ലണ്ടൻ, 2026 ഒക്ടോബർ 16 –
ബ്രിട്ടനിൽ 99 വയസ്സുള്ള വയോധികയെ വിശ്വാസത്തിലെടുത്ത് ഏകദേശം 9.6 കോടി രൂപ തട്ടിയെടുത്ത നഴ്സിനെ ജോലിയിൽ നിന്ന് സ്ഥിരമായി വിലക്കി. വെയിൽസിലെ ഫ്ലിന്റ്ഷയറിലുള്ള പരിചരണകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന റെബേക്ക ബർവുഡിനെതിരെയാണ് നടപടി. അഞ്ചുവർഷത്തിനിടെ വയോധികയുടെ പണവും സ്വത്തും ഉൾപ്പെടെ 7.7 ലക്ഷം പൗണ്ട് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് കാറും ക്യാമ്പർവാനും വാങ്ങുകയും സ്വന്തം വീട് നവീകരിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കും പണം ചെലവഴിച്ചതായി ആരോപണമുണ്ട്. ബ്രിട്ടനിലെ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിന്റെ ട്രൈബ്യൂണലാണ് റെബേക്കയെ നഴ്സിങ് രജിസ്റ്ററിൽ നിന്ന് നീക്കാൻ തീരുമാനിച്ചത്.
2002 മുതൽ നഴ്സായി രജിസ്റ്റർ ചെയ്തിരുന്ന റെബേക്ക, ബ്രിൻ യർ ഹൗൾ പരിചരണകേന്ദ്രത്തിലെ ഡെപ്യൂട്ടി മാനേജരായിരുന്നു. 2017ൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ഒറ്റപ്പെടലിലായ വയോധികയുമായി ഇവർ അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീട് വയോധികയെ തന്നിൽ ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കിയെന്നാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന വീട് സ്വന്തം പേരിലേക്ക് മാറ്റാൻ റെബേക്ക വയോധികയെ പ്രേരിപ്പിച്ചു. 2018ൽ വയോധികയെ പരിചരണകേന്ദ്രത്തിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങളും നടത്തി.
വയോധികയുടെ വിശ്വാസവും ഏകാന്തതയും മുതലെടുത്താണ് റെബേക്ക പണം കൈക്കലാക്കിയത്. ഏകദേശം രണ്ട് കോടി രൂപ എടിഎമ്മുകളിൽ നിന്ന് പിൻവലിച്ചു. സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികൾക്കും വൈദ്യുതി ഉൾപ്പെടെയുള്ള ബില്ലുകൾക്കും പ്രാദേശിക നികുതികൾക്കും ഈ പണം ഉപയോഗിച്ചു. കാറിനായി 25 ലക്ഷം രൂപയും ക്യാമ്പർവാനായി 11 ലക്ഷം രൂപയും വയോധികയിൽ നിന്ന് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ബാങ്കിന്റെ ഇടപെടലിൽ തട്ടിപ്പ് പുറത്തായി
2023 മാർച്ചിലാണ് സാമ്പത്തിക ചൂഷണം പുറത്തുവന്നത്. വയോധികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ തുടർച്ചയായി പിൻവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ നോർത്ത് വെയിൽസ് പൊലീസിനെ വിവരം അറിയിച്ചു. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ അക്കൗണ്ടിലെ നിയന്ത്രണം നീക്കാൻ റെബേക്ക വയോധികയെയും കൂട്ടി ബാങ്കിലെത്തി. പണം ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ വയോധികയെ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് റെബേക്ക ഭീഷണിപ്പെടുത്തുന്നത് ബാങ്ക് ജീവനക്കാർ കേട്ടതായും റിപ്പോർട്ടുണ്ട്.
2023 ഏപ്രിലിൽ വയോധികയോട് പണം തിരികെ നൽകാമെന്നും രേഖയിൽ ഒപ്പിടണമെന്നും റെബേക്ക പറയുന്നത് മറ്റൊരു നഴ്സ് കേട്ടു. തുടർന്ന് സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ആശങ്ക ഉയർന്നു. റെബേക്കയ്ക്ക് മേൽനോട്ടത്തിൽ മാത്രമേ വയോധികയെ സന്ദർശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ തീരുമാനിച്ചു.
പൊലീസിൽ പരാതി നൽകാൻ വയോധിക തയ്യാറായില്ല
2023 മേയിൽ നടത്തിയ സുരക്ഷാപരിശോധനയിൽ റെബേക്കയ്ക്കെതിരെ നടപടിയെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വയോധിക അറിയിച്ചു. റെബേക്ക തെറ്റുകൾ മനസ്സിലാക്കിയെന്നും തങ്ങളുടെ സൗഹൃദത്തിന് വിലയുണ്ടെന്നുമായിരുന്നു വയോധികയുടെ നിലപാട്. പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചില്ല.
എന്നാൽ 2023 ജൂണിൽ വിഷയം നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിന് കൈമാറി. തുടർന്ന് നടന്ന ട്രൈബ്യൂണൽ നടപടികളിലാണ് റെബേക്കയുടെ സാമ്പത്തിക ഇടപാടുകളും പെരുമാറ്റവും വിശദമായി പരിശോധിച്ചത്.
വയോധികയുടെ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു
വയോധികയുമായി പുറത്തേക്ക് യാത്ര പോകാനാണെന്ന് പറഞ്ഞാണ് കാറിനും ക്യാമ്പർവാനുമായി റെബേക്ക പണം വാങ്ങിയത്. മറ്റൊരു മഹാമാരി നിയന്ത്രണം വന്നാൽ വയോധികയ്ക്ക് തന്നോടൊപ്പം താമസിക്കാനാകുമെന്ന് പറഞ്ഞ് സ്വന്തം വീടിന്റെ വിപുലീകരണത്തിനും പണം സ്വന്തമാക്കി.
എന്നാൽ ആദ്യത്തെ മഹാമാരി നിയന്ത്രണം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വീടിന്റെ വിപുലീകരണത്തിനുള്ള പണം നൽകിയിരുന്നതായി ട്രൈബ്യൂണൽ കണ്ടെത്തി. സാമ്പത്തിക ചൂഷണത്തെ തുടർന്ന് വയോധികയുടെ അക്കൗണ്ടിൽ 23 മാസത്തെ പരിചരണച്ചെലവിന് ആവശ്യമായ പണം മാത്രമാണ് ശേഷിച്ചത്. അതിനുശേഷമുള്ള ചെലവ് പ്രാദേശിക ഭരണകൂടം വഹിക്കേണ്ട സാഹചര്യമുണ്ടായി.
റെബേക്കയ്ക്ക് ഇനി നഴ്സായി ജോലി ചെയ്യാനാകില്ല
ഇതിനിടെ വയോധിക മരണമടഞ്ഞു. അവരെ സ്വന്തം മുത്തശ്ശിയെപ്പോലെയാണ് കണ്ടിരുന്നതെന്നും അതുകൊണ്ടാണ് തൊഴിൽപരമായ ബന്ധത്തിന്റെ അതിരുകൾ കടന്നതെന്നുമായിരുന്നു റെബേക്കയുടെ വിശദീകരണം. എന്നാൽ ഈ വാദം ട്രൈബ്യൂണൽ അംഗീകരിച്ചില്ല.
വയോധികയുടെ ഏകാന്തതയും മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യവും മുതലെടുത്ത് ആസൂത്രിതമായ സാമ്പത്തിക ചൂഷണം നടത്തിയെന്നാണ് ട്രൈബ്യൂണലിന്റെ നിഗമനം. നഴ്സിങ് തൊഴിലിന്റെ ധാർമിക നിലവാരത്തിന് വിരുദ്ധമായ ഗുരുതരമായ പെരുമാറ്റമാണിതെന്നും ട്രൈബ്യൂണൽ വിലയിരുത്തി. ഇതേത്തുടർന്നാണ് റെബേക്കയെ നഴ്സിങ് രജിസ്റ്ററിൽ നിന്ന് നീക്കിയത്. ഇതോടെ ബ്രിട്ടനിൽ വീണ്ടും രജിസ്റ്റർ ചെയ്ത നഴ്സായി ജോലി ചെയ്യാൻ ഇവർക്ക് കഴിയില്ല.