ബെര്‍ലിന്‍: ലോകം തെരഞ്ഞെടുക്കുന്ന സമയത്തേ കോവിഡ് അവസാനിക്കുകയുള്ളൂവെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രയേസസ്. ആഴ്ചയില്‍ 50,000 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന മഹാമാരി അവസാനിക്കുന്നതില്‍ നിന്ന് ഏറെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനു തയാറെടുക്കാനും തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ആഗോളശേഷിയിലെ വിടവുകള്‍ എടുത്തുകാണിക്കുന്നതാണ് കോവിഡ് എന്നും ടേഡ്രോസ് പറഞ്ഞു. ആളുകള്‍ എപ്പോഴും തന്നോടു ചോദിക്കുന്ന കാര്യം എപ്പോഴാണ് ഈ കോവിഡ് മഹാമാരി അവസാനിക്കുക എന്നാണെന്നും ബെര്‍ലിനില്‍ ലോകാരോഗ്യസംഘടനയുടെ ഉച്ചകോടി അഭിസംബോധന ചെയ്യവേ ടെഡ്രോസ് പറഞ്ഞു. ലോകം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ മഹാമാരിക്കും വിരാമമാകും. അതു നമ്മളുടെ കൈകളിലാണ്. ആവശ്യമായ എല്ലാ ആയുധങ്ങളും നമ്മുടെ കൈവശമുണ്ട്; ഫലപ്രദമായ പൊതുജനാരോഗ്യ, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍. പക്ഷേ ലോകം ഇതു വേണ്ടതുപോലെ ഉപയോഗിക്കുന്നില്ല-ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
കോവിഡ് തീരാന്‍ ലോകം തീരുമാനിക്കണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി
