ന്യൂഡൽഹി / 2026 / ഒക്ടോബർ 16
ദേശീയ കായിക ഫെഡറേഷനുകൾക്ക് സഹായം നൽകുന്ന പരിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തന മാർഗനിർദേശങ്ങൾ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം പുറത്തിറക്കി. പതിനാറാം ധനകാര്യ കമ്മിഷൻ കാലയളവായ 2026–27 മുതൽ 2030–31 വരെ പദ്ധതി തുടരാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. ആകെ 7,386.74 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കായികതാരങ്ങളെ പ്രധാന രാജ്യാന്തര മത്സരങ്ങൾക്ക് സജ്ജരാക്കുന്നതിനൊപ്പം, 2030ലെ കോമൺവെൽത്ത് ഗെയിംസിനും 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും കരുത്തേകുന്ന പുതിയ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി.
പരിശീലനം മുതൽ ചികിത്സ വരെ സഹായം
ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, പാരാലിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയ പ്രധാന രാജ്യാന്തര മത്സരങ്ങൾക്കായി ഇന്ത്യൻ താരങ്ങളെ തയ്യാറാക്കുന്നതിനുള്ള മുഖ്യ സഹായ സംവിധാനമാണ് ഈ പദ്ധതി. പദ്ധതിയിലെ വിവിധ ഘടകങ്ങൾക്ക് നൽകുന്ന സഹായത്തിന്റെ മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്.
ദേശീയ പരിശീലന ക്യാമ്പുകൾ നടത്താനും അക്കാദമികളിൽ പരിശീലനം നൽകാനും സഹായം ലഭിക്കും. താരങ്ങളുടെ ഭക്ഷണം, താമസം, കായിക കിറ്റുകൾ, ഇൻഷുറൻസ്, കായികശാസ്ത്ര സേവനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. വിദേശ പരിശീലകർ, ഉയർന്ന പ്രകടനത്തിനായുള്ള ഡയറക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, കായികശാസ്ത്ര വിദഗ്ധർ, ഡോക്ടർമാർ തുടങ്ങിയവരെ നിയോഗിക്കുന്നതിനും പിന്തുണ നൽകും.
ദേശീയ പരിശീലന ക്യാമ്പുകൾ നടത്താനും അക്കാദമികളിൽ പരിശീലനം നൽകാനും സഹായം ലഭിക്കും. താരങ്ങളുടെ ഭക്ഷണം, താമസം, കായിക കിറ്റുകൾ, ഇൻഷുറൻസ്, കായികശാസ്ത്ര സേവനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. വിദേശ പരിശീലകർ, ഉയർന്ന പ്രകടനത്തിനായുള്ള ഡയറക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, കായികശാസ്ത്ര വിദഗ്ധർ, ഡോക്ടർമാർ തുടങ്ങിയവരെ നിയോഗിക്കുന്നതിനും പിന്തുണ നൽകും
വിദേശത്തെ പരിശീലനങ്ങളിലും രാജ്യാന്തര മത്സരങ്ങളിലും പങ്കെടുക്കാനും സഹായമുണ്ടാകും. സീനിയർ, ജൂനിയർ, സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളുടെ നടത്തിപ്പ്, താഴെത്തട്ടിലെയും ജൂനിയർ വിഭാഗത്തിലെയും താരങ്ങളുടെ വളർച്ച, ദേശീയ കായിക ഫെഡറേഷനുകളുടെ ഭരണവും നടത്തിപ്പും എന്നിവയ്ക്കും പദ്ധതി പിന്തുണ നൽകും
ഇന്ത്യയിൽ രാജ്യാന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം ഗണ്യമായി ഉയർത്തി. ഒരു രാജ്യാന്തര മത്സരം നടത്താൻ ദേശീയ കായിക ഫെഡറേഷനുകൾക്ക് പരമാവധി 50 കോടി രൂപ വരെ നൽകാം. മത്സരത്തിന്റെ സ്വഭാവം, പ്രാധാന്യം, പങ്കെടുക്കുന്ന രാജ്യങ്ങളുടെയും താരങ്ങളുടെയും എണ്ണം എന്നിവ പരിഗണിച്ചാകും തുക തീരുമാനിക്കുക. കായിക സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നിയുക്ത സമിതി ഫെഡറേഷനുകളുടെ നിർദേശങ്ങൾ വിലയിരുത്തും.
ദേശീയ ഗെയിംസിന്റെ പ്രാധാന്യവും അതിന് അനുയോജ്യമായ രീതിയിലും വലുപ്പത്തിലും മത്സരങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ച്, നടത്തിപ്പിന് പരമാവധി 50 കോടി രൂപ വരെ സഹായം നൽകാനും വ്യവസ്ഥയുണ്ട്. കായിക ഉപകരണങ്ങൾ, സമയം രേഖപ്പെടുത്തൽ, സ്കോറിങ്, ഫലനിർണയ സേവനങ്ങൾ, സാങ്കേതിക ഉദ്യോഗസ്ഥരുടെ പ്രതിഫലം, മത്സരങ്ങളുടെ സാങ്കേതിക നടത്തിപ്പ് എന്നിവയ്ക്കാണ് ഈ സഹായം.
വിദേശപരിശീലനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഒളിമ്പിക് പരിശീലന കേന്ദ്രങ്ങൾ
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വലിയ രാജ്യാന്തര മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന താരങ്ങൾ ഇപ്പോൾ ദേശീയ മികവിന്റെ കേന്ദ്രങ്ങൾ, അക്കാദമികൾ, സ്വകാര്യ കായിക സൗകര്യങ്ങൾ, വിദേശ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശീലിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നൽകാൻ അത്യാധുനിക കായികശാസ്ത്ര ഉപകരണങ്ങളോടുകൂടിയ ഒളിമ്പിക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി.
ഓരോ കേന്ദ്രവും ഒരു കായിക ഇനത്തിനായി മാത്രമായിരിക്കും പ്രവർത്തിക്കുക. മികച്ച ആധുനിക പരിശീലന സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും ഇവിടെ ഒരുക്കും. ഇതിലൂടെ ഇന്ത്യൻ താരങ്ങൾ വിദേശപരിശീലനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും. ഇത്തരം കേന്ദ്രങ്ങളിൽ പരിശീലിക്കുന്ന ഇന്ത്യയിലെ മുൻനിര താരങ്ങൾക്ക് പരിശീലകർ, സാങ്കേതിക ജീവനക്കാർ, കായികശാസ്ത്ര സേവനങ്ങൾ, പ്രത്യേക ഉപകരണങ്ങൾ, സാങ്കേതിക പിന്തുണ എന്നിവയ്ക്കുള്ള സഹായം ലഭിക്കും.
തദ്ദേശീയ കായിക ഇനങ്ങളെ ലോകവേദിയിലെത്തിക്കാൻ പിന്തുണ
ഇന്ത്യയുടെ ദീർഘകാല കായിക ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തദ്ദേശീയ കായിക ഇനങ്ങൾക്ക് ആഗോള പ്രചാരം നൽകാനുള്ള സഹായവും പരിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ ആഗോള മത്സരങ്ങളിൽ ഇവയെ പ്രദർശന ഇനങ്ങളായി ഉൾപ്പെടുത്താൻ ദേശീയ ഫെഡറേഷനുകൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകും.
മറ്റ് രാജ്യങ്ങളിൽ ഇത്തരം കായിക ഇനങ്ങളുടെ ദേശീയ ഫെഡറേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കും സഹായമുണ്ടാകും. ഇന്ത്യയിൽ ഓഫീസുകളുള്ള തദ്ദേശീയ കായിക ഇനങ്ങളുടെ രാജ്യാന്തര ഫെഡറേഷനുകൾക്കും ഭൂഖണ്ഡതല ഫെഡറേഷനുകൾക്കും ആവശ്യമായ പിന്തുണ നൽകുന്നതും ഈ ഘടകത്തിൽ ഉൾപ്പെടുന്നു.
ആഗോള ദക്ഷിണ രാജ്യങ്ങളുമായും ബഹുരാഷ്ട്ര കൂട്ടായ്മകളുമായും സഹകരണം
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്രങ്ങളിലും അതിന് പുറത്തും ഇന്ത്യയ്ക്ക് ഉയർന്ന പ്രകടനത്തിനായുള്ള കേന്ദ്രങ്ങളും പരിശീലന സൗകര്യങ്ങളുമുണ്ട്. സ്കോളർഷിപ്പുകൾ നൽകിയും കുറഞ്ഞ നിരക്കിൽ സൗകര്യങ്ങൾ ഉപയോഗിക്കാൻ അവസരമൊരുക്കിയും ആഗോള ദക്ഷിണ രാജ്യങ്ങളിലെ താരങ്ങൾക്കും പരിശീലകർക്കും പരിശീലനം നൽകാനാകും. ഇതിലൂടെ ഈ രാജ്യങ്ങളുടെ പ്രധാന കായിക പങ്കാളിയായി ഇന്ത്യക്ക് മാറാൻ കഴിയുമെന്ന കാഴ്ചപ്പാടിലാണ് രാജ്യാന്തര സഹകരണത്തിനുള്ള സഹായം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ബ്രിക്സ്, ബിംസ്റ്റെക് തുടങ്ങിയ ബഹുരാഷ്ട്ര കൂട്ടായ്മകൾക്കും സമാനമായ മറ്റ് കൂട്ടായ്മകൾക്കുമായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾക്കും സാമ്പത്തിക സഹായം നൽകും. കായികവുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ, യോഗങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, ശിൽപ്പശാലകൾ എന്നിവയുടെ നടത്തിപ്പിനും സഹായം ലഭിക്കും.
ഇന്ത്യയിൽ ഓഫീസുകളുള്ള അംഗീകൃത രാജ്യാന്തര, ഭൂഖണ്ഡതല കായിക സംഘടനകൾക്ക് പിന്തുണ നൽകാനും പ്രത്യേക ഘടകമുണ്ട്. കായിക സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നിയുക്ത സമിതിയുടെ ശുപാർശപ്രകാരം ഓരോ അപേക്ഷയും പ്രത്യേകം പരിഗണിക്കും. ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള ധനസഹായം ദേശീയ കായിക ഫെഡറേഷനുകൾക്കോ ദേശീയ ഒളിമ്പിക് കമ്മിറ്റിക്കോ അനുവദിക്കും.
.