മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടരും. ബെലറൂസിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചർച്ചകൾ ഉടനുണ്ടാകും.
റഷ്യ- യുക്രൈൻ യുദ്ധം ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യു.എൻ പൊതുസഭയുടെ അടിയന്തരയോഗം ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ചർച്ചയിലൂടെയും നയതന്ത്ര നടപടികളിലൂടെയും പ്രശ്നം പരിഹരിക്കണം. യുദ്ധക്കെടുതിയിൽ വലയുന്നത് സാധാരണ ജനങ്ങളാണ്. യുദ്ധത്തിൽ നിന്ന് സൈനികർ പിൻമാറണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ബെലറൂസിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സമാധാന ചർച്ചയിൽ പങ്കെടുത്തത്. ചർച്ച അഞ്ച് മണിക്കൂർ നീണ്ടു. റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ യോഗത്തിൽ ഉണ്ടായില്ല. എന്നാല്‍, ചർച്ചകൾ തുടരാൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയിലെത്തി.

