ഹൈദരാബാദ് / 2026 / ഒക്ടോബർ 22
സംരംഭകത്വ പരിശീലനം, ശേഷിവികസനം, ഗവേഷണം, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കരുത്തേകി ദേശീയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ സ്ഥാപനം. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന് കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപനം ഇന്ത്യയിൽ നടത്തിയ 17,672 പരിശീലന പരിപാടികളിലൂടെ 6,07,497 പേർക്ക് പ്രയോജനം ലഭിച്ചു. ഒക്ടോബർ 21ന് പുറത്തുവിട്ട വിവരങ്ങളിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്നത്. മാറുന്ന വിപണിയിൽ സംരംഭങ്ങൾക്ക് മത്സരിക്കാനുള്ള കഴിവ് വർധിപ്പിക്കുകയാണ് ലക്ഷ്യം.
അറുപത്തിയാറ് വർഷമായി സംരംഭങ്ങൾക്ക് കൈത്താങ്ങ്
പ്രത്യേക പരിശീലനങ്ങൾ, ഗവേഷണം, വിദഗ്ധ ഉപദേശം, ശേഷിവികസനം, സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം എന്നിവയിലൂടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നടത്തിപ്പിനുള്ള കഴിവുകളും മെച്ചപ്പെടുത്തുന്നു. നൈപുണ്യവും പുതുമകളും മത്സരശേഷിയുമുള്ള സംരംഭകമേഖല വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശേഷിവികസന കമ്മീഷന്റെ ‘ഉത്കൃഷ്ട്’ ത്രീ സ്റ്റാർ അംഗീകാരവും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.
1960ൽ ന്യൂഡൽഹിയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലാണ് തുടക്കം. 1962ൽ ഹൈദരാബാദിലേക്ക് മാറ്റി. തുടർന്ന് സ്മോൾ ഇൻഡസ്ട്രി എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ രജിസ്റ്റർ ചെയ്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന നിയമം 2006ൽ വന്നതിനെത്തുടർന്ന് 2007ലാണ് ഇപ്പോഴത്തെ പേര് സ്വീകരിച്ചത്.

സംരംഭകർ, നയരൂപകർത്താക്കൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യവസായമേഖലയിലുള്ളവർ എന്നിവരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങളും വികസിപ്പിച്ചു. സംരംഭം തുടങ്ങൽ, ധനകാര്യം, വിപണനം, അന്താരാഷ്ട്ര വ്യാപാരം, ഡിജിറ്റൽ പരിവർത്തനം, സാങ്കേതികവിദ്യ സ്വീകരിക്കൽ, സുസ്ഥിര ബിസിനസ് രീതികൾ എന്നിവയിലാണ് സഹായം. തൊഴിലവസരങ്ങളും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയ്ക്കും ഇത് പിന്തുണ നൽകുന്നു.
നൂറ്റമ്പത് രാജ്യങ്ങളിലേക്ക് നീണ്ട പരിശീലനം
അന്താരാഷ്ട്ര തലത്തിൽ നടത്തിയ 550 പരിപാടികളിലൂടെ 150 രാജ്യങ്ങളിൽനിന്നുള്ള 11,032 എക്സിക്യൂട്ടീവുകൾക്ക് പരിശീലനം നൽകി. ഇന്ത്യയിൽ സംഘടിപ്പിച്ച 17,672 പരിപാടികളിൽ 6,07,497 പേർക്ക് പ്രയോജനം ലഭിച്ചു. നൈപുണ്യവികസനത്തിനായി നടത്തിയ 6,840 പരിപാടികളിലൂടെ 2,10,062 യുവാക്കൾക്കും പരിശീലനം നൽകി.
ചെറുകിട സംരംഭങ്ങളുടെ കൂട്ടായ വികസനത്തിനുള്ള 27 ക്ലസ്റ്റർ പദ്ധതികളും നടപ്പാക്കി. ബൗദ്ധികസ്വത്തവകാശ സഹായകേന്ദ്രങ്ങളിലൂടെ 235 സേവനങ്ങൾ നൽകി. സംരംഭ വികസനത്തിനും നയരൂപീകരണത്തിനും പിന്തുണയായി 962 ഗവേഷണപഠനങ്ങളും പൂർത്തിയാക്കി.

നിർമിതബുദ്ധിയും ഓൺലൈൻ വിപണനവും പഠനവിഷയങ്ങൾ
ഡിജിറ്റൽ സാങ്കേതികവിദ്യകളും വിപണിയുടെ പ്രതീക്ഷകളും ഉൽപ്പാദനരീതികളും മാറുന്നതിനനുസരിച്ച് പുതിയ മേഖലകളിലും സ്ഥാപനം പരിശീലനം നൽകുന്നു. ഡിജിറ്റൽ വിപണനം, ഇ കൊമേഴ്സ്, നിർമിതബുദ്ധി, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിർമാണം, ബൗദ്ധികസ്വത്തവകാശം, ഹരിത ഊർജം, സുസ്ഥിര സംരംഭരീതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും കൂടുതൽ വിപണികളിലെത്താനും മത്സരശേഷി നിലനിർത്താനും ഇവ സംരംഭങ്ങളെ സഹായിക്കുന്നു.
2026 മാർച്ചിൽ ഡിജിറ്റൽ വിപണനം, നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഓട്ടോമേഷൻ, ഇ കൊമേഴ്സ് എന്നിവയിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. തുടർന്ന് ഇൻഡസ്ട്രി 5.0 അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫാക്ടറികളെക്കുറിച്ചും ദേശീയ സമ്മേളനം നടത്തി. നിർമിതബുദ്ധി, വ്യവസായ ഉപകരണങ്ങളെ ഇന്റർനെറ്റിലൂടെ ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യ, ക്ലൗഡ് സാങ്കേതികവിദ്യ എന്നിവയ്ക്കായിരുന്നു ഊന്നൽ.
സംരംഭ വികസനത്തിലും നിർമാണത്തിലും പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാമെന്ന ചർച്ചകൾക്ക് ഈ സമ്മേളനങ്ങൾ വേദിയായി. പുതിയ ബിസിനസ് അവസരങ്ങളെക്കുറിച്ച് അവബോധം നൽകാനും സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരാനുള്ള വഴികൾ തേടാൻ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇത്തരം അറിവുപങ്കിടൽ പരിപാടികൾ സഹായിക്കുന്നു.
കൈത്തറ കമ്പനിക്ക് ഗൂഗിൾ വഴി പതിനാറ് ലക്ഷത്തിന്റെ ഓർഡർ
തെലങ്കാനയിലെ വനപർത്തിയിലുള്ള മഹാങ്കാളി ചന്ദ്രശേഖറിന്റെ അമർചിന്ത ഹാൻഡ്ലൂം വീവേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ അനുഭവം ഇതിന് ഉദാഹരണമാണ്. പരമ്പരാഗത പട്ടുതുണി സംരംഭമായ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് 2024–25ൽ നബാർഡിന്റെ പിന്തുണയോടെ സ്ഥാപനത്തിൽ അഞ്ചുദിവസത്തെ പരിശീലനം നേടി. തുടർന്ന് ഡിജിറ്റൽ ബ്രാൻഡിങ്ങും വിപണിയിലെത്താനുള്ള പ്രവർത്തനങ്ങളും ശക്തമാക്കാൻ ഒരുവർഷത്തെ തുടർസഹായവും ലഭിച്ചു.
ഇൻസ്റ്റഗ്രാം, വാട്സാപ്പ് ബിസിനസ്, ഗൂഗിൾ ബിസിനസ് പ്രൊഫൈൽ എന്നിവ ഉപയോഗിച്ചതിലൂടെ ഗൂഗിൾ വഴി 16 ലക്ഷം രൂപയുടെ ശ്രദ്ധേയമായ ഓർഡർ കമ്പനിക്ക് ലഭിച്ചു. വാർഷിക വിറ്റുവരവ് 2.8 കോടി രൂപയായി ഉയർന്നു. ഡിജിറ്റൽ സംവിധാനങ്ങൾ സ്വീകരിക്കുന്നത് പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് കൂടുതൽ വിപണികളിലെത്താനും സംരംഭം വളർത്താനും സഹായിക്കുമെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു.
ചെറുധാന്യ സംരംഭത്തിന്റെ വിറ്റുവരവ് പത്തിരട്ടിയായി
തെലങ്കാനയിലെ ശായംപേട്ടിൽനിന്നുള്ള വനിതാ സംരംഭക സുൻകിശാല സ്വരൂപയും ഡിജിറ്റൽ വിപണനത്തിലൂടെ ചെറുധാന്യ ഭക്ഷ്യസംരംഭം വളർത്തി. നബാർഡിന്റെ പിന്തുണയോടെ ദേശീയ സ്ഥാപനം നടപ്പാക്കിയ പദ്ധതിയിൽ ഡിജിറ്റൽ ബ്രാൻഡിങ്ങിലും വിപണനത്തിലും അഞ്ചുദിവസത്തെ പരിശീലനം നേടി. ഒരുവർഷത്തെ തുടർസഹായവും ലഭിച്ചു. ഇൻസ്റ്റഗ്രാം, ഗൂഗിൾ മൈ ബിസിനസ്, കാൻവ എന്നിവ ഉപയോഗിച്ച് ഓൺലൈൻ സാന്നിധ്യം വർധിപ്പിക്കുകയും കൂടുതൽ ഉപഭോക്താക്കളിലെത്തുകയും ഉൽപ്പന്നങ്ങളുടെ പ്രചാരണം ശക്തമാക്കുകയും ചെയ്തു.
ഇതോടെ പ്രതിമാസ വിറ്റുവരവ് 20,000 രൂപയിൽനിന്ന് രണ്ടു ലക്ഷം രൂപയായി ഉയർന്നു. പത്തിരട്ടി വളർച്ചയാണ് ഉണ്ടായത്. പ്രദേശത്തെ സ്ത്രീകൾക്ക് തൊഴിലവസരങ്ങളും ലഭിച്ചു. ഡിജിറ്റൽ ശാക്തീകരണത്തിലൂടെ വനിതകൾ നയിക്കുന്ന സംരംഭങ്ങളെ വളർത്താനും കൂടുതൽ പേരിലേക്ക് വളർച്ചയുടെ നേട്ടങ്ങൾ എത്തിക്കാനും കഴിയുന്നതിന്റെ ഉദാഹരണമാണിത്.
പരിശീലനം, ഗവേഷണം, സംരംഭ വികസനം, ഡിജിറ്റൽ ശാക്തീകരണം എന്നിവയിലൂടെ സംരംഭകരുടെ മത്സരശേഷിയും സുസ്ഥിര ഉപജീവന അവസരങ്ങളും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സ്ഥാപനം തുടരുന്നു. മാറുന്ന ബിസിനസ് സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ കഴിവുകളും അറിവും ഉപകരണങ്ങളും നൽകുകയാണ് സമീപനം. സ്വയംപര്യാപ്തവും പുതുമകൾ സ്വീകരിക്കുന്നതും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്നതുമായ ഇന്ത്യൻ സംരംഭകമേഖല വളർത്തുന്നതിൽ സ്ഥാപനം പങ്കുവഹിക്കുന്നു.