ന്യൂഡല്‍ഹി: ലോക്ഡൗണില്‍ കുടുങ്ങി ജോലിയും കൂലിയും നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ശ്രമിക് ട്രെയിനുകളില്‍ വെള്ളം കിട്ടാതെ, രോഗം ബാധിച്ച്, കൊടുംചൂട് സഹിക്കാനാവാതെ യാത്രയ്ക്കിടെ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ മേയ് ഒമ്പതുമുതല്‍ 27 വരെയുള്ള കണക്കാണിത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് പിന്നീട് തയ്യാറാക്കും.
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണില്‍ 18, നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19, ഈസ്റ്റ് കോസ്റ്റ് സോണില്‍ 13 എന്നിങ്ങനെയാണ് മരണസംഖ്യ. ബിഹാറിലെ മുസഫര്‍പുരി സ്റ്റേഷനില്‍ മരിച്ചുകിടന്ന യുവതിയുടെ ഒന്നരവയസ്സുള്ള കുട്ടി മാതാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ദൃശ്യം ഹൃദയഭേദകമായിരുന്നു.
യാത്രയില്‍ ആര്‍ക്കെങ്കിലും ശാരീരികാസ്വസ്ഥതയുണ്ടായാല്‍ അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യം നല്‍കുന്നുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഇക്കാലയളവില്‍ 3840 ശ്രമിക് ട്രെയിനുകളിലായി 50 ലക്ഷത്തോളം ആളുകളെ സ്വന്തം നാട്ടിലെത്തിച്ചിട്ടുണ്ട്.

