കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടർ നടപടികളിൽ കാവ്യാ മാധവൻ പ്രതിയാകില്ല. 2022 മേയ് 31-ന് മുന്നെ അന്വേഷണം പൂർത്തീകരിക്കേണ്ടത് കൊണ്ടും ഉന്നത സമ്മർദവുമാണ് ഇത്തരമൊരു നീക്കത്തിൽ നിന്ന് ക്രൈംബ്രഞ്ചിന് പിന്നോട്ട് പോവേണ്ടി വന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ കാവ്യാ മാധവൻ സാക്ഷി സ്ഥാനത്ത് തന്നെ തുടരും.
കേസുമായി ബന്ധപ്പട്ട് ദിലീപിന്റെ അഭിഭാഷകരെയടക്കം ചോദ്യം ചെയുന്ന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് സംഘം പോയിരുന്നു. തെളിവ് നശിപ്പിച്ചതിനെതിരേയും, പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതി മാറ്റാനും ഹൈക്കടതിയിൽ അപേക്ഷ നൽകാനും ക്രൈംബ്രഞ്ച് തീരുമാനിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ വലിയ രാഷ്ട്രീയ സമ്മർദം ഉണ്ടായതും ഇതിനെ മറികടന്ന് മുന്നോട്ട് പോവാൻ കഴിയാതെ വന്നതും. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മാറ്റമടക്കം ഇതിന്റെ ഭാഗമായിരുന്നു.
മേയ് 31-ന് മുമ്പ് തന്നെ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിക്കുക എന്ന നിലപാടിലേക്കാണ് അന്വേഷണ സംഘമെത്തിയിരിക്കുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ദിലീപിന്റെ ഫോണിലെത്തിയ ദൃശ്യങ്ങൾ നശിപ്പിച്ചുകളഞ്ഞുവെന്നായിരുന്നു ശരിത്തിനെതിരേയുള്ള കണ്ടെത്തൽ.
ഇയാൾ കേസിൽ പ്രതിയായി തന്നെ തുടരും. ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി അധിക കുറ്റപത്രം സമർപ്പിച്ചായിരിക്കും മേയ് 31 ന് മുമ്പ് തന്നെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് സമർപ്പിക്കാൻ അധിക സമയം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

