പത്തനംതിട്ട: അടൂര്‍, പന്തളം വലിയ തോടുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേക സര്‍വേ ടീമിനെ കളക്ടര്‍ നിയോഗിക്കണം. നേരത്തെ സ്ഥാപിച്ച കല്ലുകള്‍ ഇളകി പോയ സാഹചര്യത്തില്‍ പന്തളം ബൈപ്പാസിന്റെ സ്ഥലം സര്‍വേ നടത്തി കല്ലിടണം. അടൂര്‍ റിംഗ് റോഡിനുള്ള സര്‍വേ തുടങ്ങണം. പന്തളം കെഎസ്ആര്‍ടിസിയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള വികസന പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. അടൂര്‍ പാര്‍ഥസാരഥി റോഡ് അടിയന്തിരമായി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. നെടുങ്കുന്നുമല ടൂറിസം പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗമാക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലയിലെ സ്കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം കളക്ടര്‍ വിളിച്ചു ചേര്‍ക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ നിയോജകമണ്ഡലത്തിലെ റോഡ് വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഡെപ്യുട്ടി സ്പീക്കര്‍ വിലയിരുത്തി.
കറ്റോട്-തിരുമൂലപുരം, മനയ്ക്കച്ചിറ-കുറ്റൂര്‍ റോഡുകളിലെ റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് റെയില്‍വേ പ്രതിനിധികളുടെ യോഗം കളക്ടര്‍ വിളിക്കുകയും സ്ഥല പരിശോധന നടത്തുകയും ചെയ്യണമെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ഞാലിക്കണ്ടം-മടുക്കോലി റോഡിലെ പുതുശേരി-കടമാന്‍കുളം ഭാഗത്ത് പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തണമെന്നും എംഎല്‍എ പറഞ്ഞു. കാവുംഭാഗം-തുകലശേരി റോഡ് നിര്‍മാണം ക്രിസ്മസിനു മുന്‍പ് തീര്‍ക്കുമെന്നും തിരുവല്ല-പൊടിയാടി റോഡിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും പൊതുമരാമത്ത് നിരത്തു വിഭാഗം എംഎല്‍എയെ അറിയിച്ചു. ചുമത്ര പാലത്തിന്റെ നിര്‍മാണം തിങ്കളാഴ്ച ആരംഭിക്കും.
കോന്നി, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കൊട്ടാരത്തികടവ് പമ്പ് ഹൗസിലെ ചെളി നീക്കം ചെയ്ത് പമ്പിംഗ് പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടിയെടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നതു മൂലം രണ്ടു പഞ്ചായത്തുകളിലെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. റോഡ് വികസന പ്രവര്‍ത്തനത്തിനിടെ മൈലപ്രയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കണം. ചന്ദനപ്പള്ളി-കോന്നി റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് സമയക്രമം തയാറാക്കണം. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടര്‍ വിളിക്കണമെന്നും എംഎല്‍എ പറഞ്ഞു.
കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചതും റദ്ദാക്കിയതുമായ ഷെഡ്യൂളുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. മലയോരമേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം നിലനില്‍ക്കെ ആങ്ങമൂഴി വണ്ടിപ്പെരിയാര്‍ റൂട്ടില്‍ വിനോദസഞ്ചാരികളെ കടത്തിവിട്ടതു പരിശോധിക്കണം. ഇടത്താവളങ്ങളിലെ വഴിവിളക്കുകള്‍ പ്രകാശിക്കുന്നെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. വാലാങ്കര-അയിരൂര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കണം. എഴുമറ്റൂര്‍, മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം. റാന്നി രാമപുരം ക്ഷേത്രത്തിലെ ഇടത്താവളത്തില്‍ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു. അടൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ സ്ഥലത്തെ മണ്ണ് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ പിആര്‍. ഷൈന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

