ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്

തിരുവനന്തപുരം: വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തി. വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റവതരണത്തിൽ പറഞ്ഞു.

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുളള ഓൺലൈൻ ക്ലാസുകളോടൊപ്പം അത്ത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ സംവിധാനം സൃഷ്ടിക്കും. ഇതിനായി പത്തുകോടി രൂപ അനുവദിക്കും.

കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർധിപ്പിക്കുന്നതിനായി യോഗ, മറ്റ് വ്യായാമ മുറകൾ ഉൾക്കൊളളിച്ചുകൊണ്ടുളള ഫിസിക്കൽ എജ്യുക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.

കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി അവരുടെ സൃഷ്ടികൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിക്കും. കുട്ടികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ്ങിനു സംവിധാനം ഉണ്ടാക്കും. കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനഃസംഘാടനത്തിന് പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് മൂന്നുമാസത്തിനകം സമർപ്പിക്കാൻ ഉന്നതാധികാരമുളള കമ്മിഷനെ നിയോഗിക്കാനുളള നടപടികൾ സ്വീകരിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ അടിസ്ഥാന വികസനത്തിനായി 10 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →