വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വിദേശ വനിതകള്‍ നല്കിയ സൂചന അനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.
വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെട്ടാണ് നടപടിയെടുത്തത്. വര്‍ക്കല പൊലീസ് സ്റ്റേഷനിലാണ് വനിതകള്‍ പരാതി നല്‍കിയിരിക്കുന്നത്.
28/06/2021 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ തങ്ങൾക്ക് നേരെ ചിലർ നഗ്നതാ പ്രദർശനം നടത്തിയെന്നും അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഇവർ പറയുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു

