ഇറ്റാനഗർ / 2026 / നവംബർ 22
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ സഹകരണ സംഗമത്തിൽ പങ്കെടുക്കും. ഞായറാഴ്ച ദോർജി ഖണ്ഡു സംസ്ഥാന കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്കും തുടക്കമിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകാർ സെ സമൃദ്ധി’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി അമിത് ഷായുടെ നേതൃത്വത്തിലാണ് ഈ നീക്കം. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സ്വയംപര്യാപ്തമാക്കാനും കൂടുതൽ ആളുകളെ മേഖലയിലേക്ക് കൊണ്ടുവരാനുമാണ് ലക്ഷ്യം. ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകുക, ഉപജീവന അവസരങ്ങൾ കൂട്ടുക, സ്ത്രീകളെ ശാക്തീകരിക്കുക, കൂടുതൽ പേർക്ക് ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ നടപടികളും പരിപാടിയുടെ ഭാഗമാണ്. മുഖ്യമന്ത്രി പേമ ഖണ്ഡു, കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, ഉപമുഖ്യമന്ത്രി ചൗന മേൻ, സംസ്ഥാന കൃഷിമന്ത്രി ഗബ്രിയേൽ ഡെൻവാങ് വാങ്സു എന്നിവരും മറ്റു പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസത്തിനും വൈദ്യുതിക്കും ഗ്രാമീണ റോഡുകൾക്കും വൻ പദ്ധതികൾ
ആകെ 5,610.95 കോടി രൂപയുടെ നാല് പ്രധാന വികസന പദ്ധതികൾക്കാണ് അമിത് ഷാ തുടക്കമിടുക. ‘മിഷൻ ശിക്ഷിത് അരുണാചൽ’ രണ്ടാം ഘട്ടത്തിന് 1,500 കോടി രൂപയാണ് വകയിരുത്തിയത്. മുഖ്യമന്ത്രിയുടെ സമഗ്ര സംസ്ഥാന വൈദ്യുതി വികസന പദ്ധതിക്കും സമഗ്ര ഗ്രാമീണ റോഡ് വികസന പദ്ധതിക്കും 2,000 കോടി രൂപ വീതം ചെലവിടും. വൈബ്രന്റ് വില്ലേജസ് പദ്ധതിയിൽ 11 അതിർത്തി ജില്ലകളിലായി 110.95 കോടി രൂപയുടെ 199 പദ്ധതികൾക്കും തുടക്കമിടും. ‘മിഷൻ സുരക്ഷ’യും അമിത് ഷാ ആരംഭിക്കും. വിദ്യാഭ്യാസം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനും അതിർത്തി മേഖലകളുടെ വികസനത്തിനും പൊതുജനക്ഷേമ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതികൾ. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സന്തുലിത വികസനത്തിന് ഇവ വേഗം കൂട്ടും.
ധാന്യം സൂക്ഷിക്കാൻ ഗോഡൗൺ, ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി
ഭക്ഷ്യധാന്യ സംഭരണ പദ്ധതിയിൽ റാഗ ലാംപ്സിൽ നിർമിച്ച ഗോഡൗൺ അമിത് ഷാ ഇറ്റാനഗറിലെ വേദിയിൽനിന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ പ്രാദേശിക സംഭരണ സൗകര്യം മെച്ചപ്പെടുകയും സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വിപുലമാകുകയും ചെയ്യും. അരുണാചൽ പ്രദേശ് സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്റെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ഇ-കൊമേഴ്സ് വെബ്പേജും അദ്ദേഹം പുറത്തിറക്കും. ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ലഭിക്കാനും വനിതാ സ്വയംസഹായ സംഘങ്ങളുടെ വരുമാന പ്രവർത്തനങ്ങൾ വിപുലമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ തുടക്കത്തിൽ മൊബൈൽ മെഡിക്കൽ വാൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന അമിത് ഷാ സരസ് മേളയും ഉദ്ഘാടനം ചെയ്യും. മേളയിലെ സ്റ്റാളുകൾ സന്ദർശിച്ച് വനിതാ സ്വയംസഹായ സംഘങ്ങളിലെയും സഹകരണ സംഘങ്ങളിലെയും അംഗങ്ങളുമായി സംസാരിക്കും. പ്രാദേശിക ഉൽപ്പന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ മേളയിൽ പരിചയപ്പെടുത്തും.
സഹകരണ മേഖലയ്ക്ക് 2047 വരെയുള്ള കാഴ്ചപ്പാട്
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള ‘അരുണാചൽ പ്രദേശ് കോഓപ്പറേറ്റീവ് വിഷൻ 2047’ അമിത് ഷാ പുറത്തിറക്കും. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഹകരണ സംഘങ്ങളെ ചടങ്ങിൽ ആദരിക്കും. നാംസായ് ക്ഷീര സഹകരണ സംഘത്തിന് സഹകരണ പുരസ്കാരം നൽകും. ലോവർ സുബൻസിരി മത്സ്യകർഷക സഹകരണ സംഘത്തെ മികച്ച മത്സ്യബന്ധന സഹകരണ സംഘമായി ആദരിക്കും. കൈത്തറി, വസ്ത്രനിർമാണ, നെയ്ത്ത് മേഖലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അംഗീകാരം കെംലി ലാംപ്സിന് നൽകും. മികച്ച പാക്സ്, ലാംപ്സ് വിഭാഗത്തിൽ ജാങ് ലാംപ്സിനാണ് അംഗീകാരം.
സഹകരണ സംഘങ്ങൾക്ക് വായ്പയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും
സഹകരണ സംഘങ്ങളുടെ സാമ്പത്തിക ശേഷിയും പ്രവർത്തനവും വിപുലമാക്കാൻ ചടങ്ങിൽ ധനസഹായവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ദേശീയ സഹകരണ വികസന കോർപ്പറേഷൻ ലാഗുൻ മൾട്ടിപർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് വായ്പാനുമതി സർട്ടിഫിക്കറ്റ് നൽകും. ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് പച്ചക്കറി വിത്തുകളുടെ ചെറിയ കിറ്റുകൾ വിതരണം ചെയ്യും. നബാർഡ് പോമ ജൂട്ട് ക്ഷീര, കന്നുകാലി പരിപാലന സഹകരണ സംഘത്തിന് മൈക്രോ എടിഎം നൽകും. അരുണാചൽ പ്രദേശ് സംസ്ഥാന സഹകരണ അപെക്സ് ബാങ്ക് ലിമിറ്റഡ് വാക്റോ ലാംപ്സിന് വായ്പാനുമതി സർട്ടിഫിക്കറ്റ് നൽകും. വനിതാ സ്വയംസഹായ സംഘങ്ങളുടെ ക്ലസ്റ്റർതല ഫെഡറേഷൻ രൂപവത്കരിച്ച ഖാംയെർ അനെ മൾട്ടിപർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കൈമാറും. ഈ നടപടികൾ വഴി സഹകരണ സംഘങ്ങൾക്ക് ധനകാര്യ സേവനങ്ങൾ കൂടുതൽ ലഭ്യമാകുമെന്നും സ്ഥാപനങ്ങളുടെ ശേഷിയും സാമ്പത്തിക പ്രവർത്തനങ്ങളും മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. പ്രാദേശിക വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹകരണ സ്ഥാപനങ്ങളെ ആധുനിക ധനകാര്യ, ഡിജിറ്റൽ സേവനങ്ങളുമായി ബന്ധിപ്പിക്കാനും സംഗമം അവസരമൊരുക്കും.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.