കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് പക്ഷം

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് പക്ഷം കച്ചമുറുക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു ലഭിച്ചില്ലെങ്കില്‍ യുഡിഎഫ് വിടുമെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന്റെ ഉഗ്രശാസനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജോസ് വിഭാഗവും ചേര്‍ന്ന് തങ്ങളെ വഞ്ചിച്ചെന്ന പൊതുവികാരമാണ് ജോസഫ് പക്ഷം പങ്കുവയ്ക്കുന്നത്. അവഗണനയും ആട്ടും തുപ്പുമേറ്റ് ഇനി യുഡിഎഫില്‍ തുടരുന്നതുകൊണ്ടു കാര്യമില്ല. യുഡിഎഫില്‍നിന്ന് ചില കക്ഷികള്‍ തങ്ങളുടെകൂടെ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകൂടി വന്നതോടെ കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദമാണിപ്പോള്‍ യുഡിഎഫിനെ വലയ്ക്കുന്നത്. ജോസഫിനെ പിണക്കാതെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗത ചിഹ്നമായ രണ്ടിലപോലും ഇല്ലാതെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടിവരുമെന്ന സാഹചര്യം മുന്നില്‍കണ്ട് വഴങ്ങുകയേ നിവൃത്തിയുള്ളൂ എന്നതാണ് അവസ്ഥ.

ജോസഫ്- മാണി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ച് ഒന്നായെങ്കിലും രണ്ട് വിഭാഗങ്ങളും തമ്മില്‍ ഇപ്പോഴും നല്ല മനപ്പൊരുത്തമില്ല. നിലവില്‍ ജോസ് വിഭാഗത്തിന്റെ കൈവശമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ലയനം നടക്കുമ്പോള്‍ രണ്ട് കണ്ടീഷനായിരുന്നു ഉണ്ടായിരുന്നത്. സംയുക്ത പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ ജോസഫ് വിഭാഗത്തിനു നല്‍കണം. ഇതില്‍ കോട്ടയത്തെ കാര്യം ഇപ്പോഴും കോഴിയുടെ മുലയൂട്ട് പോലെ അനന്തമായി നീണ്ടുനീണ്ടു പോവുകയാണ്.

യുഡിഎഫ് വിട്ടുകഴിഞ്ഞാല്‍ ഇടതുമുന്നണിയില്‍ ചേക്കേറുക എന്നതുതന്നെയാണ് ജോസഫ് വിഭാഗം ലക്ഷ്യംവയ്ക്കുന്നത്. ജോസഫിന്റെ മനോഗതം അറിഞ്ഞയുടന്‍ കോടിയേരി അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. അതാണ് ജോസഫിന് പ്രതീക്ഷ വളര്‍ത്തുന്നത്. എന്നാല്‍, ഇടതുമുന്നണിയിലേക്കു ചേക്കേറാനായി മുന്നണിവിടുന്ന കാര്യം ഓപ്പണ്‍ ചര്‍ച്ച വേണ്ടെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

യുഡിഎഫില്‍ തങ്ങളുടെ സമ്മര്‍ദശേഷി അളക്കാനുള്ള ഡ്രസ് റിഹേഴ്‌സലായാണ് കോട്ടം ജില്ലാ പഞ്ചായത്ത് പ്രശ്‌നം ജോസഫ് ഉപയോഗിക്കുക. വിജയിച്ചാല്‍ കൂടുതല്‍ അവകാശവാദങ്ങള്‍ പുറത്തുവരുമെന്ന് ജോസ് വിഭാഗത്തിനും കോണ്‍ഗ്രസിനുമറിയാം. എന്നാലും ഈ ആവശ്യം അംഗീകരിച്ചുകൊടുത്തില്ലെങ്കില്‍ വരുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യതിരുവിതാംകൂറില്‍ തിരിച്ചടി ആകുമോയെന്ന ഭയവുമുണ്ട്. പാലായുടെ അനുഭവമാണ് മനസില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നത്.

പല സമയത്തായി കേരളാ കോണ്‍ഗ്രസില്‍നിന്ന് ചിതറിത്തെറിച്ചുപോയ ഗ്രൂപ്പുകളില്‍ ചിലത് മടങ്ങിയെത്തിയിട്ടുണ്ട്. അവരുടെയൊക്കെ പിന്തുണ ജോസഫിനാണ്, ജോസിനല്ലെന്ന യാഥാര്‍ഥ്യം തുറിച്ചുനോക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണിക്കൊപ്പമായിരുന്നു. ഇപ്പോള്‍ അവര്‍ ജോസഫ് നയിക്കുന്ന കേരളാ കോണ്‍ഗ്രസിലാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഇവര്‍ക്കെല്ലാം മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടിവരും. അത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍നിന്നായിരിക്കും കുറവുവരുക. ഇപ്പോഴത്തെ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ കഴിഞ്ഞതവണത്തെ സീറ്റുപോലും ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം