വ്യാജ വാർത്തകളുടെ പേരിൽ കർഷകരെ പ്രതിയാക്കി കേസുകൾ എടുത്ത് റവന്യൂ വകുപ്പ്

ഇടുക്കി: കർഷകരുടെ കൈവശ ഭൂമിയിൽ നിന്നും പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കുന്നു എന്ന് കാണിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ, ചിന്നക്കനാൽ വില്ലേജിൽ അധികാരികൾ കർഷകർക്കു നേരെ കേസെടുത്തു തുടങ്ങി. ചില വാർത്ത ഗ്രൂപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട വ്യാജവാർത്തകളെ തുടർന്നാണ് റവന്യൂ വകുപ്പിൻറെ നടപടി.


വയനാട്ടിലെ മരംമുറി സംഭവങ്ങൾ പുറത്തായതിന്റെ പിന്നാലെ കുടിയേറ്റ കർഷകരെ ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള വാർത്ത പ്രചരണങ്ങളുടെ ഭാഗമായിട്ടാണ് ചിന്നക്കനാലിലെ കർഷകരുടെ കൈവശഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റി എന്ന വ്യാജ വാർത്ത പ്രചരിച്ചത്. ഈ വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാതെ കൈവശകൃഷിക്കാരുടെ മേൽ നടപടി എടുക്കുകയാണ് റവന്യൂ വകുപ്പ്. നിരവധി പീഡനങ്ങൾക്കും അവഗണനകൾക്കും വിധേയരായ കർഷകരാണ് ചിന്നക്കനാലിലേത്. മറ്റെല്ലാ വില്ലേജുകളിലും കൈവശ കൃഷിക്കാർക്ക് പട്ടയം നൽകിയപ്പോൾ ചിന്നക്കനാലിൽ ഒരാൾക്കു പോലും പട്ടയം നൽകിയിട്ടില്ല. വില്ലേജിൽ നാമമാത്രമായി മാത്രമാണ് വനഭൂമി ഉള്ളത്. 25ഹെക്ടറിൽ താഴെ മാത്രമാണ് അതിൻറെ അളവ്. എന്നാൽ പതിറ്റാണ്ടുകളായി കൈവശംവെച്ച് കൃഷിചെയ്തുവരുന്ന കർഷകന്റെ ഭൂമിയിൽ വനംവകുപ്പ് അവകാശം ഉന്നയിക്കുകയും റവന്യൂ ഭൂമി പതിച്ച് നൽകാനുള്ള നടപടികൾ തടസ്സപ്പെടുകയുമാണ് ഉണ്ടായത്.


ഇതിന് പിന്നാലെയാണ് ഇപ്പോൾ ചിന്നക്കനാലിൽ കൈവശ കൃഷിക്കാരുടെ ഭൂമിയിൽ ഉണ്ടായിരുന്ന യൂക്കാലി മുറിച്ചുവെന്നു കാണിച്ച് പലരുടേയും പേരിൽ കേസെടുക്കാനുള്ള നടപടികൾ വില്ലേജ് ഓഫീസിൽ നടന്നുവരുന്നത്. ഉന്നതങ്ങളിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് കേസ് എടുക്കുന്നത് എന്നാണ് ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നത്. വർഷങ്ങൾക്കു മുമ്പ് മുറിച്ചു എന്ന് കാണിച്ചാണ് റിപ്പോർട്ടും കേസും ഉടലെടുക്കുന്നത്. മുറിച്ചതായി റവന്യൂ വകുപ്പ് ആരോപിക്കുന്നതാകട്ടെ ഏകവർഷ വിളയായ യൂക്കാലി ആണുതാനും. കൂടുതൽ കർഷകരുടെ കൈവശ ഭൂമിയിൽ കേസുകളും പ്രശ്നങ്ങളും സൃഷ്ടിച്ച് ഭൂവകാശവും പട്ടയവും നിഷേധിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്. കർഷകർ ആശങ്കയിലും കടുത്ത അമർഷത്തിലുമാണ്.


പട്ടയഭൂമിയിൽ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കുവാൻ നൽകിയ അനുമതിയുടെ മറവിൽ വയനാട്ടിലെ വനത്തിൽ നിന്ന് വൻ മരങ്ങൾ മുറിച്ചു നടത്തിയ സംഭവവുമായി യാതൊരു ബന്ധവും ഇല്ലാത്ത കർഷകർ ഇപ്പോൾ ആക്ഷേപങ്ങൾക്കും കുപ്രചരണങ്ങൾക്കും ഇരയായി കൊണ്ടിരിക്കുകയാണ്. ചിന്നക്കനാലിൽ 2002-ൽ എണ്ണൂറിലധികം ആദിവാസി കുടുംബങ്ങളെ ഭൂമി നൽകി കുടിയിരുത്തുകയുണ്ടായി. ഈ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിന് കാലാകാലങ്ങളിൽ തടസ്സങ്ങൾ ഉണ്ടായി. യൂക്കാലിയുെ പൈനും ആയിരുന്നു പട്ടയം നൽകിയ ഭൂമിയിൽ ഉണ്ടായിരുന്നത്. ഇത് മുറിച്ചു നീക്കാൻ വനംവകുപ്പ് തടസ്സം നിന്നതോടെ ലഭിച്ച ഭൂമിയിൽ കൃഷി ചെയ്യാനാകാതെ നല്ല പങ്കാളുകൾ ഭൂമി ഉപേക്ഷിച്ച് പോയി. അതേ സാഹചര്യം ഇപ്പോഴും തുടരുകയാണ്. പട്ടയം കൊടുത്ത് കുടിയിരുത്തിയ ആദിവാസികളുടെ കുടിപാർപ്പ് അട്ടിമറിച്ച വനം – റവന്യൂ ഉദ്യോഗസ്ഥർ ഇപ്പോൾ കൈവശ കൃഷിക്കാർക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്.
നിക്ഷിപ്ത താല്പര്യങ്ങളോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് കർഷക സംഘടനകൾ ആലോചിച്ചു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →