വാരാന്ത്യം ഓഹരി സൂചികകള്‍ താഴേക്ക്

മുംബൈ: രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി സൂചികകള്‍ താഴേക്ക്. സെന്‍സെക്സ് 764.83 പോയിന്റ് താഴ്ന്ന് 57696 ലും നിഫ്റ്റി 205 പോയിന്റ് താഴ്ന്ന് 17196.70 ലും വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയ്ക്കു ശേഷം നഷ്ടം നേരിട്ട് നിര്‍ണായക നിലവാരങ്ങള്‍ക്ക് താഴെയാണ് ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നുള്ള നിക്ഷേപകരുടെ ആശങ്കകളാണ് വിപണിയെ പ്രധാനമായും പിന്നോട്ടടിപ്പിച്ചത്. കൂടാതെ മുന്‍നിര ഓഹരികളുടെ മോശം പ്രകടനവും വിപണിയെ പിന്നോട്ടടിച്ചു. അതേസമയം ആഗോള വിപണി ഇന്ന് നേരിയ നേട്ടമുണ്ടാക്കി.
1722 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1453 ഓഹരികളുടെ വില കുറഞ്ഞു. 137 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ യുപിഎല്‍, ബിപിസിഎല്‍, ഒഎന്‍ജിസി, ഐഒസി, എല്‍ ആന്‍ഡ് ടി തുടങ്ങിയവ നേട്ടമുണ്ടാക്കി.

ആഴ്ചയവസാനത്തെ അവധികളുടെ ഇടവേള മുന്നില്‍ക്കണ്ടുള്ള ലാഭമെടുപ്പും ആഗോള വിപണിയില്‍ നിന്നുളള പിന്തുണക്കുറവും വ്യപാരത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച നേട്ടം നഷ്ടമാക്കാനിടയായി. കാപ്പിറ്റല്‍ ഗുഡ്സ് വിഭാഗങ്ങളിലെ ഒഴികെയുള്ള ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. കൂടാതെ, ധനകാര്യ, വാഹന, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളും ഇന്‍ഡക്സ് ഹെവി വെയിറ്റ് സ്റ്റോക്കായ റിലയന്‍സും വീണതും സൂചികകള്‍ക്ക് തിരിച്ചടിയായി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളില്‍ വലിയ മാറ്റം ഉണ്ടായില്ല. കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കല്യാണ്‍ ജൂവലേഴ്സ്, കിറ്റെക്സ്, ധനലക്ഷ്മി, സിഎസ്ബി ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഇന്‍ഡിട്രേഡ് (ജെആര്‍ജി), കെഎസ്ഇ, എവിറ്റി, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി 14 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ഈസ്റ്റേണ്‍ ട്രെഡ്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →