ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 25
ഗ്രാമീണ കുടിവെള്ള വിതരണ സംവിധാനങ്ങളുടെ നടത്തിപ്പിലും പരിപാലനത്തിലും ഗ്രാമപഞ്ചായത്തുകളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ കുടിവെള്ള-ശുചിത്വ വകുപ്പ് സുജൽ ഗ്രാം സംവാദിന്റെ പത്താം പതിപ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 25ന് നടന്ന ബഹുഭാഷാ സംവാദത്തിൽ നാല് ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളും നാട്ടുകാരും നേരിട്ട് പങ്കെടുത്തു. ജൽ ജീവൻ മിഷൻ 2.0യുടെ ഭാഗമായി ജനങ്ങളുടെ നേതൃത്വത്തിലുള്ള ജലഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറി അശോക് കെ.കെ. മീണയുടെ അധ്യക്ഷതയിലായിരുന്നു പരിപാടി. ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ കമൽ കിഷോർ സോൻ ഉൾപ്പെടെ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഗ്രാമങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പഠിക്കണം
ഗ്രാമീണ കുടിവെള്ള വിതരണത്തിലെ പ്രാദേശിക അനുഭവങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും പരിഹാരങ്ങളിൽ നിന്നും പഠിക്കേണ്ടത് പ്രധാനമാണെന്ന് അശോക് കെ.കെ. മീണ പറഞ്ഞു. സ്ഥിരമായ ജലവിതരണം, ജലത്തിന്റെ ഗുണനിലവാരം, ജനങ്ങളിൽ ബോധവത്കരണം, പരാതിപരിഹാരം, സാമ്പത്തിക നടത്തിപ്പ്, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഉപയോഗിച്ച വെള്ളത്തിന്റെ പരിപാലനം തുടങ്ങിയ മേഖലകളിൽ ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലവിതരണ സംവിധാനങ്ങളുടെ നടത്തിപ്പിലും പരിപാലനത്തിലും ഗ്രാമപഞ്ചായത്തുകൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജനപങ്കാളിത്തം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 73-ാം ഭേദഗതി പരാമർശിച്ച മീണ, ഫണ്ട്, ചുമതലകൾ, ഉദ്യോഗസ്ഥർ എന്നീ മൂന്ന് ഘടകങ്ങൾ പഞ്ചായത്തുകൾക്ക് ഫലപ്രദമായി കൈമാറേണ്ടതുണ്ടെന്നും പറഞ്ഞു. ഗ്രാമീണ കുടിവെള്ള സേവനം സുസ്ഥിരവും വിശ്വസനീയവുമാക്കാൻ ഗ്രാമ ജല-ശുചിത്വ സമിതികളിലൂടെയുള്ള ജനപങ്കാളിത്തം നിർണായകമാണ്. പ്രത്യേകിച്ച് സ്ത്രീകൾ, യുവാക്കൾ, മുൻ സൈനികർ എന്നിവരുടെ പങ്കാളിത്തം ജൽ ജീവൻ മിഷൻ 2.0യിൽ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാല് ഗ്രാമപഞ്ചായത്തുകളുടെ അനുഭവങ്ങൾ പങ്കുവച്ചു
നാല് ഗ്രാമപഞ്ചായത്ത് ആസ്ഥാന ഗ്രാമങ്ങളാണ് പത്താം പതിപ്പിലെ സംവാദത്തിൽ പങ്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമ ജല-ശുചിത്വ സമിതി അംഗങ്ങൾ, നാട്ടുകാർ, ജൽ സഹിയമാർ, ജൽ ബഹിനികൾ, ജൽ സഖികൾ, അങ്കണവാടി പ്രവർത്തകർ, വിദ്യാർഥികൾ, അധ്യാപകർ, പഞ്ചായത്തുകളിലെ മുൻനിര പ്രവർത്തകർ എന്നിവർക്കൊപ്പം സംസ്ഥാന ജൽ ജീവൻ മിഷൻ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മജിസ്ട്രേറ്റുമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ ജല-ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഓൺലൈൻ സംവാദത്തിൽ പങ്കെടുത്തു.
ജലവിതരണ പദ്ധതികളുടെ തടസ്സമില്ലാത്ത പ്രവർത്തനം, പ്രാദേശിക ഓപ്പറേറ്റർമാർക്ക് പരിശീലനം, ജലത്തിന്റെ ഗുണനിലവാരവും അണുനശീകരണവും, നടത്തിപ്പിലും പരിപാലനത്തിലും ജനപങ്കാളിത്തം, ഉപഭോക്തൃ നിരക്കിലൂടെയും വിവിധ പദ്ധതികളുടെ ഏകോപനത്തിലൂടെയും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ, പരാതിപരിഹാരം, ചോർച്ചയും ദുരുപയോഗവും തടയൽ, കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. വിശ്വസനീയമായ കുടിവെള്ള സേവനം ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പ്രാദേശിക ഉപജീവനം എന്നിവയിൽ ഉണ്ടാക്കുന്ന സ്വാധീനവും സംവാദത്തിൽ വിലയിരുത്തി.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പ്രാദേശിക മാതൃകകൾ
മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ വാസ്നോളി-ധനഗർവാഡ ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി മറാത്തിയിലായിരുന്നു സംവാദം. ജലവിതരണ സംവിധാനത്തിന്റെ പരിപാലനത്തിൽ നാട്ടുകാരുടെ സജീവ പങ്കാളിത്തമുണ്ടെന്ന് അവർ അറിയിച്ചു. വിദൂര, ആദിവാസി മേഖലകളിൽ ഉറവകളിൽ നിന്ന് വെള്ളം ലഭ്യമാക്കുന്നതിന് വനവും വന്യജീവികളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വെല്ലുവിളിയാണെന്ന് ജില്ലാ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങളിലൂടെ പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കുകയാണ്. ജലപ്രവാഹം നിയന്ത്രിക്കാൻ ഓട്ടോമാറ്റിക് ടൈമറുകൾ സ്ഥാപിച്ചതോടെ നാട്ടുകാർ ആഴത്തിലുള്ള വനമേഖലകളിലേക്ക് പോകേണ്ട സാഹചര്യം ഒഴിവായി. പദ്ധതിയിലൂടെ എല്ലാ വീടുകളിലും പൈപ്പ് കുടിവെള്ള കണക്ഷൻ ഉറപ്പാക്കുകയും വൈദ്യുതി ബിൽ പൂജ്യത്തിലാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വിദൂര ആദിവാസി മേഖലകളിൽ ചെറുതും പ്രാദേശികമായി കൈകാര്യം ചെയ്യാവുന്നതുമായ ജലവിതരണ പദ്ധതികൾ വേണമെന്ന് മീണ പറഞ്ഞു. പി.എം.-ജൻമൻ, ധർതി ആബ പദ്ധതികളിൽ നിന്ന് ധനസഹായം ഉപയോഗിക്കുന്നതും അദ്ദേഹം നിർദേശിച്ചു.
മധ്യപ്രദേശിലെ പന്ന ജില്ലയിലെ ചൗപ്ര ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ജൽ ജീവൻ മിഷൻ നടപ്പാക്കിയതോടെ വീടുകളിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതായി അറിയിച്ചു. സാങ്കേതിക ഓപ്പറേറ്റർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഫീൽഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കാൻ പരിശീലനം നേടിയ സ്ത്രീകൾ സമയബന്ധിതമായി ജലഗുണനിലവാര പരിശോധന നടത്തുന്നു. ഓരോ വീട്ടിൽ നിന്നും മാസം 100 രൂപ ഉപഭോക്തൃ നിരക്കായി പഞ്ചായത്ത് ഈടാക്കുന്നുണ്ട്. സുജലം ഭാരത് പദ്ധതിയുടെ ഭാഗമായി ജിയോടാഗിങ് പൂർത്തിയാക്കിയതായും ജലസേവനങ്ങളെക്കുറിച്ച് തത്സമയ പ്രതികരണം ശേഖരിക്കുന്നതായും ജില്ലാ-സംസ്ഥാന ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചായത്ത് ദർപ്പൺ ഡാഷ്ബോർഡിലൂടെ ഉപഭോക്തൃ നിരക്ക് ശേഖരണം സുതാര്യമായി തത്സമയം നിരീക്ഷിക്കാം. ജില്ലയിലെ ജലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, ജനപദുകൾ എന്നിവയുടെ പ്രകടനവും പങ്കാളിത്തവും വിഭാഗം തിരിച്ച് ഇതിലൂടെ അറിയാം.
ഉത്തർപ്രദേശിലും ഹരിയാനയിലും ജനപങ്കാളിത്തത്തിന് മുൻതൂക്കം
ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലെ നാൻമൗ ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി ഹിന്ദിയിലായിരുന്നു സംവാദം. ജൽ ജീവൻ മിഷനിലെ ഗാർഹിക പൈപ്പ് കണക്ഷനുകൾ സുരക്ഷിത കുടിവെള്ള ലഭ്യത ഗണ്യമായി മെച്ചപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. സ്കൂൾ വിദ്യാർഥിയുമായുള്ള സംവാദത്തിൽ സ്കൂൾ പരിസരത്ത് സ്ഥിരമായും ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെ വെള്ളം ഉപയോഗിക്കൽ, ജലസംരക്ഷണം, പദ്ധതിയുടെ ദീർഘകാല നിലനിൽപ്പിനായുള്ള ജനപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കാൻ ഗ്രാമസഭാ യോഗങ്ങൾ നടത്തുന്നുണ്ട്. ഓരോ വീട്ടിൽ നിന്നും മാസം 50 രൂപ ഉപഭോക്തൃ നിരക്കായി ശേഖരിക്കുന്നു.
ബാരാബങ്കിയിൽ ജില്ലാ ജല-ശുചിത്വ മിഷൻ യോഗങ്ങൾ പതിവായി നടത്തുന്നുണ്ട്. ജലസ്രോതസ്സുകൾ നിരീക്ഷിക്കാൻ മഴക്കാലത്തിന് മുമ്പും ശേഷവും വിലയിരുത്തൽ നടത്തുന്നു. ഭൂഗർഭജലനിരക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ജൽ സാരഥി ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഉപരിതല ജലത്തെ ആശ്രയിച്ചുള്ള പദ്ധതികളും വികസിപ്പിക്കുന്നുണ്ട്. ഈ സ്രോതസ്സുകളിൽ നിന്നുള്ള ജലവിതരണം 2027ൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിലെ തോഡി ഗ്രാമപഞ്ചായത്ത് ജലവിതരണ സംവിധാനത്തിന് ജനങ്ങളുടെ നേതൃത്വത്തിലുള്ള ശക്തമായ നടത്തിപ്പ്-പരിപാലന മാതൃക വികസിപ്പിച്ചിട്ടുണ്ട്. പൊതുവിഭാഗത്തിലെ വീടുകളിൽ നിന്ന് മാസം 40 രൂപയും പട്ടികജാതി, പിന്നാക്കവിഭാഗ വീടുകളിൽ നിന്ന് 20 രൂപയും ശേഖരിക്കുന്നു. ഈ തുക പൈപ്പ്ലൈൻ പരിപാലനത്തിനും ചോർച്ച പരിഹരിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. പ്രാദേശികമായി നിയമിച്ച പമ്പ് ഓപ്പറേറ്റർമാരും പ്ലംബർമാരും ചോർച്ചയും മറ്റ് തകരാറുകളും സമയബന്ധിതമായി പരിഹരിക്കുന്നു. ഹരിയാന ഇതിനകം ഹർ ഘർ ജൽ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഗ്രാമീണ ജലവിതരണ സംവിധാനങ്ങളുടെ ശരിയായ പരിപാലനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും സംസ്ഥാന ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ കമൽ കിഷോർ സോൻ ജില്ലാ കളക്ടർമാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും സജീവ പിന്തുണയെ അഭിനന്ദിച്ചു. എല്ലാ പ്രദേശങ്ങളിലും തുല്യമായി വെള്ളം ലഭ്യമാക്കാൻ വാൽവ് പ്രവർത്തിപ്പിക്കുന്ന രീതികളെക്കുറിച്ച് ഓപ്പറേറ്റർമാർക്കും പഞ്ചായത്ത് ജീവനക്കാർക്കും ശരിയായ പരിശീലനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂഗർഭജല സ്ഥിതി വിലയിരുത്താനും ജലസ്രോതസ്സുകളുടെ സുസ്ഥിരതയ്ക്കും ജലസംരക്ഷണ നടപടികൾക്കും മുൻഗണന നിശ്ചയിക്കാനും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിനും നിരീക്ഷണത്തിനുമായി ഡിസിഷൻ സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിതലമുറയ്ക്കും തടസ്സമില്ലാതെ പൈപ്പ് കുടിവെള്ളം ലഭിക്കാൻ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും എല്ലാ പങ്കാളികളും തുടർച്ചയായ ശ്രമം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.