ന്യൂഡൽഹി / 2026 / ഒക്ടോബർ 25
പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് ഒക്ടോബർ 26ന് പാർലമെന്റ് മന്ദിര സമുച്ചയത്തിൽ തുടക്കമാകും. രണ്ടുദിവസത്തെ സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള റഷ്യൻ പാർലമെന്ററി പ്രതിനിധിസംഘവുമായി ഉഭയകക്ഷി ചർച്ച നടത്തി. റഷ്യൻ ഫെഡറൽ അസംബ്ലിയുടെ അധോസഭയായ സ്റ്റേറ്റ് ഡൂമയുടെ അധ്യക്ഷൻ വ്യാചെസ്ലാവ് വൊളോഡിനാണ് സംഘത്തെ നയിച്ചത്. ആഗോള വേദികളിലെ സഹകരണം ശക്തമാക്കാനും ഭീകരവാദത്തെ നേരിടാൻ കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഊന്നൽ നൽകി. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനത്തിന് പാർലമെന്റുകളെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ഫോറത്തിന്റെ മുഖ്യവിഷയം.
ഇന്ത്യ–റഷ്യ സൗഹൃദത്തിന് വിശ്വാസത്തിന്റെ കരുത്ത്
ഇന്ത്യൻ പാർലമെന്റിനും 140 കോടി ഇന്ത്യക്കാർക്കും വേണ്ടി വൊളോഡിനെയും സംഘത്തെയും ഓം ബിർള സ്വാഗതം ചെയ്തു. പരസ്പര വിശ്വാസവും ബഹുമാനവും പൊതുവായ ആഗ്രഹങ്ങളുമാണ് ഇന്ത്യ–റഷ്യ സൗഹൃദത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച പ്രത്യേക സൗഹൃദമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ തുടർച്ചയായി നൽകുന്ന പിന്തുണയെ ബിർള അഭിനന്ദിച്ചു. ഭീകരവാദത്തെ നേരിടുന്നതിൽ അന്താരാഷ്ട്ര സമൂഹം ഐക്യവും ഉറച്ച നിലപാടും പ്രകടിപ്പിക്കണം. ആഗോള സമാധാനത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് 2027ൽ 80 വർഷം തികയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷവും മുൻഗണനയുള്ളതുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമായെന്നും ബിർള പറഞ്ഞു.
യുവജനങ്ങൾക്കും വനിതകൾക്കും കൂടുതൽ പങ്കാളിത്തം
പാർലമെന്റുകൾ തമ്മിലുള്ള നയതന്ത്ര ഇടപെടലുകളുടെ പ്രാധാന്യം ബിർള എടുത്തുപറഞ്ഞു. ലോക്സഭയും സ്റ്റേറ്റ് ഡൂമയും തമ്മിലുള്ള സ്ഥാപനതല ബന്ധം തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഇന്ത്യ–റഷ്യ അന്തർപാർലമെന്ററി കമ്മിഷൻ യോഗങ്ങൾ പതിവായി നടത്തണം. പാർലമെന്ററി പ്രതിനിധിസംഘങ്ങളുടെ പരസ്പര സന്ദർശനങ്ങളും വർധിപ്പിക്കണം. പ്രത്യേകിച്ച് യുവജനങ്ങളും വനിതകളുമായ പാർലമെന്റ് അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2026ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയിൽ ജനകേന്ദ്രീകൃത സമീപനത്തിനായിരിക്കും പ്രാധാന്യമെന്നും ബിർള വ്യക്തമാക്കി. ബ്രിക്സ് പാർലമെന്റുകൾ തമ്മിലുള്ള സഹകരണം ശക്തമാക്കാൻ റഷ്യയുടെ സജീവ പങ്കാളിത്തവും അദ്ദേഹം തേടി. കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവും ഉൾപ്പെടെയുള്ള ഇന്നത്തെ ആഗോള വെല്ലുവിളികൾ നേരിടാൻ കൂട്ടായ ശ്രമം വേണം. മാറുന്ന ലോകസാഹചര്യങ്ങളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാൻ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ പരിഷ്കാരങ്ങൾ വേണമെന്ന ആവശ്യവും ബിർള ആവർത്തിച്ചു. സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാൻ റഷ്യ തുടർച്ചയായി നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
വ്യാപാരം മുതൽ ആണവോർജം വരെ സഹകരണം
ആണവോർജം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനുള്ള അവസരങ്ങളും ബിർള ചൂണ്ടിക്കാട്ടി. സാംസ്കാരിക കൈമാറ്റങ്ങളും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ പ്രധാന തൂണുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെയും റഷ്യയിലെയും ജനങ്ങൾക്കിടയിലെ ആഴത്തിലുള്ള സ്നേഹവും സൗഹൃദവും സഹകരണം വിപുലീകരിക്കാൻ ഉറച്ച അടിത്തറ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം, വ്യവസായം, കൃഷി എന്നിവയിൽ സഹകരണസാധ്യതകൾ വർധിക്കുന്നതായി വൊളോഡിൻ പറഞ്ഞു. സംയുക്ത വ്യാപാരസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണം. ഉഭയകക്ഷി വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള തടസ്സങ്ങൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിക്സ് പോലുള്ള ബഹുരാഷ്ട്ര വേദികളിലൂടെയും സ്റ്റേറ്റ് ഡൂമയും ഇന്ത്യൻ പാർലമെന്റും തമ്മിൽ പതിവായി ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരികവും മാനുഷികവുമായ മേഖലകളിലെ സഹകരണം ശക്തമാക്കാനും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കാനും റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് വൊളോഡിൻ ആവർത്തിച്ചു. ഇന്ത്യ–റഷ്യ ബന്ധത്തിന്റെ ഭാവിയിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തുടർച്ചയായ പാർലമെന്ററി ഇടപെടലുകളും വിവിധ മേഖലകളിലെ അടുത്ത സഹകരണവും ദീർഘകാല പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ക്യൂബ, ഈജിപ്ത്, ബെലാറൂസ് എന്നീ രാജ്യങ്ങളുടെ പാർലമെന്ററി പ്രതിനിധിസംഘങ്ങളുമായും ബിർള കൂടിക്കാഴ്ച നടത്തി. പരസ്പരം പ്രയോജനകരവും ഫലപ്രദവുമായ ചർച്ചകളാണ് നടന്നത്.
നാല് ഉന്നതതല സമ്മേളനങ്ങൾ; സമാപനം 27ന്
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുക്കും. സന്ദർശക പ്രതിനിധിസംഘങ്ങളുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെന്റുകളെ ശക്തിപ്പെടുത്തുക എന്ന മുഖ്യവിഷയത്തിലാണ് ഫോറത്തിലെ ചർച്ചകൾ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ വിഷയങ്ങളിൽ നാല് ഉന്നതതല സമ്മേളനങ്ങൾ നടക്കും. സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള സംവാദത്തിന് ഇവ വേദിയൊരുക്കും. ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളി രാജ്യങ്ങളിലെയും പാർലമെന്റുകളുടെ വിദേശകാര്യ സമിതി അധ്യക്ഷന്മാരുടെ പ്രത്യേക യോഗവും നടക്കും. പാർലമെന്ററി നയതന്ത്രം, ശേഷിവികസനം, മികച്ച പ്രവർത്തനരീതികളുടെ കൈമാറ്റം എന്നിവ യോഗം ചർച്ച ചെയ്യും. ഉന്നതതല പൊതുസമ്മേളനങ്ങൾക്കും സമാന്തര യോഗങ്ങൾക്കും ഉഭയകക്ഷി ചർച്ചകൾക്കുമൊപ്പം സാംസ്കാരിക പരിപാടിയും ഉണ്ടാകും. വിശിഷ്ടാതിഥികൾക്ക് ആദരമായി ഇന്ത്യയുടെ ഉപരാഷ്ട്രപതി വിരുന്നൊരുക്കും. ഒക്ടോബർ 27ന് സമ്മേളനം സമാപിക്കും.
.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.