ന്യൂഡൽഹി / 2026 / ഒക്ടോബർ 22
വ്യാപാരം, നിക്ഷേപം, വ്യവസായ–സാങ്കേതിക സഹകരണം എന്നിവ ശക്തമാക്കാൻ കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ജർമനിയും നെതർലൻഡ്സും സന്ദർശിക്കും. ഒക്ടോബർ 22 മുതൽ 24 വരെ ജർമനിയിലും 24 മുതൽ 27 വരെ നെതർലൻഡ്സിലുമാണ് ഔദ്യോഗിക സന്ദർശനം. ഇരുരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുകയാണ് ലക്ഷ്യം. നൂറോളം വ്യവസായ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രതിനിധികളും മന്ത്രിയെ അനുഗമിക്കും. സർക്കാർതല ചർച്ചകൾ, വ്യവസായ കൂടിക്കാഴ്ചകൾ, നിക്ഷേപ ചർച്ചകൾ എന്നിവയിലൂടെയാണ് പുതിയ സഹകരണ സാധ്യതകൾ തേടുന്നത്.
ബെർലിനിൽ ആഗോള നേതാക്കളുമായി ചർച്ച
സന്ദർശനത്തിന്റെ ആദ്യഘട്ടത്തിൽ പീയൂഷ് ഗോയൽ ബെർലിൻ ഗ്ലോബൽ ഡയലോഗിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ നയരൂപകർത്താക്കളുമായും ആഗോള വ്യവസായ പ്രമുഖരുമായും അദ്ദേഹം ആശയവിനിമയം നടത്തും. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയും ഉൽപ്പാദന ശേഷിയും ചർച്ചയിൽ അവതരിപ്പിക്കും. പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന ആഗോള വിതരണ ശൃംഖലകൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന നിർണായക പങ്കും വിശദീകരിക്കും.
ഉച്ചകോടിക്കിടെ ജർമനിയുടെ സാമ്പത്തികകാര്യ–ഊർജ മന്ത്രിയുമായും ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ജർമൻ ഫെഡറൽ ചാൻസലറിയിലെ സാമ്പത്തിക–ധനനയ ഉപദേഷ്ടാവും ജി ഏഴ്, ജി ഇരുപത് കൂട്ടായ്മകളിലെ ഷെർപ്പയുമായ ഉദ്യോഗസ്ഥനുമായും ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
വ്യാപാരത്തിനും സാങ്കേതിക സഹകരണത്തിനും ഊന്നൽ
ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാര–നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിലാണ് ചർച്ചകളുടെ ശ്രദ്ധ. നൂതന എൻജിനിയറിങ്, പരിസ്ഥിതിസൗഹൃദ ഗതാഗതം, ശുദ്ധ സാങ്കേതികവിദ്യ എന്നിവയിലെ വ്യവസായ–സാങ്കേതിക സഹകരണം വേഗത്തിലാക്കുന്നതും പരിഗണിക്കും. പുരോഗമിക്കുന്ന ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിലൂടെ തുറക്കുന്ന വിപണിപ്രവേശന സാധ്യതകളും നിക്ഷേപ അവസരങ്ങളും പരിശോധിക്കും.
മന്ത്രിക്കൊപ്പമുള്ള ഇന്ത്യൻ വ്യവസായ പ്രതിനിധിസംഘത്തിന് ബെർലിനിൽ സമാന്തര പരിപാടികളുമുണ്ട്. ജർമൻ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുമാരുമായി മേഖലതിരിച്ചുള്ള വട്ടമേശ ചർച്ചകൾ നടത്തും. വാഹന വ്യവസായം, നൂതന ഉൽപ്പാദനം, അടിസ്ഥാനസൗകര്യം, ഊർജം, വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. കാർഷിക–ഭക്ഷ്യമേഖല, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, ആരോഗ്യപരിപാലനം, ഔഷധം, സമഗ്ര ആരോഗ്യസംരക്ഷണം എന്നിവയും ചർച്ചയാകും.
നിക്ഷേപത്തിനൊപ്പം ഗവേഷണ ബന്ധവും
ജർമനിയിൽ നിക്ഷേപം നടത്തുന്നതിനും പ്രവർത്തനം ആരംഭിക്കുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കാൻ ഇന്ത്യ–ജർമനി നിക്ഷേപ വട്ടമേശ ചർച്ചയിലും പ്രതിനിധിസംഘം പങ്കെടുക്കും. ജർമനി ട്രേഡ് ആൻഡ് ഇൻവെസ്റ്റുമായാണ് ഈ ചർച്ച.
ജർമനിയിലെ നൂതനാശയ–ഗവേഷണ സ്ഥാപനങ്ങളുമായും നയപഠന കേന്ദ്രങ്ങളുമായും പ്രതിനിധികൾ ആശയവിനിമയം നടത്തും. വ്യവസായ പരിവർത്തനം, ഡീപ്ടെക്, മൈക്രോ ഇലക്ട്രോണിക്സ്, നൈപുണ്യ വികസനം എന്നിവയാണ് വിഷയങ്ങൾ. ഇന്ത്യ–ജർമനി വ്യാപാരം, നിക്ഷേപം, പ്രതിസന്ധികളെ അതിജീവിക്കുന്ന വിതരണ ശൃംഖലകൾ എന്നിവയും ചർച്ച ചെയ്യും.
നെതർലൻഡ്സിൽ സർക്കാർതല കൂടിക്കാഴ്ചകൾ
നെതർലൻഡ്സിലെ ദ ഹേഗിൽ നടക്കുന്ന വിപുലമായ സർക്കാർതല ചർച്ചകൾക്ക് പീയൂഷ് ഗോയൽ നേതൃത്വം നൽകും. സാമ്പത്തികകാര്യ–കാലാവസ്ഥാ മന്ത്രിയുമായും വിദേശവ്യാപാര–വികസന സഹകരണ മന്ത്രിയുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. വ്യാപാരത്തിനുള്ള വഴികൾ വിപുലീകരിക്കുന്നതും പരിസ്ഥിതിസൗഹൃദ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനായുള്ള സംരംഭങ്ങളുമാണ് പ്രധാന വിഷയങ്ങൾ.
നോർത്ത് ഹോളണ്ടിലെ കിങ്സ് കമ്മീഷണറുമായും മന്ത്രി ചർച്ച നടത്തും. ഡച്ച് പാർലമെന്റിന്റെ വിദേശവ്യാപാര, യൂറോപ്യൻകാര്യ സമിതികളിലെ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും.
റോട്ടർഡാം തുറമുഖ സന്ദർശനവും ബിസിനസ് ഫോറവും
ഒക്ടോബർ 25ന് ഇന്ത്യൻ വ്യവസായ പ്രതിനിധിസംഘം റോട്ടർഡാം തുറമുഖം സന്ദർശിക്കും. തുറമുഖത്തെ ചരക്കുനീക്ക സംവിധാനങ്ങളും വിതരണ ശൃംഖലയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും നേരിൽ കാണും. ഒക്ടോബർ 26ന് ദ ഹേഗിൽ നടക്കുന്ന ഇന്ത്യ–നെതർലൻഡ്സ് ബിസിനസ് ഫോറത്തിൽ പീയൂഷ് ഗോയലും ഡച്ച് വിദേശവ്യാപാര–വികസന സഹകരണ മന്ത്രിയും ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ഫോറത്തിന് പിന്നാലെ ആറു മേഖലകളിലായി സമാന്തര വട്ടമേശ ചർച്ചകളും സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്ന കൂടിക്കാഴ്ചകളും നടക്കും. കാർഷിക–ഭക്ഷ്യ ഉൽപ്പന്നങ്ങളും ഭക്ഷ്യസംസ്കരണവും, ഉന്നത സാങ്കേതികവിദ്യയും നൂതനാശയങ്ങളും, സുസ്ഥിരതയും പുനരുപയോഗ ഊർജവും, ചരക്കുനീക്കവും വിതരണ ശൃംഖലകളുടെ ബന്ധവും ചർച്ചയാകും. ഉൽപ്പാദനം, ഔഷധം, തുണിത്തരങ്ങൾ, എൻജിനിയറിങ് ഉൽപ്പന്നങ്ങൾ എന്നിവയും സേവന–അനുബന്ധ മേഖലകളും ഇതിൽ ഉൾപ്പെടും.