കാസര്‍ക്കോഡ്; നേരിയ സമ്പര്‍ക്കത്തിലൂടെയും കൊറോണ പകരുന്നു; ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍

കാസര്‍കോട്: നേരിയ സമ്പര്‍ക്കത്തിലൂടെയും കൊറോണ വൈറസ് പകരുന്ന അനുഭവങ്ങള്‍ കാസര്‍കോട്ട് ഉണ്ടായതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയിലായി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ഏറിയതോടെയാണിത്. മൂന്നാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 15ല്‍ ഏഴുപേരും ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലെത്തിയവരാണ്. നാലുപേര്‍ക്ക് കോവിഡ് പകര്‍ന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലെത്തിയവരുടെ സമ്പര്‍ക്കം മൂലവും.

റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളും ചികിത്സിച്ച് ഭേദമാക്കി ജില്ല കോവിഡ് മുക്തമായതിന്റെ തൊട്ടടുത്തദിവസമാണ് ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരിലൂടെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 15ല്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരും മറ്റൊരാള്‍ കുവൈത്തില്‍നിന്ന് നാട്ടിലെത്തിയ വ്യക്തിയും മറ്റൊരാള്‍ മഞ്ചേരിയില്‍നിന്നു വന്നയാളുമാണ്. ഇതരസംസ്ഥാനങ്ങളിലെ ഹോട്‌സ്‌പോട്ടുകളില്‍നിന്ന് നാട്ടിലെത്തുന്നവരുമായി നേരിയ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുപോലും രോഗം പടരുന്നത് ഗൗരവത്തോടെയാണ് ആരോഗ്യവിഭാഗം കാണുന്നത്.

ജില്ലയിലേക്ക് അനധികൃതമായി ആളുകളെത്തുന്നതും കോവിഡ് പ്രതിരോധത്തെ താളംതെറ്റിക്കുമെന്ന ആശങ്കയുണ്ട്. നീലേശ്വരം, കാസര്‍കോട് നഗരസഭകളും പൈവളികെ, മംഗല്‍പാടി, കുമ്പള, കളാര്‍ പഞ്ചായത്തുകളുമാണ് നിലവില്‍ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍. ജില്ലയില്‍ ശനിയാഴ്ച മാത്രം 61 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 262 ആയി. 2398 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →