റിയാദ്, 2026 ഒക്ടോബർ 14 –
ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി
സമൂഹമാധ്യമത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ ഹിന്ദു യുവാവിന് ആശ്വാസം. സൗദി അറേബ്യയിലെ സുപ്രീം കോടതിയാണ് 24 വയസ്സുകാരനായ അനോജൻ ശിവരാസയുടെ വധശിക്ഷ റദ്ദാക്കിയത്. ഒക്ടോബർ 13നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ച ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. മതനിന്ദ ആരോപിച്ച് സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന യുവാവിനെതിരെ എടുത്ത കേസിലാണ് നടപടി. ശ്രീലങ്കൻ സർക്കാരിന്റെ നയതന്ത്ര ഇടപെടലുകൾക്കും നിയമപോരാട്ടത്തിനും പിന്നാലെയാണ് അനുകൂല ഉത്തരവുണ്ടായത്.
ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മതനിന്ദക്കേസ്
ശ്രീലങ്കയിൽ ജൂൺ അവസാനത്തോടെ നടന്ന ഒരു സംഭവമാണ് കേസിന് തുടക്കമായത്. ഹിന്ദു തീർഥാടകരെ പിന്തുടർന്ന നായയെ ഒരു മുസ്ലിം യുവാവ് ചവിട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ തർക്കമുണ്ടായി. ഇതിനിടെ ഒരു ഉപയോക്താവ് ഹിന്ദു ദേവതയെ അപമാനിക്കുന്ന പരാമർശം നടത്തി. ഇതിന് മറുപടിയായി അനോജൻ ശിവരാസ തമിഴിൽ പ്രവാചകൻ മുഹമ്മദിനെക്കുറിച്ച് പരാമർശം നടത്തി. പിന്നീട് കമന്റ് നീക്കം ചെയ്യുകയും വീഡിയോയിലൂടെ മാപ്പുപറയുകയും ചെയ്തു. എന്നാൽ കമന്റിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചു. ശ്രീലങ്കയിലുള്ള ചിലർ സൗദിയിലെ തൊഴിലുടമയ്ക്ക് വിവരം കൈമാറിയതോടെയാണ് അധികൃതർ നടപടിയെടുത്തതെന്ന് അനോജന്റെ സഹോദരൻ ഹംസിദാൻ പറഞ്ഞു. തുടർന്ന് യുവാവിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്.
ആദ്യം അഞ്ചുവർഷം തടവ്; പിന്നീട് വധശിക്ഷ
ജൂലൈ 15ന് സൗദിയിലെ അൽ അഹ്സ ക്രിമിനൽ കോടതി അനോജന് അഞ്ചുവർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും വിധിച്ചു. ഏകദേശം എട്ട് ലക്ഷം അമേരിക്കൻ ഡോളറിന് തുല്യമായ തുകയാണിത്. എന്നാൽ സെപ്റ്റംബർ 17ന് അപ്പീൽ കോടതി ഈ ശിക്ഷ മാറ്റി ശരീഅത്ത് നിയമപ്രകാരം വധശിക്ഷ വിധിച്ചു. ഇതോടെ യുവാവിനെ രക്ഷിക്കാൻ ശ്രീലങ്കൻ സർക്കാർ നയതന്ത്രതലത്തിലും നിയമപരമായും ഇടപെടൽ ശക്തമാക്കി. സെപ്റ്റംബർ 21ന് അനോജന്റെ കുടുംബം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയെ കണ്ടു. മാപ്പ് ലഭ്യമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും നിയമനടപടികളുടെ ചെലവ് സർക്കാർ വഹിക്കുമെന്നും ഉറപ്പുനൽകി.
ശ്രീലങ്കൻ സർക്കാരിന്റെ നയതന്ത്ര ഇടപെടൽ ഫലം കണ്ടു
ശ്രീലങ്കയിലെ ആറ് തമിഴ്, മുസ്ലിം പാർലമെന്റ് അംഗങ്ങൾ സെപ്റ്റംബർ 24ന് സൗദി വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് യുവാവിനോട് കരുണ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബുദ്ധമത, ഹിന്ദു മതനേതാക്കളും ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. സൗദിയിലെ ശ്രീലങ്കൻ അംബാസഡർ അമീർ അജ്വാദ് ഒക്ടോബർ എട്ടിന് ദമ്മാം സെൻട്രൽ ജയിലിലെത്തി അനോജനെ സന്ദർശിച്ചു. സഹതടവുകാരന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റതിനെ തുടർന്നായിരുന്നു സന്ദർശനം. അഡീഷണൽ സോളിസിറ്റർ ജനറൽ ആസാദ് നവാവി ഉൾപ്പെടെയുള്ള പ്രത്യേക നിയമസംഘത്തെയും ശ്രീലങ്ക റിയാദിലേക്ക് അയച്ചു. ഒക്ടോബർ 11ന് സൗദി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ റദ്ദാക്കിയത്.
വധശിക്ഷ ഒഴിവായെങ്കിലും മോചനത്തിൽ അനിശ്ചിതത്വം
അനോജൻ ശിവരാസയുടെ വധശിക്ഷ റദ്ദാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജയിൽമോചനം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സൗദിയിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന നിയമപ്രകാരം ആദ്യം വിധിച്ച അഞ്ചുവർഷത്തെ തടവ് അനുഭവിക്കേണ്ടിവരുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. കേസിലെ കുറ്റക്കാരനെന്ന വിധി പൂർണമായും റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് വധശിക്ഷ ഒഴിവായെങ്കിലും യുവാവിന്റെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തമാകേണ്ടതുണ്ട്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.