ന്യൂഡൽഹി, 2026 ഓഗസ്റ്റ് 23 –
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖല വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് വിജ്ഞാപനം പുറത്തിറക്കി. പ്രവർത്തനപരമായ ആവശ്യകതകൾ കണക്കിലെടുത്താണ് അതിർത്തി പുനഃക്രമീകരിക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. ഒക്ടോബർ ഒന്നുമുതൽ മാറ്റം പ്രാബല്യത്തിൽ വരും. മംഗളൂരു ഉൾപ്പെടെയുള്ള പ്രധാന റെയിൽവേ മേഖലകൾ പാലക്കാട് ഡിവിഷന് പുറത്താകുന്നതോടെ വരുമാനവും വികസനസാധ്യതകളും കുറയുമെന്ന ആശങ്ക കേരളത്തിൽ ശക്തമാണ്.
മംഗളൂരു ഇനി മൈസൂരുവിന് കീഴിൽ
മംഗളൂരു മേഖല ഉളളാൾ വരെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയാണ് മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ ദക്ഷിണ റെയിൽവേയും ദക്ഷിണ പശ്ചിമ റെയിൽവേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രം പാടിലിൽ നിന്ന് ഉളളാളിലേക്ക് മാറും. തൊക്കൂർ കൊങ്കൺ റെയിൽവേയുടെ കീഴിൽ തുടരും. കൊങ്കൺ റെയിൽവേയും മൈസൂരു ഡിവിഷനും തമ്മിലുള്ള കൈമാറ്റ കേന്ദ്രമായി തൊക്കൂർ പ്രവർത്തിക്കും.
പാലക്കാടിന് വരുമാന നഷ്ടത്തിന്റെ ആശങ്ക
മംഗളൂരു മേഖലയെ നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുമെന്നാണ് കേരളത്തിലെ ആശങ്ക. ഏകദേശം 60 ശതമാനം വരെ വരുമാന നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലുകളുണ്ട്. മംഗളൂരു തുറമുഖവുമായി ബന്ധപ്പെട്ട ചരക്ക് ഗതാഗതമാണ് ഇതിൽ പ്രധാന ഘടകം. അതേസമയം, റെയിൽവേയുടെ മൊത്തം വരുമാനം കുറയുന്നതല്ല, വരുമാനം ലഭിക്കുന്ന ഡിവിഷനാണ് മാറുന്നതെന്നാണ് മൈസൂരു റെയിൽവേ അധികൃതരുടെ വിശദീകരണം. മൈസൂരു ഡിവിഷന് വർഷം 600 മുതൽ 800 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ ട്രെയിനുകൾക്കും തിരിച്ചടിയാകുമോ?
പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി കുറയുന്നത് പുതിയ ട്രെയിനുകൾക്കും വികസന പദ്ധതികൾക്കും തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ട്രാക്കിന്റെ നീളം, സ്റ്റേഷനുകൾ, വരുമാനം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി ലഭിക്കുന്ന വികസനവിഹിതത്തിലും കുറവുണ്ടാകുമെന്നാണ് വിമർശനം. മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിലെ അടിയന്തര ക്വാട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും യാത്രക്കാർക്ക് പുതിയ ഡിവിഷൻ ആസ്ഥാനവുമായി ഇടപെടേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയുണ്ട്.
കേരളം ഒറ്റക്കെട്ടായി എതിർപ്പിൽ
തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരള സർക്കാരുമായി ആലോചിക്കാതെയുള്ള ഏകപക്ഷീയമായ തീരുമാനമാണിതെന്നും മംഗളൂരു ജംഗ്ഷൻ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്നും സർക്കാർ അറിയിച്ചു.
എംപിമാരുടെ പ്രതിഷേധം ശക്തമാക്കും
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കേരളത്തിലെ എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനെതിരെ പ്രതിഷേധിച്ചു. റെയിൽവേ മന്ത്രി റിപ്പോർട്ട് തേടിയതായി വേണുഗോപാൽ അറിയിച്ചു. കെ. സുധാകരൻ, കെ. രാധാകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ജോൺ ബ്രിട്ടാസ് എന്നിവരും തീരുമാനത്തെ എതിർത്തു. തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ യു.ഡി.എഫ് എംപിമാർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ സത്യാഗ്രഹം നടത്തും.
ഇടത്, വലത് മുന്നണികൾ ഒരേ നിലപാടിൽ
പാലക്കാട് ഡിവിഷൻ വിഭജനം കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കേരളത്തിന്റെ റെയിൽവേ വികസനത്തെ തീരുമാനം പിന്നോട്ടടിപ്പിക്കുമെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം സംസ്ഥാന സർക്കാരുകൾ തമ്മിലുള്ളതല്ലെന്നും കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇടത്, വലത് മുന്നണികൾ ഒറ്റക്കെട്ടായി എതിർക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയും പ്രതിഷേധത്തിൽ
പാലക്കാട് ഡിവിഷന്റെ ശേഷി കുറയ്ക്കുന്നത് കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിമർശിച്ചു. ഡിവിഷൻ തന്നെ ദുർബലമാക്കാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളും തീരുമാനത്തിനെതിരെ രംഗത്തെത്തി. മംഗളൂരു തുറമുഖവും വിമാനത്താവളവുമടക്കമുള്ള പ്രധാന കേന്ദ്രങ്ങളുമായുള്ള റെയിൽ കണക്ടിവിറ്റിയെ തീരുമാനം ബാധിക്കുമെന്ന ആശങ്കയും ഉയർന്നു.
ഒക്ടോബർ ഒന്നിന് ഭരണപരമായ മാറ്റം
മാറ്റത്തിന്റെ ഭാഗമായി ജീവനക്കാരുടെയും തസ്തികകളുടെയും പുനഃക്രമീകരണവും നടക്കും. ജീവനക്കാർക്ക് ദക്ഷിണ റെയിൽവേയിൽ തുടരാനോ ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് മാറാനോ ചട്ടപ്രകാരം അവസരം നൽകും. പുതിയ അതിർത്തി ക്രമീകരണം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്നതോടെ പാലക്കാട് ഡിവിഷന്റെ ഭാവി സംബന്ധിച്ച ആശങ്കയും കേരളത്തിലെ പ്രതിഷേധവും കൂടുതൽ ശക്തമാകുകയാണ്.