തിരുവനന്തപുരം; 60 വയസ്സ് പൂർത്തിയാകുന്ന മുറക്ക് സർക്കാർ അഭിഭാഷകർ ചുമതല ഒഴിയണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇത് ഉറപ്പ് വരുത്തണമെന്നും നിയമസെക്രട്ടറി വി.ഹരിനായർ പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു. നിയമനം ലഭിക്കുന്ന അഭിഭാഷകരുടെ കാലാവധി പരമാവധി 3 വർഷമോ, അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ ആയി നിജപ്പെടുത്തിയിട്ടുണ്ട്.എന്നാൽ 60 വസ്സ് പിന്നിട്ടിട്ടും പല ജില്ലകളിലും സർക്കാർ അഭിഭാഷകർ തുടരുന്ന സാഹചര്യമുണ്ടെന്ന് നിയമസെക്രട്ടറി വ്യക്തമാക്കി. 1978 ലെ കേരള ഗവർമ്മെണ്ട് ലോ ഓഫീസേഴ്സ് ആൻറ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങൾ അനുസരിച്ചാണ് ഹൈക്കോടതിയിലെ സർക്കാർ പ്ളീഡർമാരെ നിയമിക്കുന്നത്.അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നാണ് നിയമനത്തിനുള്ള പാനൽ നൽകുന്നത്. ജില്ലാ കോടതികളിലേയും കീഴ് കോടതികളിലേയും സർക്കാർ അഭിഭാഷകരുടെ പാനൽ തയ്യാറാക്കി നൽകുന്നത് ജില്ലാ കളക്ടർമാരുമാണ്. അഭിഭാഷകരുടെ ജനനതിയതിയടക്കമുള്ള വിവരങ്ങൾ നിയമവകുപ്പിൽ ലഭ്യമല്ല. വിരമിക്കൽ തീയതി കഴിഞ്ഞിട്ടും വേതനം ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .ഇതിൽ പലതിലും സർക്കാരിനെതിരെ വിധി വരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് നിയമ സെക്രട്ടറിയുടെ ഉത്തരവ്.
60 വയസ്സ് പൂർത്തിയാകുന്ന മുറക്ക് സർക്കാർ അഭിഭാഷകർ ചുമതല ഒഴിയണമെന്ന് നിയമ സെക്രട്ടറി
