വീരമൃത്യു പ്രാപിച്ച മകന്റെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്‌

തൃശൂര്‍: പാക്‌ പട്ടാളത്തിന്റെ വെടിയേറ്റ്‌ വീരമൃത്യു വരിച്ച മകന്റെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടുപതിറ്റാണ്ടായി പോരാടുകയാണ്‌ ഒരമ്മ. ഇരിങ്ങാലക്കുട കീഴുത്താണി മച്ചാട്ട്‌ പുത്തൂര്‍ വീട്ടില്‍ ഇന്ദിരാമേനോന്‍ (75) ആണ്‌ മകന്‍ വിനയകുമാറിന്‌ നീതി ലഭിക്കാനായി പോരാട്ടം തുടരുന്നത്‌.

ബി.എസ്‌.എഫ്‌ ജവാനായിരുന്ന വിനയ്‌കുമാര്‍ 1996 സെപ്‌തംബര്‍ 30ന്‌ ആണ്‌ വീരമൃത്യു പ്രാപിച്ചത്‌. 28 വയസായിരുന്നുഅതേ തുടര്‍ന്ന്‌ വിനയകുമാറിന്റെ ഭാര്യക്ക്‌ പെന്‍ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ 2000 ജൂണില്‍ അവര്‍ പുനര്‍ വിവാഹം ചെയ്‌തശേഷം പെന്‍ഷന്‍ കൈപ്പറ്റിയിട്ടില്ല. അമ്മയായ ഇന്ദിരക്ക്‌ പെന്‍ഷന്‍ അനുവദിക്കുന്നതിനുളള സമ്മതപത്രം നല്‍കുകയും ചെയ്‌തിരുന്നു. 2011ല്‍ ഇന്ദിരയുടെ ഭര്‍ത്താവ്‌ നാരായണന്‍കുട്ടിയും മരിച്ചു. 2016ലും 2021ലും പ്രധാന മന്ത്രിയുടെ പെന്‍ഷന്‍ പരാതി സെല്ലില്‍ പരാതി നല്‍കിയെങ്കിലും നടപടി ആയില്ല.

മകന്റെ പെന്‍ഷന്‍വാങ്ങി ഉപജീവനം നടത്താന്‍ കാത്തിരിക്കുകയല്ല താനെന്നും മകന്റെ വീരമൃത്യു അപമാനിക്കപ്പെടുകയാണെന്നും തന്റെ മരണത്തിനുമുമ്പ്‌ മകന്‌ നീതി ലഭിക്കണമെന്നതാണ്‌ ആവശ്യമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മകള്‍ പി.ബിന്ദു,ജയ്‌ഹിന്ദ്‌ രാജന്‍,അഡ്‌. കെജി സതീശന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം