ബംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിലുൾപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്

കൊച്ചി: വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള ബംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിലുൾപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തി. . പാലാരിവട്ടത്തെയും തമ്മനത്തെയും വീടുകളിലായിരുന്നു റെയ്ഡ് . കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബംഗളൂരുവിൽ നിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്.

കൊറിയർ വഴി അയയ്ക്കാൻ സൂക്ഷിച്ചിരുന്ന പായ്ക്കറ്റിൽ നിന്ന് മാരക മയക്കുമരുന്നുകളായ എൽ.എസി.ഡി സ്റ്റാമ്പ്,എംഡിഎംഎ,മെത്താംഫിത്താമൈൻ എന്നിവ പിടികൂടിയിരുന്നു.മയക്കുമരുന്നു കടത്ത് സംഘത്തെക്കുറിച്ച് ആറുമാസം മുമ്പാണ് കസ്റ്റംസിന് വിവരം ലഭിച്ചത്.കൊച്ചിയിൽ ഇവർ ഉൾപ്പെട്ട സംഘം ലഹരിപ്പാർട്ടി നടത്താൻ ശ്രമിച്ചെന്ന വിവരമുൾപ്പെടെ റെയ്ഡിൽ കണ്ടെടുത്തു.വിദ്യാർത്ഥികൾ രണ്ടു പേരും ഒളിവിലാണ്. കൊറിയർ ബുക്കുചെയ്തതിന്റെ രേഖകൾ വീട്ടിൽനിന്നും ലഭിച്ചു.

.പോർച്ചുഗൽ, സ്പെയിൻ, ക്യൂബ എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതാണ് മയക്കുമരുന്നുകൾ.ഡി.ജെ പാർട്ടികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകളാണിവ. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിൽ സംഘം പാർട്ടി സംഘടിപ്പിക്കാൻ ശ്രമിച്ചത് സംബന്ധിച്ച വിവരം ലഭിച്ചതോടെയാണ് കസ്റ്റംസ് നിരീക്ഷണം ആരംഭിച്ചത്.പ്രശസ്തനായ ഒരു ഡി.ജെ പാർട്ടിയെ സമീപിച്ചെങ്കിലും നടന്നില്ല.

വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്.ഇരുവരെയും സംഘത്തിലെ മറ്റ് അംഗങ്ങളെയും കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.സംഘത്തിന്റെ കൊച്ചിയിലെ കണ്ണികളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →