ട്രെയിനില്‍ വച്ച്‌ യുവതിയെ ആക്രമിച്ച്‌ ആഭരണം കവര്‍ന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഗുരുവായൂര്‍: തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ നൂറനാട്‌ ഉളവക്കാട്‌ സ്വദേശിയായ ബാബുക്കുട്ടന്‍ ഉള്‍പ്പടെ അഞ്ചുപേരെ പ്രതികളാക്കിയാണ്‌ കുറ്റപത്രം. 2021 ഏപ്രില്‍ 28നാണ്‌ സംഭവം. ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശി ആശാ മുരളീധരനെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവരുകയായിരുന്നു. റെയില്‍വേ പോലീസിന്റെ 20 അംഗസംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. സംഭവത്തിന്‌ ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ്‌ ഒന്നാം പ്രതി ബാബുക്കുട്ടനെ പത്തനംതിട്ട ചിറ്റാറില്‍ നിന്ന്‌ പിടികൂടിയത്‌.

വര്‍ക്കല അയിരൂര്‍ കനാല്‍ പുറമ്പോക്കില്‍ സുരേഷ്‌, മകന്‍ മുത്തു, ശ്രീനിലയം അച്ചു, വര്‍ക്കല മുത്താന സ്വദേശി പ്രദീപ്‌ എന്നിവരാണ്‌ പ്രതികള്‍. മോഷണമുതല്‍ പങ്കിട്ടെടുത്തവരും ബാബുക്കുട്ടനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ്‌ ഇവര്‍. മുത്തുവും പ്രദീപുമാണ്‌ സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയത്‌. ആഭരണങ്ങള്‍ വിറ്റുകിട്ടിയ 60,000രൂപ ഇവര്‍ സുരേഷിനെ ഏല്‍പ്പിച്ചു. സുരേഷാണ്‌ തുക വീതിച്ചു നല്‍കിയത്‌. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, കവര്‍ച്ച,തെളിവ്‌ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

കേസില്‍ 90ഓളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്‌. സംഭവദിവസം ഗുരുവായൂരില്‍ നിന്നാണ്‌ ബാബുക്കുട്ടന്‍ തീവണ്ടിയിലെ ഡി 10 കമ്പാര്‍ട്ടുമെന്റില്‍ കയറുന്നത്‌. മുളന്തുരുത്തിയില്‍ വച്ച്‌ യുവതി ഡി 9 കമ്പാര്‍ട്ടുമെന്റില്‍ കയറുന്നത്‌ ബാബുക്കുട്ടന്‍ കണ്ടു. തുടര്‍ന്ന്‌ ഇയാള്‍ കമ്പാര്‍ട്ടുമെന്റിന്റെ മുമ്പിലത്തെ വാതില്‍ വഴി അകത്തുകയറി. മറ്റുയാത്രക്കാരൊന്നിമില്ലെന്ന്‌ ഉറപ്പാക്കിയ ശേഷം യുവതിയെ ആക്രമിക്കുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു. ഓലിപ്പുറം ലവല്‍ക്രോസിന്‌ സമീപത്തുവച്ച് യുവതി ട്രെയിനില്‍ നിന്നുചാടി രക്ഷപെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →