വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണന്റെ മകൻ മോഹനനാണ് (40) മരിച്ചത്. 2022 ജൂൺ 14ന് രാത്രി പത്ത് മണിയോടെയായായിരുന്നു സംഭവം. കോളനിയിലെ വീട്ടിലേക്ക് നടന്ന് പോകവെ മോഹനൻ ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. വനം വകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും സർക്കാരിന്റെ തുടർച്ചയായുണ്ടായ ഉത്തരവാദിത്തമില്ലായ്മയാണ് വയനാട്ടിൽ നിരന്തരം വന്യജീവികളുടെ ആക്രമണങ്ങളുണ്ടാകുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.

പലയിടങ്ങളിലും കുറ്റമറ്റ രീതിയിൽ വേലി നിർമിക്കാത്തതാണ് ആദിവാസി കോളനികളടക്കമുള്ള ഇടങ്ങളിൽ ആനകളെത്താൻ കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനൊടൊപ്പം അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി കൂടി സർക്കാർ കാണിക്കണമെന്ന് നേതാക്കൾ പറഞ്ഞു. മേപ്പാടി ടൗണിൽ നടന്ന ഉപരോധസമരം ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മരിച്ച മോഹനന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, മോഹനന്റെ മക്കൾ പ്രായമാവുമ്പോൾ സർക്കാർ ജോലി, ആന നശിപ്പിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക, ഫെൻസിംഗ് പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്. എംഎൽഎക്ക് ഡിഎഫ്ഒ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്

Share
അഭിപ്രായം എഴുതാം