കൊച്ചി : അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ വിദേശ മദ്യശാലകളുടെ എണ്ണംകൂട്ടാനോ കുറക്കാനോ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും ജസ്‌റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മദ്യശാലകള്‍ സ്‌ത്രീകളും കുട്ടികളും അടക്കമുളള പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. കോടതി ഉത്തരവിന്റെ മറവില്‍ മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുളള നീക്കം ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ നല്‍കിയ ഹര്‍ജി പരിണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യശാലകള്‍ക്കു മുന്നിലെ ക്യൂ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന കോടതി ഉത്തരവിന്റെ ചുവട് പിടിച്ച 175 പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് സുധീരന്റെ ഹര്‍ജി. മദ്യശാലകളുടെയോ കൗണ്ടറുകളുടെയോ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ 2017ലെ ഉത്തരവിലൂടെ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കണമെന്ന പുനഃപരിശോധനാ ഹര്‍ജിയാണ് പരിഗണിച്ചത്. ഹര്‍ജി തീര്‍പ്പാകുന്നതുവരെ പുതുതായി 175 മദ്യശാല തുറക്കാനുളള ശിപാര്‍ശയില്‍ തീരുമാനമെടുക്കുന്നത് തടയണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സുധീരന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി കേസ് 2021 നവംബര്‍ 25ന് പരിഗണിക്കാന്‍ മാറ്റി.

