തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീയേറ്ററുകള്‍ വീണ്ടും അടച്ചിടേണ്ടി വന്നതില്‍ പ്രതിഷേധവുമായി തീയേറ്ററുടമകളും പ്രേക്ഷകരും. അടച്ചിടീലില്‍ കോടികളുടെ നഷ്ടമാണുണ്ടായിട്ടുളളത്. കോവിഡ് നല്‍കിയ നഷ്ടക്കണക്കില്‍ നിന്ന് തിരിച്ച് കയറുന്നതിനിടെയാണ് വീണ്ടും സര്‍ക്കാര്‍ നിയന്ത്രണം.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ഹൃദയം എന്ന ചിത്രമാണ് തലസ്ഥാനത്ത് ഭൂരിഭാഗം തീയേറ്ററുകളിലും പ്രദര്‍ശിപ്പിച്ചിരുന്നത്. ഈ ചിത്രം റിലീസ് ചെയ്‌ത് നാലാം ദിവസം തീയേറ്ററുകള്‍ അടച്ചിടേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഉടമകളും തൊഴിലാളികളും. ചിത്രത്തിന് മികടച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. 2022 ജനുവരി 21 വെളളിയാഴ്‌ച ചിത്രം റിലീസ് ചെയ്യുമ്പോള്‍ ജില്ലയെ ബി കാറ്റഗറിയിലാണ് പെടുത്തിയിരുന്നത്. എന്നാല്‍ 24 തിങ്കളാഴ്ച സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു.
രണ്ടുലോക്ക് ഡൗണുകള്‍ക്കിടെ 50 ശതമാനം സീറ്റ് കപ്പാസിറ്റിയില്‍ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിച്ചത് ആകെ 8 മാസങ്ങള്‍ മാത്രമാണ്. തീയേറ്ററുകളിലെത്തുന്നവരുടെ ഇരട്ടിയാളുകള്‍ ഒരുമണിക്കൂറില്‍ ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു. ജില്ലയിലെ 30 ലധികം സ്‌ക്രീനുകളിലാണ് ഹൃദയം റിലീസ് ചെയ്‌തത് . എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന തീയേറ്ററുകള്‍ അടച്ചിടാന്‍ പറഞ്ഞതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മാതാവ് വിശാഖ് സുബ്രണ്യം പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഉച്ചക്ക് തീയേറ്ററുകള്‍ഡക്കുമുമ്പില്‍ പ്രതിഷേധ പ്രകടനം നടന്നു.
തീയേറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ഫിയോക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ മറുപടി തേടി. തീയേറ്ററുകള്‍ക്കുമാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. അടച്ചിടാനുളള നിര്‍ദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക്ക് കുറ്റപ്പെടുത്തി. വിദഗ്‌ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ വാദം. തീയേറ്ററുകളെ ബലിയാടാക്കി സര്‍ക്കാര്‍ ആരെയോ സംരക്ഷിക്കാനുളള നീക്കമാണ് നടത്തുന്നതെന്ന് ഫിയോക്ക് പ്രസിഡന്‍റ് വിജയകുമാര്‍ പറഞ്ഞു.

