കൊച്ചി: ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ബില്ലുമായി ജിഎസ്ടി ഓഫീസില്‍ നേരിട്ട് ഹാജരാകന്‍ സമന്‍സയക്കുന്ന വിചിത്ര നടപടിയുമായി ജി.എസ്.ടി വകുപ്പ്. ഐപിസി ചട്ടം ചൂണ്ടിക്കാട്ടിയാണ് സമന്‍സ് നല്‍കുന്നത്. ഇത് സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കാനിടയാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണക്കടയിലെ പരിശോധനക്കിടെ ബില്ലില്‍ പൊരുത്തക്കേട് കണ്ടാല്‍ ഉപഭോക്താവിന് കത്തയക്കുകയോ തുടര്‍ന്ന് നോട്ടീസ് നല്കി വിശദീകരണം തേടുകയോ ചെയ്യാവുന്നതാണെന്ന് നികുതി വിദഗ്ദര്‍ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അവസാന വഴിയായി ബില്ലുമായെത്താന്‍ സമന്സയക്കാമെന്നാണ് ചട്ടം. .
എന്നാല്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ സമന്‍സ് നല്കി വിരട്ടുകയാണ് ചെയ്യുന്നത്. 2017ലെ ജിഎസ്ടി ചട്ടത്തിലെ സെക്ഷന്‍ 70 , ഐപിസി ചട്ടം 1860ലെ സെക്ഷന്‍ 193,228 എന്നിവ പ്രകാരമാണ് സമന്‍സ്. ഹാജരായില്ലെങ്കില്‍ ഐപിസി 174,175 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്ന് സമന്‍സില്‍ പറയുന്നു. എറണാകുളം പെരുമാനൂരിലുളള ജി.എസ്.ടി ഓഫീസിലാണ് ഹാജരാവേണ്ടത്. ബില്ല് കൃത്യമെങ്കില്‍ ഫോണ്‍ വഴിയോ, ഇ മെയില്‍ വഴിയോ ജിഎസ്ടി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാം. നേരിട്ട് ഹാജരാവേണ്ടതില്ല. 2019-20 വര്‍ഷത്തില്‍ കേരളത്തിലെ സ്വര്‍ണാഭരണ വിറ്റുവരവ് 50,000കോടി രൂപയാണ്. ഇതിലൂടെ 853 കോടി രൂപയാണ് ജിഎസ്ടിയായി സര്‍ക്കാര്‍ നേടിയിട്ടുളളത്.

