മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്ജെൻഡര്‍ സ്ഥാനാര്‍ത്ഥി അനന്യ അലക്സ്. പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അനന്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അനന്യ.
പാര്‍ട്ടി തട്ടികൂട്ടാണെന്നും വേങ്ങര മണ്ഡലം പാര്‍ട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക് മാത്രമാണെന്നും അനന്യ 02/04/21 വെള്ളിയാഴ്ച പ്രതികരിച്ചു. മലപ്പുറത്ത് പര്‍ദ്ദയിട്ട് നടക്കാന്‍ തന്നെ നിര്‍ബന്ധിച്ച് എന്നാല്‍ വഴങ്ങിയില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെൻഡര്‍ വ്യക്തിയാണ് അനന്യ.
പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പെരുമണ്‍ സ്വദേശിയായ താന്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായതെന്ന് അനന്യ തന്നെ പറഞ്ഞിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎസ്ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെഎസ്ആര് മേനോന് പറഞ്ഞിരുന്നു.

