പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഒരു ഡോക്ടർകൂടി രാജിവെച്ചു. കാർഡിയോളജി വിഭാഗത്തിലെ ഡോ. ഗെയിൽ എൻ. സെബാസ്റ്റ്യനാണ് 2022 മെയ് 21 ശനിയാഴ്ച പ്രിൻസിപ്പലിന് രാജി നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 19 ഡോക്ടർമാരാണ് പരിയാരത്തുനിന്ന് രാജിവെച്ചുപോയത്. ഡോക്ടർമാർ തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളാണ് രാജിവെക്കാൻ കാരണമെന്നാണ് വിവരം. നേരത്തേയും കാർഡിയോളജി, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗങ്ങളിൽനിന്ന് വിദഗ്‌ധരായ ഡോക്ടർമാർ രാജിവെച്ചിരുന്നു.
ഡോ. ഗെയിൽ എൻ. സെബാസ്റ്റ്യൻ നാഗർകോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചേർന്നതായാണ് വിവരം. രണ്ടുമാസം മുൻപ് അവധിയിൽ പോയ ഇദ്ദേഹം 21/05/22 ശനിയാഴ്ച തിരിച്ചെത്തി രാജിക്കത്ത് നൽകുകയായിരുന്നു. കരാറടിസ്ഥാനത്തിൽ എട്ടുവർഷമായി ഇവിടെ ജോലിചെയ്യുന്നു.
കാർഡിയോളജി വിഭാഗത്തിന് അപമാനമാവുന്നതരത്തിൽ കാത്ത് ലാബ് ഉപകരണത്തിന് കേടുവരുത്തിയെന്ന വിവാദവും ഇതിനിടയിൽ ഉയർന്നു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. റേഡിയേഷൻ ബാഡ്ജുകളിൽ കൃത്രിമത്വം നടത്തി എന്ന വിവാദവും ഉയർന്നത് മെഡിക്കൽ ഹൃദ്രോഗവിഭാഗത്തിലായിരുന്നു.