ന്യൂഡൽഹി: ആഗോള മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണ സംഘടന ആര്‍എസ്എഫ് ‘മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേട്ടക്കാരായ 37 രാഷ്ട്രത്തലവന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉള്‍പ്പെടുത്തിയതായി റിപോര്‍ട്ട്.
പാരീസ് ആസ്ഥാനമായ ആര്‍എസ്എഫ് ലോകത്തിലെ 180 രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയതില്‍ ഇന്ത്യ 142-ാം സ്ഥാനത്താണ്.
വിശാലമായ മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള ശതകോടീശ്വരന്‍മാരായ ബിസിനസുകാരുമായുള്ള അടുത്ത ബന്ധം, ഭിന്നിപ്പിക്കുന്നതും അവഹേളിക്കുന്നതുമായ പ്രസംഗങ്ങളും ദേശീയതാ വാദത്തിലൂന്നിയുള്ള ജനപ്രിയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ സഹായിച്ചെന്നാണ് റിപോര്‍ട്ട്.
മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്ന ലോകത്തിലെ പ്രമുഖ സര്‍ക്കാരേതരമായ (എന്‍ജിഒ) സംഘടനയാണ് ആര്‍എസ്എഫ്. പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍, സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മ്യാന്‍മാര്‍ സൈനിക മേധാവി മിന്‍ ആംഗ് ഹേലിംഗ്, ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍ എന്നിവര്‍ക്കൊപ്പമാണ് മോദിയും ഇടം പിടിച്ചത്.
മാധ്യമപ്രവര്‍ത്തകരെ ജയിലിടക്കുക, അല്ലെങ്കില്‍ അവര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുക, മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ നേരിട്ടോ അല്ലാതെയോ പ്രേരിപ്പിക്കുക തുടങ്ങി മാധ്യമ സ്വാതന്ത്രത്തിന് തടയിടുന്ന പ്രവര്‍ത്തനങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടാകുന്നതായാണ് റിപോര്‍ട്ട്. 2016 ന് ശേഷം ആദ്യമായാണ് ആര്‍എസ്എഫ് ഇത്തരമൊരു പട്ടിക പ്രസിദ്ധീകരിക്കുന്നത്. ‘വേട്ടക്കാര്‍’ എന്ന് പറയുന്ന പട്ടികയില്‍ പതിനേഴും പുതുതായി ഇടം പിടിച്ചവരാണ്. പട്ടികയിലുള്ള 37 പേരില്‍ 13 പേരും ഏഷ്യ-പസഫിക് മേഖലയില്‍ നിന്നുള്ളവരാണ്.

