ന്യൂഡൽഹി / 2026 / നവംബർ 22
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഷാങ്ഹായ് സഹകരണ സംഘടനാ നാഗരിക സംവാദ വേദിയുടെ രണ്ടാം ദിനത്തിൽ കലയും വാസ്തുവിദ്യയും ചരിത്രപരമായ വ്യാപാരബന്ധങ്ങളും ചർച്ചയായി. നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിലാണ് സമ്മേളനം. കേന്ദ്ര സാംസ്കാരിക, വിനോദസഞ്ചാര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആദ്യ രണ്ട് സംയുക്ത ചർച്ചകൾക്ക് അധ്യക്ഷത വഹിച്ചു. അംഗരാജ്യങ്ങളിൽനിന്നും സംവാദ പങ്കാളി രാജ്യങ്ങളിൽനിന്നുമുള്ള മന്ത്രിമാർ, മുതിർന്ന പ്രതിനിധികൾ, അക്കാദമിക് രംഗത്തുള്ളവർ, ചരിത്രകാരന്മാർ, കലാ സാംസ്കാരിക വിദഗ്ധർ എന്നിവർ പങ്കെടുത്തു. നാഗരികതകളുടെ സാംസ്കാരിക ആവിഷ്കാരങ്ങളും പൊതുവായ കലാപാരമ്പര്യവും സാംസ്കാരിക കൈമാറ്റവും പഴയ ബന്ധങ്ങളും പകൽ മുഴുവൻ നീണ്ട ചർച്ചകളിൽ വിഷയമായി.

പഴയ ബന്ധങ്ങളിൽനിന്ന് പുതിയ സഹകരണത്തിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 20-നാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അംഗരാജ്യങ്ങൾക്കിടയിലെ സാംസ്കാരിക ബന്ധം ശക്തമാക്കുക, പൊതുവായ നാഗരിക പൈതൃകത്തിലൂടെ പരസ്പര ധാരണയും സഹകരണവും വളർത്തുക, സാംസ്കാരിക സംവാദത്തിന് പുതിയ അവസരങ്ങൾ തുറക്കുക എന്നിവയാണ് ലക്ഷ്യം. ഇന്ദിരാഗാന്ധി ദേശീയ കലാകേന്ദ്രമാണ് സമ്മേളനത്തിന്റെ വിജ്ഞാന പങ്കാളി. സ്വാഗത പ്രസംഗത്തിൽ ചർച്ചാവിഷയങ്ങൾ പരിചയപ്പെടുത്തിയ സാംസ്കാരിക മന്ത്രാലയ സെക്രട്ടറി വിവേക് അഗ്രവാൾ, സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രബന്ധങ്ങളും പൊതുവായ നാഗരിക മൂല്യങ്ങളും മനസ്സിലാക്കാനും ആശയങ്ങൾ കൈമാറാനും ഈ വേദി അവസരമൊരുക്കുന്നുവെന്ന് പറഞ്ഞു.
‘നാഗരികവും സാംസ്കാരികവുമായ ആവിഷ്കാരങ്ങൾ’ എന്ന വിഷയത്തിലെ ആദ്യ രണ്ട് സംയുക്ത ചർച്ചകൾക്ക് അധ്യക്ഷത വഹിച്ച ഷെഖാവത്ത്, ചരിത്രബന്ധങ്ങൾ രാജ്യങ്ങളെ അടുപ്പിച്ചെന്ന് പറഞ്ഞു. പരസ്പര ധാരണയും വിശ്വാസവും സൗഹൃദവും വളർത്താൻ സാംസ്കാരിക സഹകരണത്തിന് വലിയ ശേഷിയുണ്ടെന്നും ആ ബന്ധങ്ങൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. നവംബർ 20-ന് പ്രധാനമന്ത്രി ഓർമിപ്പിച്ച ‘ഓം സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം’ എന്ന വൈദിക പ്രാർഥനയുടെ ചൈതന്യമാണ് രണ്ടാം ദിനത്തിലെ ചർച്ചകൾക്ക് അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകാം, ഒരുമിച്ച് ചർച്ച ചെയ്യാം, നമ്മുടെ മനസ്സുകൾ ഒരേ താളത്തിലാകട്ടെ എന്നാണ് പ്രാർഥനയുടെ അർഥം. നാഗരികതകൾ ഇന്നും ജീവിക്കുന്ന പാരമ്പര്യങ്ങളാണെന്നും അവ പകർന്ന അറിവ് ഇന്നത്തെ ജീവിതത്തിന് വെളിച്ചവും വരുംതലമുറകൾക്ക് പ്രചോദനവുമാണെന്നും മന്ത്രി പറഞ്ഞു. സംവാദം, സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം, സാംസ്കാരിക കൈമാറ്റം, ഫലപ്രദമായ സഹകരണം എന്നിവയിലൂടെ പൊതുവായ അറിവും പൈതൃകവും കൂട്ടായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. നാഗരികതകളെ പരസ്പരം മനസ്സിലാക്കാനും സാംസ്കാരിക ബന്ധം ശക്തമാക്കാനും അംഗരാജ്യങ്ങൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ഈ വേദി ദീർഘകാലം സഹായിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പുരാന കിലയുടെ ഒരേ മതിലിൽ രണ്ടു പാരമ്പര്യങ്ങൾ
പുരാന കിലയിൽ നടത്തിയ ഖനനത്തിൽ വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തിയ കാര്യം പാകിസ്താന്റെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ഏകോപന മന്ത്രി ഡോ. മുസദ്ദിഖ് മസൂദ് മാലിക് ചൂണ്ടിക്കാട്ടി. പ്രതിനിധികൾ ഇരുന്ന കോട്ട തന്നെ ഇന്ത്യയുടെ പങ്കിട്ട സാംസ്കാരിക പൈതൃകവും വൈവിധ്യവും പറയുന്ന ജീവിക്കുന്ന കഥയാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിൽനിന്നെത്തിയ തിമൂറി വംശജനായ ഹുമയൂണാണ് കോട്ടയ്ക്ക് അടിത്തറയിട്ടത്. അഫ്ഗാനിസ്ഥാനിൽനിന്നെത്തിയ ഷേർഷാ സൂരി നിർമാണം മുന്നോട്ടുകൊണ്ടുപോയി. ഒരേ മതിലിനുള്ളിൽ രണ്ടു ഭരണാധികാരികളുടെ കലയും സംസ്കാരത്തിന്റെ രണ്ടു അടരുകളും രണ്ടു പാരമ്പര്യങ്ങളുടെ അടയാളങ്ങളും കാണാം. ഈ വൈവിധ്യം ആഘോഷിക്കാനാണ് പ്രതിനിധികളെ ക്ഷണിച്ചതെന്നും സമ്മേളനത്തെ ‘തഹ്സീബ് കി ഗുഫ്തഗു’, അഥവാ ‘നാഗരികതകളുടെ സംവാദം’ എന്നു വിശേഷിപ്പിച്ചത് ഉചിതമായെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യത്തിനിടയിലാണ് സംവാദം നടക്കുന്നതെന്ന് മാലിക് പറഞ്ഞു. തലേദിവസം ഷെഖാവത്തുമായി നടത്തിയ സംഭാഷണം ഓർമിപ്പിച്ച അദ്ദേഹം, ആയിരക്കണക്കിന് വർഷങ്ങളായി ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പല അടരുകൾ ഈ മേഖലയിലെ ജീവിതരീതിയുടെ ഭാഗമാണെന്ന് പറഞ്ഞു. ഓരോ സ്വത്വത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. വ്യത്യസ്ത സ്വത്വങ്ങൾ തമ്മിലുള്ള സംവാദവും അത്രതന്നെ ആവശ്യമാണ്. പല ശബ്ദങ്ങളെയും സ്വത്വങ്ങളെയും ഒരുമിച്ചുകൊണ്ടുവന്ന് ആശയങ്ങൾ സ്വതന്ത്രമായി കൈമാറാനാണ് പ്രതിനിധികൾ ഒത്തുകൂടിയത്. ഈ സ്വത്വങ്ങളെ അംഗീകരിച്ചും ബഹുമാനിച്ചും ഉൾക്കൊണ്ടും ഒരുമിച്ച് മുന്നോട്ടുപോകുന്നതിലാണ് വിവേകവും ധൈര്യവുമെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷയ്ക്കപ്പുറം യുവജനങ്ങളും സംസ്കാരവും ചർച്ചയിൽ
ആദ്യ ചർച്ചയിലെ കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറിയും എസ്സിഒ ദേശീയ ഏകോപകനുമായ അലോക് ദിംരി ചുരുക്കി അവതരിപ്പിച്ചു. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയ സമീപനത്തിനപ്പുറം സംഘടന മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ചർച്ചയിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. സാംസ്കാരിക കൂട്ടായ്മകൾ, കാലാവസ്ഥ, യുവജനങ്ങൾ, ഡിജിറ്റൽവത്കരണം, സംയുക്ത പദ്ധതികൾ എന്നിവ പൊതുവായ ചർച്ചാവിഷയങ്ങളായി ഉയർന്നുവന്നു. സംസ്കാരത്തെ ഭരണകൂടത്തിന്റെയും സർക്കാർ സ്ഥാപനങ്ങളുടെയും പരിധിക്കപ്പുറം ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മനസ്സുകളെ അടുപ്പിക്കാൻ ഈ വേദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അസർബൈജാൻ സാംസ്കാരിക മന്ത്രി ആദിൽ കരിംലി, നേപ്പാൾ സാംസ്കാരിക, വിനോദസഞ്ചാര, സിവിൽ വ്യോമയാന മന്ത്രി ഖഡ്ഗ രാജ് പൗഡൽ എന്ന ഗണേഷ്, പാകിസ്താൻ മന്ത്രി ഡോ. മുസദ്ദിഖ് മസൂദ് മാലിക്, താജിക്കിസ്താൻ സാംസ്കാരിക മന്ത്രി മത്ലുബഖോൻ അമോൻസോദ സത്തോറിയോൻ എന്നിവർ സംയുക്ത ചർച്ചയിൽ നിലപാടുകൾ പങ്കുവച്ചു. ബെലാറൂസ്, ഇറാൻ, കസാഖ്സ്ഥാൻ, കംബോഡിയ, കിർഗിസ്ഥാൻ, ലാവോസ്, റഷ്യ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. തുടർന്നുള്ള ചർച്ചയിൽ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പണ്ഡിതരും വിദഗ്ധരും നാഗരികതകൾ തമ്മിലുള്ള ചരിത്ര, സാംസ്കാരിക ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു. ഡൽഹി സർവകലാശാലയിലെ പേർഷ്യൻ വിഭാഗം പ്രൊഫസർ ചന്ദ്രശേഖർ, ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രൊഫസർ ശ്രീകാന്ത് കൊണ്ടപ്പള്ളി, ഭാരതപഠന ഗവേഷകൻ മേഘ് കല്യാണസുന്ദരം, ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിലെ സീനിയർ റിസർച്ച് ഫെലോ ഡോ. സഞ്ജീവ് കുമാർ, ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രൊഫസർ പുനീത് ഗൗർ എന്നിവർ സംസാരിച്ചു.
കലയും വാസ്തുവിദ്യയും രാജ്യങ്ങളെ ബന്ധിപ്പിച്ച വഴികൾ
ഉച്ചയ്ക്കുശേഷം നടന്ന മൂന്നാം ചർച്ച നാഗരികതകളുടെ കലയിലും വാസ്തുവിദ്യയിലുമുള്ള പൊതുവായ സൗന്ദര്യബോധത്തെക്കുറിച്ചായിരുന്നു. ‘പൊതുവായ സാംസ്കാരിക ചിത്രം’ എന്ന പേരിൽ നടന്ന ചർച്ചയിൽ എസ്സിഒ രാജ്യങ്ങൾ തമ്മിലുള്ള കലാ, വാസ്തുവിദ്യാ കൈമാറ്റങ്ങൾ പരിശോധിച്ചു. വിവിധ രാജ്യങ്ങളുടെ കലാപാരമ്പര്യങ്ങളും വാസ്തുശൈലികളും സാംസ്കാരിക സ്വാധീനങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചർച്ചയായി. ഇന്ത്യൻ പുരാവസ്തു സർവേ ഡയറക്ടർ ജനറൽ യദുബിർ സിങ് റാവത്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് കുമാർ മഞ്ജുൾ ചർച്ച നയിച്ചു. അസർബൈജാൻ സാംസ്കാരിക ഉപമന്ത്രി സാദത്ത് യൂസിഫോവ പ്രത്യേക പ്രഭാഷകയായിരുന്നു.
വ്യാപാരപ്പാതകളിലൂടെ വളർന്ന ബന്ധങ്ങൾ
കലയും വാസ്തുവിദ്യയും തന്നെയായിരുന്നു നാലാം ചർച്ചയുടെയും പൊതുവിഷയം. വ്യാപാരികളും സന്യാസിമാരും ഭരണാധികാരികളും സഞ്ചരിച്ച വ്യത്യസ്ത വഴികൾ സംസ്കാരങ്ങളെ എങ്ങനെ അടുപ്പിച്ചു എന്നതായിരുന്നു ഉപവിഷയം. യദുബിർ സിങ് റാവത്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ പുരാവസ്തു സർവേ അഡീഷണൽ ഡയറക്ടർ ജനറൽ ജാൻവി ശർമ ചർച്ച നയിച്ചു. വ്യാപാരപ്പാതകൾ, യാത്രികർ, ബുദ്ധ സന്യാസിമാർ, ഭരണാധികാരികൾ എന്നിവയിലൂടെ വിവിധ പ്രദേശങ്ങൾ തമ്മിൽ രൂപപ്പെട്ട ചരിത്രബന്ധങ്ങളും അവ സംസ്കാരത്തിലുണ്ടാക്കിയ സ്വാധീനവും ചർച്ച ചെയ്തു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
തുടർന്ന് പ്രതിനിധികൾ ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ ‘വെളിച്ചവും താമരയും, ബുദ്ധന്റെ തിരുശേഷിപ്പുകൾ’ എന്ന പ്രദർശനം സന്ദർശിച്ചു. സാംസ്കാരിക പരിപാടിക്കുശേഷം കേന്ദ്ര സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ഒരുക്കിയ ഔദ്യോഗിക അത്താഴത്തോടെയാണ് രണ്ടാം ദിനം അവസാനിച്ചത്. വിവിധ രാജ്യങ്ങളുടെ പൊതുവായ സാംസ്കാരിക പൈതൃകം, കല, വാസ്തുവിദ്യ, ചരിത്രബന്ധങ്ങൾ, നാഗരിക മൂല്യങ്ങൾ എന്നിവ പരിശോധിക്കാനും സഹകരണത്തിന് പുതിയ വഴികൾ കണ്ടെത്താനും രണ്ടാം ദിനത്തിലെ ചർച്ചകൾ സഹായിച്ചു.
.