ഗാസയിലെ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ്സ് കെട്ടിടത്തിലേക്ക് ഇസ്രായേലിന്റെ ബോംബാക്രണം

ജറുസലേം: ഗാസയിലെ അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്രായേല്‍ സൈന്യം. 15/05/21 ശനിയാഴ്ച വൈകിട്ടാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിനിരയായ ബഹുനില കെട്ടിടത്തില്‍ അസോസിയേറ്റഡ് പ്രസ്സിന്റെയും അല്‍ജസീറയുടെയും ഓഫീസുകള്‍ കൂടാതെ നിരവധി അപ്പാര്‍ട്ടുമെന്റുകളുമുണ്ട്.

തുടര്‍ച്ചയായ ആറ് ദിവസമായി ഇസ്രായേല്‍ ഗാസയിലേക്ക് ബോംബാക്രമണം നടത്തുകയാണ്. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈനത്തിന്റെ നടപടി.

ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. രണ്ട് സെക്കന്റിനുള്ളില്‍ എല്ലാം അപ്രത്യക്ഷമായെന്നായിരുന്നു ആക്രമണത്തെക്കുറിച്ച് അല്‍ജസീറ ലേഖകന്‍ സഫ്വത് അല്‍ കഹ്ലൗട്ടിന്റെ പ്രതികരണം.

മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രായേല്‍ നടപടി യുദ്ധക്കുറ്റമായി കാണണമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് അഭിപ്രായപ്പെട്ടു.

അതേസമയം, ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →