ബക്സ (പശ്ചിമ ബംഗാൾ) / 2026 / ഒക്ടോബർ 3
പശ്ചിമ ബംഗാളിലെ ബക്സ കടുവാ സങ്കേതത്തിൽ കടുവകളെ തിരിച്ചെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഒക്ടോബർ രണ്ടിന് ആദ്യ പെൺകടുവയെ തുറന്നുവിട്ടു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുത്തു. ബിഹാറിലെ വാൽമീകി കടുവാ സങ്കേതത്തിൽനിന്നാണ് പെൺകടുവയെ എത്തിച്ചത്. ഏറെക്കാലമായി സ്ഥിരമായ കടുവാസാന്നിധ്യമില്ലാത്ത ബക്സയിൽ, സ്വാഭാവികമായി നിലനിൽക്കാനും പ്രജനനം നടത്താനും കഴിയുന്ന കടുവാസമൂഹത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയ ഇടപെടലുകളും പ്രദേശവാസികളുടെ പങ്കാളിത്തവും ചേർത്തുള്ള പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്.
വന്യജീവി വാരത്തിന് തുടക്കമായി കടുവയുടെ വരവ്
ഇന്ത്യയിലെ കടുവ സംരക്ഷണത്തിൽ സുപ്രധാന ചുവടുവെപ്പായ ഈ നടപടി, 2026ലെ വന്യജീവി വാരത്തിന്റെ തുടക്കത്തിനും പ്രത്യേകത നൽകി. ചരിത്രപരമായി കടുവകൾക്ക് പ്രധാനപ്പെട്ട ആവാസമേഖലയായ ബക്സയിൽ, ദീർഘകാലം നിലനിൽക്കാൻ കഴിയുന്ന കടുവാസമൂഹത്തെ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്കാണ് തുടക്കമായത്.
കടുവയെ തുറന്നുവിട്ടശേഷം ഭൂപേന്ദർ യാദവ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ആവാസമേഖലകളുടെയും ജീവിവർഗങ്ങളുടെയും സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പ്രാധാന്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ബക്സയിൽ കടുവയെ തിരിച്ചെത്തിക്കുമെന്ന സുപ്രധാന വാഗ്ദാനം നിറവേറ്റിയെന്നും വ്യക്തമാക്കി. ദൗത്യം വിജയിപ്പിക്കാൻ പിന്തുണ നൽകിയ ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും അദ്ദേഹം നന്ദി അറിയിച്ചു.
ആവാസമേഖലയുടെ തകർച്ച കടുവകളെ ബാധിച്ചു
വടക്കൻ ബംഗാളിലെ പ്രധാന കടുവാ ആവാസമേഖലയായിരുന്നു ബക്സ. 1983ലാണ് ഇതിനെ കടുവാ സങ്കേതമായി പ്രഖ്യാപിച്ചത്. ഭൂട്ടാനിലെയും അസമിലെയും വനങ്ങളുമായും സംരക്ഷിത പ്രദേശങ്ങളുമായും ബന്ധമുള്ള വലിയൊരു പരിസ്ഥിതി മേഖലയിലാണ് ബക്സ ഉൾപ്പെടുന്നത്.
എന്നാൽ, പതിറ്റാണ്ടുകൾക്കിടെ ആവാസമേഖലയുടെ തകർച്ചയും വനപ്രദേശങ്ങൾ പല ഭാഗങ്ങളായി വേർപിരിഞ്ഞതും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും ഇരമൃഗങ്ങളുടെ കുറവും കടുവകളുടെ നിലനിൽപ്പിനെ ബാധിച്ചു. ഇതോടെ സ്ഥിരമായി താമസിക്കുന്ന കടുവാസമൂഹം ദീർഘകാലം സങ്കേതത്തിൽ ഇല്ലാതായി.
ഈ സാഹചര്യം മാറ്റാൻ തുടർച്ചയായ ശാസ്ത്രീയ പ്രവർത്തനങ്ങളാണ് നടന്നത്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെയും ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടെ പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ച കടുവകളുടെ എണ്ണം വർധിപ്പിക്കാനും ആവാസമേഖല വീണ്ടെടുക്കാനുമുള്ള പദ്ധതി 2018 മുതൽ സംയുക്തമായി നടപ്പാക്കിവരുന്നു.
ആവാസമേഖല മെച്ചപ്പെടുത്തൽ, ഇരമൃഗങ്ങളുടെ എണ്ണം കൂട്ടൽ, സംരക്ഷണവും നിരീക്ഷണവും ശക്തിപ്പെടുത്തൽ, ശാസ്ത്രീയ വിലയിരുത്തൽ, പ്രവർത്തനശേഷി വർധിപ്പിക്കൽ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയത്. ഇരമൃഗങ്ങളുടെ ലഭ്യത കൂട്ടാൻ 800ലധികം പുള്ളിമാനുകളെ തുറന്നുവിട്ടു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏകദേശം 380 ഹെക്ടറിൽ പുൽമേടുകൾ പുനഃസ്ഥാപിക്കുകയോ പ്രദേശങ്ങളെ പുൽമേടുകളാക്കി മാറ്റുകയോ ചെയ്തു. ഇരമൃഗങ്ങളുടെ എണ്ണത്തിൽ അനുകൂലമായ മാറ്റമുണ്ടാകുന്നതായി ശാസ്ത്രീയ നിരീക്ഷണത്തിൽ കണ്ടെത്തി.
കടുവകളുടെ സ്വാഭാവിക സഞ്ചാരത്തിനും തെളിവ്
ദീർഘകാല നിരീക്ഷണത്തിൽ ഈ മേഖലയിലൂടെ കടുവകൾ സഞ്ചരിക്കുന്നതിന്റെ പ്രതീക്ഷ നൽകുന്ന തെളിവുകളും ലഭിച്ചു. 2021, 2023, 2026 വർഷങ്ങളിൽ ക്യാമറ കെണികളിൽ കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞു. 2023ൽ ചിത്രത്തിൽ പതിഞ്ഞ ഒരു കടുവ, അസമിലെ മാനസ് കടുവാ സങ്കേതത്തിലുള്ള കടുവയാണെന്ന് തിരിച്ചറിഞ്ഞു. സമീപ കടുവാ ആവാസമേഖലകൾക്കിടയിൽ സ്വാഭാവിക സഞ്ചാരം നടക്കുന്നുവെന്നതിന് ഇത് തെളിവായി.
ഈ സ്വാഭാവിക തിരിച്ചുവരവിന് പിന്തുണ നൽകാനാണ് ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത ശാസ്ത്രീയ ഇടപെടലുകൾ നടത്തുന്നത്. പെൺകടുവയെ തുറന്നുവിട്ടത്, നിരീക്ഷണഫലങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഘട്ടംഘട്ടമായ പദ്ധതിയുടെ ആദ്യപടിയാണ്.
പരിസ്ഥിതി സാഹചര്യം, മൃഗത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പരിപാലന ആവശ്യങ്ങൾ എന്നിവ വിലയിരുത്തിയശേഷമാണ് വാൽമീകിയിൽനിന്ന് പെൺകടുവയെ മാറ്റിയത്. ഇതിനായി നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ചു. തുറന്നുവിട്ട കടുവയെ ടെലിമെട്രി സംവിധാനവും ക്യാമറ കെണികളും നേരിട്ടുള്ള വനനിരീക്ഷണവും ഉപയോഗിച്ച് സൂക്ഷ്മമായി നിരീക്ഷിക്കും. സഞ്ചാരം, പുതിയ സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടൽ, ആരോഗ്യം, പെരുമാറ്റം എന്നിവ ഇതിലൂടെ വിലയിരുത്തും.
കടുവകൾക്ക് നിലനിൽക്കാനുള്ള സാഹചര്യം ഒരുക്കും
കടുവകളെ ബക്സയിൽ എത്തിക്കുക മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം. അവയ്ക്ക് ഇവിടെ സ്ഥിരതാമസമാക്കാനും പ്രജനനം നടത്താനും സ്വാഭാവികമായി നിലനിൽക്കുന്ന സമൂഹമായി വളരാനും ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് ഉദ്ദേശ്യം.
ശാസ്ത്രീയമായി ആവശ്യവും അനുയോജ്യവുമാണെന്ന് കണ്ടെത്തുന്നിടത്ത് കൂടുതൽ കടുവകളെ ഘട്ടംഘട്ടമായി എത്തിക്കും. ആവാസമേഖലയും ഇരമൃഗങ്ങളും ലഭ്യമാണോ, സംരക്ഷണത്തിനുള്ള ഒരുക്കങ്ങൾ മതിയാണോ, കടുവാസമൂഹത്തിന് ദീർഘകാലം നിലനിൽക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. നിരീക്ഷണഫലങ്ങളും വിദഗ്ധരുടെ ഉപദേശവും തുടർനടപടികൾക്ക് അടിസ്ഥാനമാകും.
പ്രദേശവാസികളുടെ പങ്കാളിത്തവും ഈ ശ്രമത്തിന്റെ കേന്ദ്രഘടകമാണ്. 64 പരിസ്ഥിതി വികസന സമിതികൾ അഥവാ സംയുക്ത വനപരിപാലന സമിതികളെ പദ്ധതിയിൽ പങ്കാളികളാക്കിയിട്ടുണ്ട്. ജനങ്ങളുമായുള്ള സംവാദം, ഉപജീവന അവസരങ്ങൾ, മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കൽ, സംരക്ഷണവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ജനങ്ങളിലെത്തിക്കൽ എന്നിവയ്ക്കാണ് ഊന്നൽ. കടുവകളുടെ തിരിച്ചുവരവ് പുരോഗമിക്കുമ്പോഴും ജനപങ്കാളിത്തവും സഹവർത്തിത്വത്തിനുള്ള ഫലപ്രദമായ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാകും.
വിജയത്തിന്റെ അളവ് തുറന്നുവിടുന്ന കടുവകളുടെ എണ്ണമല്ല
വടക്കൻ ബംഗാൾ, അസം, ഭൂട്ടാൻ എന്നിവയുമായുള്ള ബക്സയുടെ പരിസ്ഥിതി ബന്ധം, വലിയൊരു വനമേഖലയിലൂടെ വന്യജീവികൾക്ക് സഞ്ചരിക്കാനും മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാനും അവസരമൊരുക്കുന്നു. അതിനാൽ ബക്സയെ ശക്തിപ്പെടുത്തുന്നത് കടുവകളുടെ സംരക്ഷണത്തിനൊപ്പം വനങ്ങൾ, പുൽമേടുകൾ, ഇരമൃഗങ്ങൾ, വിശാലമായ ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണത്തിനും പ്രാധാന്യമുള്ളതാണ്.
പെൺകടുവയെ തുറന്നുവിട്ടത് ബക്സയുടെ സംരക്ഷണയാത്രയിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണ്. എത്ര കടുവകളെ തുറന്നുവിട്ടു എന്നതാകില്ല വിജയത്തിന്റെ അളവുകോൽ. സുരക്ഷിതമായ ആവാസമേഖലയും ആവശ്യത്തിന് ഇരമൃഗങ്ങളും ഫലപ്രദമായ സംരക്ഷണവും വനമേഖലകൾ തമ്മിലുള്ള ബന്ധവും ശാസ്ത്രീയ നിരീക്ഷണവും അർഥവത്തായ ജനപങ്കാളിത്തവും ഉറപ്പാക്കണം. ഇവയുടെ പിന്തുണയോടെ ആരോഗ്യത്തോടെ സ്വതന്ത്രമായി സഞ്ചരിക്കുകയും സ്വാഭാവികമായി നിലനിൽക്കുകയും ചെയ്യുന്ന കടുവാസമൂഹം കാലക്രമേണ രൂപപ്പെടുന്നതാണ് പദ്ധതിയുടെ വിജയം.

