പത്തനംതിട്ട: 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെൺകുട്ടിയുടെ മുറി. ഇവിടെ അപരിചിതന്റെ സാന്നിധ്യം സംശയിച്ച് പിതാവ് എത്തിയപ്പോഴാണ് പതിനേഴുകാരനെ മകൾക്കൊപ്പം കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിനെ കണ്ട യുവാവ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി പുറത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിതാവ് തടഞ്ഞു.
എന്നാൽ മുന്നോട്ടെടുത്ത വാഹനം തട്ടി അപകടം സംഭവിക്കാതിരിക്കാൻ ഗൃഹനാഥൻ പിൻമാറി. പിന്നീട് മകളിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും കാലങ്ങളായി അടുപ്പത്തിലാണെന്നുമാണ് വിവരം. ഇതേത്തുടർന്നാണ് പെൺകുട്ടിയെ കാണാൻ യുവാവ് വീട്ടിലെത്തിയത്. പ്രതി പോലീസിൽ നൽകിയ മൊഴി അനുസരിച്ച് ഏതാനംദിവസങ്ങൾക്ക് മുൻപും പെൺകുട്ടിയെ കാണാൻ വീട്ടിൽ എത്തിയിരുന്നു.
പെൺകുട്ടിയുടേയും പിതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ വൈദ്യപരിശോധനയും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചുമത്തിയാണ് 17കാരനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

