തെരുവ് നിറയെ ബോംബ്, ആളുകളെ മനുഷ്യകവചമാക്കി: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള: മൂന്ന് മരണം

ബ്രസീലിയ: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള. സാവോ പോളോയ്ക്ക് 290 മൈല്‍ അകലെ, അരാകതുബ നഗരത്തില്‍ മൂന്ന് ബാങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ബോംബുകളാണ് അക്രമികള്‍ പോയവഴിയിലും നഗരത്തിലും വിതറിയത്. തട്ടിയെടുത്ത നാല് വാഹനങ്ങള്‍ കത്തിച്ച് റോഡ് തടസപ്പെടുത്തിയാണു ബാങ്ക് കൊള്ളയ്ക്കു തുടക്കംകുറിച്ചത്.

വാഹനങ്ങളിലൊന്ന് ലോക്കല്‍ മിലിട്ടറി പോലീസ് ആസ്ഥാനത്തിനു മുന്നില്‍ കത്തിച്ചതോടെ ഉദ്യോഗസ്ഥര്‍ അകത്തുകുടുങ്ങി. രണ്ട് വാഹനങ്ങള്‍ പ്രധാന ഹൈവേയിലും കത്തിച്ചു. തുടര്‍ന്ന് നഗരഹൃദയത്തിലേക്കു കടന്ന കൊള്ളക്കാര്‍ വിവിധ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സമുച്ചയത്തിനു മുന്നില്‍ നാലാമത്തെ വാഹനവും അഗ്‌നിക്കിരയാക്കി.മുന്നൊരുക്കങ്ങള്‍ക്കുശേഷം ബാങ്കോ ഡോ ബ്രസീല്‍, ബാങ്കോ സഫ്ര, കെയ്ക്സ എക്കണോമിക്ക ബാങ്കുകള്‍ കൊള്ളയടിച്ച സംഘം പിന്നീട് ആളുകളെ ബന്ദിയാക്കി. ബന്ദികളെ തോക്കിന്‍മുനയില്‍ തെരുവിലൂടെ നടത്തുന്നതിന്റെയും രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറുകളുടെ മേല്‍ത്തട്ടിലും ബോണറ്റുകളിലുമായി ബന്ധനസ്ഥരാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസ് പിന്തുടരാതിരിക്കാന്‍ വഴിനീളെ ബോംബുകള്‍ വിതറിയാണ് മനുഷ്യ കവചിതവാഹനങ്ങളില്‍ കൊള്ളക്കാര്‍ രക്ഷപ്പെട്ടത്.അര്‍ധരാത്രി ബന്ദികളെ മനുഷ്യ കവചമായി ഉപയോഗിച്ച് ഇരുപതോളം കൊള്ളക്കാര്‍ അഴിഞ്ഞാടുന്നതിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ നാലുപേര്‍ക്കെങ്കിലും പരുക്കേറ്റതായാണു റിപ്പോര്‍ട്ടുകള്‍. ബാങ്ക് കൊള്ളയ്ക്കിടെ വെടിയേറ്റ് ഒരാളും തെരുവില്‍ ഇന്‍ഫ്രാറെഡ് ബോംബ് പൊട്ടി ഒരു െസെക്കിള്‍ യാത്രക്കാരനും മരിച്ചു. നഗരത്തിന്റെ നിയന്ത്രണം പിന്നീട് സുരക്ഷാഭടന്‍മാര്‍ തിരിച്ചുപിടിച്ചെങ്കിലും ബന്ദികളുടെ അവസ്ഥ വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →