വയനാട്: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം’ ക്യാമ്പയിന്റെ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ ഡോ.എ പി ജെ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) വി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈ ക്യാമ്പയിന്‍ ഗാര്‍ഹികതലം, സ്ഥാപനതലം, പൊതു സ്ഥലം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മാലിന്യസംസ്‌കരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുകു നിവാരണം, ജലസ്രോതസുകളുടെ ശുചീകരണം എന്നിങ്ങനെ പ്രവര്‍ത്തന മേഖലകളാക്കി തരം തിരിച്ചാണ് സംഘടിപ്പിക്കുന്നത്.
വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ നേതൃത്വത്തില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ക്യാമ്പയിന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍, ഏജന്‍സികള്‍, മിഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തത്തോടെയാണ് ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ.കെ.സക്കീന, ശുചിത്വ മിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.അനൂപ് എന്നിവര്‍ വിഷയാവതരണം നടത്തി. ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു,ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

