കൊച്ചി : സിനിമാ ഷൂട്ടിംഗുകള്‍ പുനരാരംഭിക്കുന്നതിന് 30 ഇന മാര്‍ഗരേഖകള്‍ പുറത്തിറക്കി. കേരള ഫിലിം ചെമ്പര്‍ ഓഫ് കൊമേഴ്സ് ,കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ,ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്,ഫെഫ്ക, അമ്മ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് മാര്‍ഗരേഖകള്‍ തയ്യാറാക്കിയത്. ഇവ നടപ്പാക്കാനുളള ചുമതല ഫെഫ്ക,പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവര്‍ക്കാണ്.
പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. സെറ്റില്‍ താരങ്ങളുടെ സഹായികള്‍ ഉള്‍പ്പെടെ പരമാവധി 50 പേര്‍മാത്രമേ ഉണ്ടാകാവു. പേര്,മൊബൈല്‍ നമ്പര്‍, വാക്സിന് സട്ടിഫിക്കറ്റ്, 48 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ സട്ടിഫിക്കറ്റ് എന്നിവ ഫെഫ്ക,നിര്‍മാതാക്കളുടെ സംഘടന എന്നിവക്ക് നല്‍കണം. എല്ലാവരുടെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍മ്മാതാവ് നടത്തി ഫലം സൂക്ഷിക്കണം. ലൊക്കേഷനില്‍ നിന്ന് ഒരാളും പുറത്തുപോകരുത്. പോയി 24 മണിക്കൂര്‍ കഴിഞ്ഞ് തിരികെ വന്നാല്‍ വീണ്ടും ആര്‍ടിപിസി ആര് ടെസ്റ്റ് നടത്തണം. ഓരോരുത്തരുടെയും ശരീരോഷ്മാവ് ദിവസവും പരിശോധിക്കണം. സന്ദര്‍ശകര്‍ പാടില്ല. അഥവാ സന്ദര്‍ശകര്‍ വന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. സന്ദര്‍ശകരുടെ വിവരങ്ങള്‍ സൂക്ഷിക്കണം.
പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാർ, മേക്കപ്പ് കോസ്റ്റ്യൂം വിഭാഗക്കാര്‍ പൂര്‍ണ സമയവും കയ്യുറ ധരിക്കണം. മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ താരങ്ങള്ക്കുമുമ്പില് കയ്യും ഉപകരണങ്ങളും അണുമുക്തമാക്കണം. കഴിയുന്നത്ര പേപ്പര്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. ഷൂട്ടിംഗ്, താമസ സ്ഥലം എന്നിവിടങ്ങളില്‍ ഒന്നരമീറ്റര്‍ അകലം പാലിക്കണം. അഞ്ചുപേരില്‍ കൂടുതല്‍ കൂടരുത്. ആവശ്യമുളളവര്മാത്രം ഷൂട്ടിംഗ് സ്ഥലത്ത് നില്ക്കുക. താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടവര്‍ അകലം പാലിക്കുക.
സഹ സംവിധായകന് സംവിധായകനുമായി അകലം പാലിക്കുക. ലൊക്കേഷനില്‍ വാക്കിടോക്കിയും മൊബൈലും ഉപയോഗിക്കുക ഷൂട്ടുചെയ്യുന്ന സീനുകളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് അഭിനേതാക്കള്‍ക്ക് നല്‍കണം. മാര്‍ഗരേഖ നടപ്പാക്കാമെന്ന് ഫെഫ്കക്കും പ്രഡ്യൂസേഴ്സ് അസോസിയെഷനും സത്യവാങ്മൂലം നല്‍കണം. ഒടിടിക്കായി നിര്‍മിക്കുന്ന സിനിമകള്‍ക്കും മാര്‍ഗരേഖ ബാധകമാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധനയോട് സഹകരിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.



