ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 20
ഇന്ത്യയുടെ നിർമിതബുദ്ധി ആവശ്യങ്ങൾക്ക് അനുയോജ്യമായ ഡാറ്റാ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ത്യഎഐ മിഷന്റെ ദേശീയ ഡാറ്റാസെറ്റ്-മോഡൽ വേദിയായ എഐകോശിനെക്കുറിച്ചുള്ള ശിൽപ്പശാല ഓഗസ്റ്റ് 20ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്നു. സർക്കാർ, വ്യവസായം, അക്കാദമിക മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്തെ ഡാറ്റയുടെ സാധ്യത നിർമിതബുദ്ധിക്കായി എങ്ങനെ പ്രയോജനപ്പെടുത്താം, ഡാറ്റാ ഭരണവും ഏകീകരണവും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗവും എങ്ങനെ ഉറപ്പാക്കാം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.
ദേശീയ സമ്പത്തായി ഡാറ്റ
ഇന്ത്യഎഐ മിഷൻ ഡയറക്ടർ മുഹമ്മദ് വൈ. സഫീറുള്ള കെ. സ്വാഗതം പറഞ്ഞ് എഐകോശിനെ പരിചയപ്പെടുത്തി. തുടർന്ന് ഇന്ത്യഎഐ മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുദീപ് ശ്രീവാസ്തവ ദിവസത്തെ പരിപാടികൾ വിശദീകരിച്ചു. ഇന്ത്യഎഐ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൗരഭ് വിജയ്, ഇന്ത്യയുടെ സ്വതന്ത്ര നിർമിതബുദ്ധി ലക്ഷ്യങ്ങൾക്ക് ഡാറ്റയ്ക്കുള്ള തന്ത്രപ്രധാന പങ്ക് വിശദീകരിച്ചു. നവീകരണത്തിനും ദേശീയ വികസനത്തിനുമായി രാജ്യത്തിന്റെ ഡാറ്റാ സമ്പത്തിന്റെ മൂല്യം തുറന്നുപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ മികച്ച സംവിധാനങ്ങളുടെ നിലവാരത്തിലെത്താൻ എഐകോശിന്റെ കൂട്ടായ ഉടമസ്ഥതയും പങ്കാളിത്തവും നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയ സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് ശിൽപ്പശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മന്ത്രാലയങ്ങൾക്കിടയിലെ ഡാറ്റ കണ്ടെത്താനും മനസ്സിലാക്കാനും പരസ്പരം ഉപയോഗിക്കാനും സുരക്ഷിതമായി ലഭ്യമാക്കാനും കഴിയുന്ന സംവിധാനം സൃഷ്ടിക്കുകയാണ് പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഇന്ത്യഎഐ മിഷൻ ജോയിന്റ് ഡയറക്ടർ ശിഖ ദാഹിയയും ഡാറ്റാ സയൻസ് ജനറൽ മാനേജർ സ്വദീപ് സിങ്ങും എഐകോശിന്റെ നിലവിലെ സ്ഥിതിയും ഭാവി സാധ്യതകളും അവതരിപ്പിച്ചു.
ഡാറ്റ പങ്കിടലും സ്വകാര്യതയും ചർച്ചയായി
ആദ്യ സെഷനിൽ വലിയ തോതിൽ എഐ ഡാറ്റ ലഭ്യമാക്കുന്നതിനെക്കുറിച്ച് വ്യവസായ-അക്കാദമിക മേഖലയിലെ വിദഗ്ധർ ചർച്ച നടത്തി. ഗൂഗിൾ ഡീപ്മൈൻഡ്, യുഐഡിഎഐ, ലോകബാങ്ക്, ഐഐടി ജോധ്പുർ, എക്സ്റ്റെപ്, കോറോവർ ഡോട്ട് എഐ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. നിയമപരമായ ഡാറ്റ പങ്കിടൽ, സ്വകാര്യത സംരക്ഷിച്ചുള്ള ഉപയോഗം, ചില വിഭാഗം ഡാറ്റ പങ്കിടുന്നതിന്റെ ഗുണദോഷങ്ങൾ എന്നിവ ചർച്ചയായി. ഗേറ്റ്സ് ഫൗണ്ടേഷനിലെ ഡിജിറ്റൽ ആൻഡ് എഐ ഡെപ്യൂട്ടി ഡയറക്ടർ സുഹേൽ ബിദാനിയാണ് സെഷൻ നിയന്ത്രിച്ചത്. തുടർന്ന് നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നന്ദ് കുമാരം ഭരണരംഗത്ത് എഐയ്ക്കായി ഡാറ്റ ലഭ്യമാക്കുന്നതിനെക്കുറിച്ചും, യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തനുശ്രീ ദേബ് ബർമ ഡിജിറ്റൽ പൊതുസേവനങ്ങൾക്കായി ഡാറ്റാ ഉപയോഗം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും, സോക്കറ്റ് എഐ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അഭിഷേക് അപ്പർവാൾ തുറന്ന ഡാറ്റാ സംവിധാനത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും സംസാരിച്ചു.
എഐ നിർമാതാക്കൾക്ക് വേണ്ടത് എന്തെന്ന് വിലയിരുത്തൽ
രണ്ടാം സെഷനിൽ മോഡൽ നിർമാതാക്കൾ, വിവിധ മേഖലകളിലെ നവീകരണക്കാർ, ഡാറ്റ ശേഖരിക്കുന്നവർ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ സാഹചര്യത്തിന് അനുയോജ്യമായ എഐ പ്രയോഗങ്ങളും അടിസ്ഥാന മോഡലുകളും വികസിപ്പിക്കാൻ ആവശ്യമായ ഡാറ്റാസെറ്റുകൾ, വേദികൾ, ഡാറ്റാ ഘടന എന്നിവയാണ് ചർച്ച ചെയ്തത്. പിഡബ്ല്യുസി പങ്കാളി ഡോ. സന്തോഷ് മിശ്ര സെഷൻ നിയന്ത്രിച്ചു. ഉച്ചയ്ക്ക് ആരോഗ്യവും ജീവശാസ്ത്രവും, കൃഷിയും ഉപജീവനവും, വിദ്യാഭ്യാസം-ശാസ്ത്രം-സാങ്കേതികവിദ്യ എന്നീ മൂന്ന് മേഖലകളിൽ സമാന്തര വട്ടമേശ ചർച്ചകൾ നടന്നു. രാവിലത്തെ സെഷനുകളിൽ ഉയർന്ന പ്രധാന ആശയങ്ങളും ചോദ്യങ്ങളും അവതരിപ്പിച്ച ശേഷമാണ് ചർച്ച തുടങ്ങിയത്. പ്രധാന അവസരങ്ങൾ, അവയ്ക്കാവശ്യമായ ഡാറ്റാസെറ്റുകൾ, ഡാറ്റ കൈവശം വയ്ക്കുന്ന സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, ഉത്തരവാദിത്തത്തോടെ ഡാറ്റ പങ്കിടാനുള്ള മാർഗങ്ങൾ എന്നിവ പങ്കെടുത്തവർ കണ്ടെത്തി.
രണ്ട് ധാരണാപത്രങ്ങൾ; ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിനും കരുത്ത്
ശിൽപ്പശാലയുടെ ഭാഗമായി ഇന്ത്യഎഐ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ, ബെംഗളൂരുവിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി മുഖേന പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യയുടെ എഐ, ഡിജിറ്റൽ പൊതുഅടിസ്ഥാനസൗകര്യ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സാങ്കേതിക, ഘടനാപര, നയപര, വിജ്ഞാനപര പിന്തുണ ഇതിലൂടെ ഇന്ത്യഎഐക്കും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും ലഭിക്കും. വലിയ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന എഐ അധിഷ്ഠിത ഭരണപരിഹാരങ്ങൾ വികസിപ്പിക്കാനും എഐകോശിലെ ഡാറ്റാസെറ്റുകൾ, മോഡലുകൾ, മറ്റ് വിഭവങ്ങൾ എന്നിവ സുരക്ഷിതമായി കൈമാറ്റം ചെയ്യാനും ഇത് സഹായിക്കും. വിജ്ഞാന കൈമാറ്റം, വിവിധ പങ്കാളികളുടെ സഹകരണം, ചട്ടക്കൂടുകൾ, മാതൃകകൾ, ഡാഷ്ബോർഡുകൾ, പ്രോട്ടോടൈപ്പുകൾ, പരീക്ഷണ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കാനും ധാരണാപത്രം സഹായിക്കും. രണ്ടാമത്തെ ധാരണാപത്രം ഇന്ത്യഎഐ മിഷനും എക്സ്റ്റെപ് ഫൗണ്ടേഷനും തമ്മിലായിരുന്നു. ഇന്ത്യഎഐ മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുദീപ് ശ്രീവാസ്തവയും എക്സ്റ്റെപ് ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജഗദീഷ് ബാബുവുമാണ് ഒപ്പുവച്ചത്. കൂട്ടായ ബുദ്ധിശേഷി, ചെലവുകുറഞ്ഞതും വിപുലീകരിക്കാവുന്നതുമായ എഐ പ്രവർത്തന സംവിധാനങ്ങൾ, തുറന്ന മാതൃകകൾ, വേദികൾ, പരിഹാരങ്ങൾ എന്നിവ വികസിപ്പിച്ച് എല്ലാവർക്കും ഉപയോഗിക്കാവുന്ന ഫലപ്രദമായ എഐ നവീകരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ഇനി മുൻഗണന ഉയർന്ന മൂല്യമുള്ള ഡാറ്റയ്ക്ക്
അവസാന അവലോകന സെഷനിൽ ഓരോ ഗ്രൂപ്പിന്റെയും ചർച്ചകളും നിർദേശിച്ച തുടർനടപടികളും അവതരിപ്പിച്ചു. ഉയർന്ന മൂല്യമുള്ള ഡാറ്റാസെറ്റുകൾക്ക് മുൻഗണന നൽകുക, ഡാറ്റാ ഏകീകരണം ശക്തിപ്പെടുത്തുക, സ്വകാര്യത സംരക്ഷിച്ചുള്ള കൈമാറ്റ സംവിധാനം വികസിപ്പിക്കുക, ഡാറ്റ കൈവശമുള്ള സ്ഥാപനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക, എഐകോശിലേക്ക് ഉൾപ്പെടുത്തേണ്ട ഡാറ്റാ ഉറവിടങ്ങൾ കണ്ടെത്തുക എന്നിവയാണ് തുടർനടപടികളായി നിർദേശിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണൻ സമാപന പ്രസംഗത്തിൽ ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഡാറ്റ ഉപയോഗിക്കാൻ സഹായിക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റവും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതും ജനങ്ങൾക്ക് നൽകുന്ന നേട്ടവുമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. 2047-ഓടെ വികസിത ഭാരതമാകാനുള്ള യാത്രയിൽ വിവിധ മേഖലകളിലും ഉപയോഗിക്കാവുന്ന നിർമിതബുദ്ധിയെ ഇന്ത്യയ്ക്ക് വലിയ അവസരമായി പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാറ്റ കൈവശമുള്ള സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർ, മറ്റ് സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം കൂട്ടാനുള്ള നീക്കമായാണ് ശിൽപ്പശാലയെ വിലയിരുത്തുന്നത്. എഐകോശിൽ ഇപ്പോൾ 15,000-ത്തിലധികം ഡാറ്റാസെറ്റുകളും 300 എഐ മോഡലുകളും 30 ടൂൾകിറ്റുകളും ഉണ്ട്. ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, ഡെവലപ്പർമാർ, വിദ്യാർഥികൾ എന്നിവർക്കു വിശ്വാസ്യതയുള്ള ദേശീയ വിഭവങ്ങൾ ഉപയോഗിച്ച് എഐ പരിഹാരങ്ങൾ വികസിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യഎഐ മിഷൻ കംപ്യൂട്ടിങ് ശേഷി, ഡാറ്റാസെറ്റുകൾ, മോഡലുകൾ, നവീകരണം, എഐ പ്രയോഗങ്ങൾ, ഭാവി നൈപുണ്യങ്ങൾ, സ്റ്റാർട്ടപ്പ് ധനസഹായം, സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ എഐ തുടങ്ങിയ മേഖലകളിലൂടെയാണ് രാജ്യത്തിന്റെ എഐ സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നത്.