ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 26
ഗുരുഗ്രാം മെട്രോ കണക്റ്റിവിറ്റി പദ്ധതി, അമൃത് 2.0, സിറ്റീസ് 2.0 എന്നിവയുടെ പുരോഗതി കേന്ദ്ര ഭവന-നഗരകാര്യ സഹമന്ത്രി ടോഖൻ സാഹു ന്യൂഡൽഹിയിലെ സങ്കൽപ് ഭവനിൽ അവലോകനം ചെയ്തു. ഓഗസ്റ്റ് 25നായിരുന്നു യോഗങ്ങൾ. പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുക, തടസ്സങ്ങൾ പരിഹരിക്കുക, പദ്ധതികളുടെ നേട്ടം ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുക എന്നിവയ്ക്കാണ് പ്രധാന ഊന്നൽ നൽകിയത്.
മില്ലേനിയം സിറ്റി സെന്ററിൽ നിന്ന് ഗുരുഗ്രാമിലെ സൈബർ സിറ്റിയിലേക്കുള്ള മെട്രോ കണക്റ്റിവിറ്റി പദ്ധതിയുടെ പുരോഗതിയും മന്ത്രി പരിശോധിച്ചു. ദ്വാരക എക്സ്പ്രസ് വേയിലേക്ക് ഒരു ശാഖയും പദ്ധതിയിലുണ്ട്. ഗുരുഗ്രാം മെട്രോ റെയിൽ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. വൈകുന്നേരം നടക്കാനിരുന്ന പ്രഗതി യോഗത്തിന് മുന്നോടിയായാണ് അവലോകനം നടത്തിയത്. പദ്ധതിയുടെ നിലവിലെ സ്ഥിതി, നിർമാണ പുരോഗതി, സമയബന്ധിതമായി പരിഹരിക്കേണ്ട പ്രധാന പ്രശ്നങ്ങൾ എന്നിവ യോഗത്തിൽ പരിശോധിച്ചു.
ഏജൻസികൾ തമ്മിൽ അടുത്ത ഏകോപനം വേണം
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രവീർ കുമാറും മന്ത്രാലയത്തിലെയും ബന്ധപ്പെട്ട സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പദ്ധതിയിലെ പുതിയ പുരോഗതി മന്ത്രിയെ അറിയിച്ചു. പദ്ധതി നടത്തിപ്പ്, ആസൂത്രണം, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ മേഖലകളിലെ പുരോഗതിയും വിശദീകരിച്ചു.
പദ്ധതി സമയബന്ധിതമായി മുന്നോട്ടുപോകണമെങ്കിൽ എല്ലാ ബന്ധപ്പെട്ട കക്ഷികളും അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ടോഖൻ സാഹു നിർദേശിച്ചു. ഉയർന്നുവരുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമൃത് 2.0യുടെ യഥാർഥ പരിധി 500 നഗരങ്ങൾ
അമൃത് വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അമൃത് 2.0യുടെ നടത്തിപ്പും പുരോഗതിയും മന്ത്രി വിലയിരുത്തി. ഭവന-നഗരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പത്താമത് റിപ്പോർട്ടിലെ നിരീക്ഷണങ്ങളും ചർച്ച ചെയ്തു. മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഇഷ കലിയയും മുതിർന്ന ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലെ നിരീക്ഷണങ്ങൾക്കും പ്രധാന കണ്ടെത്തലുകൾക്കുമുള്ള മന്ത്രാലയത്തിന്റെ മറുപടി അവതരിപ്പിച്ചു.
അമൃത് 2.0യുടെ സേവനപരിധി വിലയിരുത്തുമ്പോൾ പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള പരിധി കൂടി കണക്കിലെടുക്കണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അമൃത് പദ്ധതിയിൽ 500 നഗരങ്ങളാണുള്ളത്. ഈ നഗരങ്ങൾ റിപ്പോർട്ട് ചെയ്ത 2025ലെ കണക്കനുസരിച്ച് ഏകദേശം 7.41 കോടി നഗര കുടുംബങ്ങളാണ് ഈ പരിധിയിൽ വരുന്നത്. എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ വിലയിരുത്തലിൽ ഏകദേശം 4,900 നഗരങ്ങളിലെ 11.32 കോടി കുടുംബങ്ങളുടെ വിവരമാണ് പരിഗണിച്ചത്. ഇത് അമൃത് പദ്ധതിയുടെ നിശ്ചിത പരിധിയേക്കാൾ വിപുലമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അമൃത് നഗരങ്ങൾ റിപ്പോർട്ട് ചെയ്ത കണക്കുകൾ അനുസരിച്ച് പദ്ധതിയുടെ യഥാർഥ സേവനപരിധി ഏകദേശം 55 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു. മലിനജല ശൃംഖലയും സ്ഥലത്തുതന്നെയുള്ള ശുചിത്വ സംവിധാനങ്ങളും പരസ്പരം ഒഴിവാക്കേണ്ട രണ്ട് വിഭാഗങ്ങളായി കാണേണ്ടതില്ല. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയാൽ രണ്ടും ഒരുമിച്ച് നിലനിൽക്കാമെന്നും വ്യക്തമാക്കി.
മലിനജല പദ്ധതികൾക്ക് 71,133 കോടി രൂപ
മലിനജല-സെപ്റ്റേജ് അടിസ്ഥാനസൗകര്യങ്ങളുടെ പ്രാധാന്യം പദ്ധതികളുടെ എണ്ണം മാത്രം നോക്കി വിലയിരുത്താനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അംഗീകരിച്ച മൊത്തം പദ്ധതികളുടെ എണ്ണത്തിൽ മലിനജല-സെപ്റ്റേജ് പദ്ധതികൾ ഏകദേശം 6.8 ശതമാനം മാത്രമാണ്. എന്നാൽ അമൃത് 2.0 പ്രകാരം അംഗീകരിച്ച മൊത്തം 1,97,191 കോടി രൂപയുടെ പദ്ധതി ചെലവിൽ ഏകദേശം 71,133 കോടി രൂപ ഈ മേഖലയ്ക്കാണ്. അതായത് മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 36 ശതമാനം.
വലിയ നഗര അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പൊതുജനങ്ങളുടെ എതിർപ്പുകൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ, നിരാക്ഷേപ പത്രങ്ങൾ എന്നിവ കാരണം കാലതാമസം ഉണ്ടാകാം. ഇവയിൽ പലതും സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിൽ ഏകദേശം 47,230 കോടി രൂപയുടെ 394 മലിനജല പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇവ പൂർത്തിയാകുമ്പോൾ ഏകദേശം 48.76 ലക്ഷം കുടുംബങ്ങൾക്ക് പുതിയ മലിനജല കണക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള സംവിധാനങ്ങളുടെ നവീകരണത്തിലൂടെയും സേവനം മെച്ചപ്പെടുത്തുന്നതിലൂടെയും ഏകദേശം 60.59 ലക്ഷം കുടുംബങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കും.
അമൃത് 2.0യുടെ ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കാൻ തുടർച്ചയായ നിരീക്ഷണവും സംസ്ഥാനങ്ങളുമായും നഗര തദ്ദേശ സ്ഥാപനങ്ങളുമായും അടുത്ത ഏകോപനവും വേണമെന്ന് ടോഖൻ സാഹു പറഞ്ഞു. പദ്ധതി നടത്തിപ്പിലെ തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കണം. അംഗീകരിച്ച പദ്ധതികൾ ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെടുന്ന ഫലങ്ങളായി മാറണമെന്നും ഗുണമേന്മയുള്ള ജല-ശുചിത്വ അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്തെ നഗരങ്ങളിലെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സിറ്റീസ് 2.0യും മാലിന്യ സംസ്കരണവും അവലോകനം ചെയ്തു
സിറ്റീസ് 2.0യുടെ നടത്തിപ്പും പുരോഗതിയും മന്ത്രി പരിശോധിച്ചു. ഓരോ നഗരത്തിലെയും പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി. നഗരതലത്തിൽ സ്വീകരിച്ച നടപടികളും സംസ്ഥാന കാലാവസ്ഥാ സെല്ലുകളുടെ പുരോഗതിയും പരിശോധിച്ചു. കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ കഴിയുന്ന നഗരവികസനം ശക്തിപ്പെടുത്തുന്നതിനും പദ്ധതിയുടെ ലക്ഷ്യങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുമാണ് ഊന്നൽ നൽകിയത്.
ബിലാസ്പൂരിൽ നിർദേശിച്ചിട്ടുള്ള ഖരമാലിന്യ സംസ്കരണ നടപടികളും ഘടകങ്ങളും മന്ത്രി വിലയിരുത്തി. നഗരത്തിൽ സുസ്ഥിരവും കാര്യക്ഷമവും ശാസ്ത്രീയമായി ആസൂത്രണം ചെയ്തതുമായ മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും അവ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.
പ്രധാന നഗരവികസന പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ കാണാനും അളക്കാനും കഴിയുന്ന മാറ്റങ്ങളായി മാറണമെങ്കിൽ വിവിധ ഏജൻസികൾ തമ്മിൽ ശക്തമായ ഏകോപനവും തുടർച്ചയായ നിരീക്ഷണവും സമയബന്ധിതമായ തീരുമാനങ്ങളും അനിവാര്യമാണെന്ന് ടോഖൻ സാഹു ആവർത്തിച്ചു. 2047ലെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിന് അനുസരിച്ച് കൂടുതൽ വൃത്തിയുള്ളതും ഹരിതാഭവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതും ഭാവിക്കായി സജ്ജവുമായ നഗരങ്ങൾ നിർമ്മിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.