ്ധ്യാപകനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജുമെന്റ് നിര്‍ബന്ധിതനായത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്‌കൂളിലെത്തി പരിശോധന നടത്തി.