പുണെ / 2026 / ഒക്ടോബർ 17
കാലാവസ്ഥാ ശാസ്ത്രത്തിലെ കണ്ടെത്തലുകൾ വിവിധ മേഖലകൾക്ക് പ്രയോജനപ്പെടുന്ന സേവനങ്ങളാക്കി മാറ്റാൻ പുണെയിൽ ആദ്യ പങ്കാളിത്ത കൂടിയാലോചനാ യോഗം നടന്നു. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയാണ് ഒക്ടോബർ 17ന് സ്വന്തം ക്യാമ്പസിൽ യോഗം സംഘടിപ്പിച്ചത്. ക്ലൈമറ്റ് സയൻസ് ഇൻടു സർവീസസ് ഫോർ ഇന്ത്യ ഫോറത്തിന്റെ നേതൃത്വത്തിലുള്ള യോഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എൺപതിലധികം സ്ഥാപനങ്ങളിൽനിന്നായി നൂറ്റമ്പതിലധികം പേർ പങ്കെടുത്തു. നയരൂപീകരണത്തിനും അറിവിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾക്കും സഹായിക്കുന്ന കാലാവസ്ഥാ സേവനങ്ങൾ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഗവേഷണഫലങ്ങൾ പ്രായോഗിക സേവനങ്ങളിലേക്ക്
കാലാവസ്ഥാ ശാസ്ത്രത്തിന്റെ സഹായത്തോടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ വികസിപ്പിക്കുന്നതും വിവിധ മേഖലകളിൽ ദിനാവസ്ഥാ, കാലാവസ്ഥാ വിവരങ്ങളുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതുമായിരുന്നു കൂടിയാലോചനയുടെ പ്രധാന വിഷയം. കേന്ദ്ര മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, സേവനങ്ങൾ നടപ്പാക്കുന്ന ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൗരസമൂഹം, സ്വകാര്യ മേഖല എന്നിവയുടെ പ്രതിനിധികൾ യോഗത്തിലെത്തി.
വിശിഷ്ടാതിഥികളെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ. സൂര്യചന്ദ്ര റാവു സ്വാഗതം പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി മുൻ ഡയറക്ടർ പ്രൊഫ. വി. കെ. ദധ്വാൾ മുഖ്യാതിഥിയായി സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ ഡോ. സുവർണ ഫഡ്നവിസ് കൂടിയാലോചനയുടെ രൂപരേഖ അവതരിപ്പിച്ചു.
രാജ്യത്തിന് കാലാവസ്ഥാ സേവന വിവരസംവിധാനം
രാജ്യത്തിന് ഒരു കാലാവസ്ഥാ സേവന വിവരസംവിധാനം ആവശ്യമായതെന്തുകൊണ്ടെന്ന് സാങ്കേതിക സെഷൻ ചർച്ച ചെയ്തു. ലോക കാലാവസ്ഥാ സംഘടനയുടെ കാലാവസ്ഥാ പ്രയോഗങ്ങളുടെയും സേവനങ്ങളുടെയും വിഭാഗം മുൻ മേധാവി ഡോ. രൂപ കുമാർ കൊല്ലി വിഷയത്തിൽ ആമുഖപ്രഭാഷണം നടത്തി. നയരൂപീകരണത്തിന് സഹായിക്കുന്ന കാലാവസ്ഥാ വ്യതിയാന വിവരങ്ങളുടെ ആവശ്യകതയെക്കുറിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ അമർദീപ് രാജു പ്രഭാഷണം നടത്തി.
ഇൻസ്റ്റിറ്റ്യൂട്ടും ഭൗമശാസ്ത്ര മന്ത്രാലയവും ലഭ്യമാക്കുന്ന ദിനാവസ്ഥാ, കാലാവസ്ഥാ വിവരാധിഷ്ഠിത ഉൽപ്പന്നങ്ങളും സെഷനിൽ അവതരിപ്പിച്ചു. കാലാവസ്ഥാ മാതൃകകൾ, വിവരശേഖരങ്ങൾ, അവയിൽനിന്ന് തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ. സ്വപ്ന പണിക്കൽ വിശദീകരിച്ചു.
ആരോഗ്യം മുതൽ തീരസുരക്ഷ വരെ ചർച്ചയിൽ
ഓരോ മേഖലയിലെയും വെല്ലുവിളികൾ നേരിടാൻ കാലാവസ്ഥാ ശാസ്ത്രം എങ്ങനെ ഉപയോഗിക്കാമെന്നത് പ്രത്യേക വിഷയസംഘങ്ങളായി തിരിഞ്ഞ് ചർച്ച ചെയ്തു. ജലവിഭവങ്ങളും ജലശാസ്ത്രവും, കൃഷിയും ഭക്ഷ്യസുരക്ഷയും, ദുരന്തനിവാരണവും അപകടസാധ്യത കുറയ്ക്കലും ചർച്ചാവിഷയങ്ങളായി. മഴ, കടുത്ത ചൂട്, കാട്ടുതീ തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആഘാതങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യ മേഖലയിലെ ആവശ്യങ്ങളും പരിശോധിച്ചു. ഊർജം, ധനകാര്യം എന്നീ മേഖലകളിൽ പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം, ഇൻഷുറൻസ്, സാമ്പത്തിക അപകടസാധ്യത വിലയിരുത്തൽ എന്നിവയും ചർച്ചയായി.
കാലാവസ്ഥാ പ്രവചനങ്ങളും സേവനങ്ങളും സംബന്ധിച്ച ചർച്ചയിൽ സമുദ്രത്തിലെ ഉഷ്ണതരംഗങ്ങൾ, സമുദ്രത്തിന്റെ ജൈവ ഉൽപ്പാദനക്ഷമത, തീരപ്രദേശങ്ങളുടെ അപകടസാധ്യത എന്നിവ ഉൾപ്പെട്ടു. നിരീക്ഷണങ്ങളിൽനിന്നുള്ള വിവരങ്ങളെ സേവനങ്ങളാക്കി മാറ്റാനുള്ള ചട്ടക്കൂടുകളും പരിശോധിച്ചു. ആശയങ്ങൾ പങ്കുവയ്ക്കാനും സംവദിക്കാനും അവസരം നൽകിയ സെഷനുകളിൽ ഓരോ മേഖലയ്ക്കും ആവശ്യമായ കാലാവസ്ഥാ വിവരങ്ങൾ, പ്രവർത്തനതലത്തിലെ വെല്ലുവിളികൾ, പ്രതീക്ഷകൾ എന്നിവ പ്രതിനിധികൾ വിശദീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങൾ, വിവരശേഖരങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചും അവയെ പ്രായോഗികമായി ഉപയോഗിക്കാവുന്ന സേവനങ്ങളാക്കി മാറ്റാനുള്ള സാധ്യതകളെക്കുറിച്ചും അവർ കൂടുതൽ മനസ്സിലാക്കി.
കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തം
ഭൗമശാസ്ത്ര മന്ത്രാലയം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, നാവികസേനാ ആസ്ഥാനം, ദേശീയ ദുരന്തപ്രതികരണ സേന, ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്ര ജല–വൈദ്യുത ഗവേഷണ കേന്ദ്രം, ദേശീയ ജല അക്കാദമി, റിസർവ് ബാങ്ക്, ദേശീയ ഇടക്കാല കാലാവസ്ഥാ പ്രവചന കേന്ദ്രം, ദേശീയ ധ്രുവ–സമുദ്ര ഗവേഷണ കേന്ദ്രം, ഇന്ത്യൻ ദേശീയ സമുദ്ര വിവരസേവന കേന്ദ്രം, ദേശീയ തീരദേശ ഗവേഷണ കേന്ദ്രം, ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ദേശീയ എപ്പിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവയും പങ്കാളികളായി.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ, സംസ്ഥാന പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ എന്നിവയിൽനിന്നും പ്രതിനിധികളെത്തി. പുണെ മുനിസിപ്പൽ കോർപ്പറേഷൻ, കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം, ഗോവ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, മധ്യപ്രദേശ് കാലാവസ്ഥാ വ്യതിയാന കേന്ദ്രം, ഗോവ സംസ്ഥാന കാലാവസ്ഥാ വ്യതിയാന സെൽ, അസം ക്ലൈമറ്റ് ചേഞ്ച് മാനേജ്മെന്റ് സൊസൈറ്റി, ബിഹാർ മൗസം സേവാ കേന്ദ്ര എന്നിവയ്ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മറ്റ് സംസ്ഥാന ഏജൻസികളും പങ്കെടുത്തു.
തുടർ സഹകരണത്തിന് തുടക്കമിട്ട് ഫോറം
ദ നേച്ചർ കൺസർവൻസി ഇന്ത്യ, വാട്ടർഷെഡ് ഓർഗനൈസേഷൻ ട്രസ്റ്റ്, ബെയ്ഫ് ഡെവലപ്മെന്റ് റിസർച്ച് ഫൗണ്ടേഷൻ, ടെർ പോളിസി സെന്റർ, സ്വയം ശിക്ഷൺ പ്രയോഗ്, ഡെവലപ്മെന്റ് സപ്പോർട്ട് സെന്റർ, നാം ഫൗണ്ടേഷൻ, എർത്ത്സൈറ്റ് ഫൗണ്ടേഷൻ, ഗ്രാം, ഇക്കോളജിക്കൽ സൊസൈറ്റി തുടങ്ങിയ സന്നദ്ധ, പൗരസമൂഹ സംഘടനകളും യോഗത്തിൽ പങ്കെടുത്തു. സാവിത്രിബായി ഫുലെ പുണെ സർവകലാശാല, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, ക്രിയ സർവകലാശാല എന്നിവയുടെ പ്രതിനിധികളും ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും ചർച്ചകളുടെ ഭാഗമായി.
കൂടിയാലോചനയിൽ ഉയർന്ന പ്രധാന ശുപാർശകൾ കാലാവസ്ഥാ ശാസ്ത്രം, സേവനങ്ങൾ, നയം, സമൂഹത്തിന്റെ ആവശ്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും. ശാസ്ത്രീയമായി ഉറപ്പുള്ളതും ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതും ഓരോ മേഖലയ്ക്കും അനുയോജ്യവുമായ കാലാവസ്ഥാ വിവരങ്ങളും സേവനങ്ങളും ഇന്ത്യയ്ക്കായി വികസിപ്പിക്കാനുള്ള തുടർച്ചയായ സഹകരണത്തിന്റെ തുടക്കമാണ് ഈ യോഗം. പരിപാടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
..