കൊടകര കുഴല്‍പണക്കേസില്‍ ധര്‍മരാജനെ തളളി സുരേന്ദ്രന്‍

തൃശൂര്‍ : കൊടകര കേസില്‍ ധര്‍മരാജനെ തളളി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊടകരയില്‍ കവര്‍ച്ച ചെയ്‌തത്‌ ബിജെപിയുടെ പണമല്ലെന്നാണ്‌ സുരേന്ദ്രന്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തിനുശേഷം മകന്റെ ഫോണിലൂടെ ധര്‍മരാജനുമായി സംസാരിച്ചിരുന്നുവെന്നും കവര്‍ച്ചയെക്കുറിച്ചറിഞ്ഞപ്പോള്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും സുരേന്ദ്രന്‍ മൊഴി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശ്വാസം വരുന്നില്ലെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞതായാണ്‌ ധര്‍മരാജന്റെ മൊഴി.

ധര്‍മരാജനെ ആറുവര്‍ഷമായി അറിയാമെന്നും കവര്‍ച്ചക്കുശേഷം ധര്‍മരാജന്‍ തന്റെ വീട്ടില്‍ വന്നിരുന്നതായും സുരേന്ദ്രന്റെ മൊഴിയലുണ്ട്‌. ഇലക്ഷന്‍ കഴിയുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്റെ വീടിനടുത്തുളള ഒരു അഭിഭാഷകനെ കാണാന്‍ എത്തിയപ്പോഴാണ്‌ ധര്‍മരാജന്‍ തന്റെ വീട്ടിലും എത്തിയതെന്നാണ്‌ സുരേന്ദ്രന്‍ പോലീസിനോട്‌ പറഞ്ഞിരിക്കുന്നത്‌. വീട്ടില്‍ വന്നപ്പോള്‍ പണം കവര്‍ച്ച ചെയ്‌തതുമായി ബന്ധപ്പെട്ട്‌ കേസ്‌ കൊടുത്തിരുന്നോയെന്ന്‌ താന്‍ ധര്‍മരാജനോട്‌ ചോദിച്ചിരുന്നുവെന്നും കെസുരേന്ദ്രന്‍ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു.

കോന്നിയില്‍ തന്റെ പ്രചരണത്തിന്‌ ധര്‍മരാജന്‍ എത്തിയിരുന്നോയെന്ന ചോദ്യത്തിന്‌ എത്തിയിട്ടുണ്ടാകാമെന്നാണ്‌ സുരേന്ദ്രന്‍ നല്‍കിയ മറുപടി. ധര്‍മരാജന്‌ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണ ചുമതല ഉണ്ടായിരുന്നതായും സുരേന്ദ്രന്‍ പറഞ്ഞെങ്കിലും എവിടെയൊക്കെയാണ്‌ ധര്‍മരാജന്‍ തെരഞ്ഞെടുപ്പുസാമഗ്രികള്‍ എത്തിച്ചതെന്ന്‌ അറിയില്ലെന്നാണ്‌ സുരേന്ദ്രന്‍ പറഞ്ഞത്‌.

കൊടകരയില്‍ കവര്‍ച്ച നടന്നതിന്‌ പിന്നാലെ ബിജെപി നേതാക്കളായ കാശിനാഥനും സുജയ്‌സേനനും ധര്‍മരാജന്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത്‌ എത്തിയിരുന്നു. ഇക്കാര്യം തനിക്കറിയാമെന്നാണ്‌ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ സുരേന്ദ്രന്‍ മറുപടി നല്‍കിയത്‌. എന്നാല്‍ ധര്‍മരാജന്റെ പണമിടപാടുകളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന കാര്യത്തില്‍ സുരേന്ദ്രന്‍ ഉറച്ചുനിന്നു. 2021 ജൂലൈ 14നാണ് സുരേന്ദ്രനെ പോലീസ്‌ ചോദ്യം ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →