ഗുണ്ടൂർ (ആന്ധ്രപ്രദേശ്) / 2026 / ഒക്ടോബർ 04
ആന്ധ്രപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ രണ്ടാം ഘട്ടത്തിൽ 3,600 കോടി രൂപയുടെ മൂന്ന് ലക്ഷം വീടുകൾക്കുള്ള ആദ്യ ഗഡു കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ കൈമാറി. ഞായറാഴ്ച ഗുണ്ടൂർ ജില്ലയിലെ ബുറിപ്പാലം ഗ്രാമത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാജ്യത്തെ ആദ്യ ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് പരീക്ഷണ ഭവനപദ്ധതിക്കും ഇരുവരും തറക്കല്ലിട്ടു. 14 കോടി രൂപ ചെലവിൽ 177 വീടുകളാണ് ഈ പദ്ധതിയിൽ നിർമിക്കുന്നത്. എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും സ്ഥിരമായ വീട് ഉറപ്പാക്കുമെന്നും മോദി–നായിഡു കൂട്ടുകെട്ട് സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതൽ കരുത്താകുമെന്നും ചൗഹാൻ പറഞ്ഞു.
76,000 വീടുകളിൽനിന്ന് മൂന്ന് ലക്ഷത്തിലേക്ക്
ആന്ധ്രപ്രദേശിന് ആദ്യം 76,000 വീടുകൾ അനുവദിക്കാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചതെന്ന് ചൗഹാൻ പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും സ്ഥിരമായ വീട് വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെ ഇതോടെ അനുവദിച്ച വീടുകളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്തി. നായിഡു ആറു ലക്ഷം വീടുകൾകൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ അനുവദിച്ച മൂന്ന് ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കുമ്പോൾ അടുത്ത മൂന്ന് ലക്ഷം അനുവദിക്കും. അതിനുശേഷം വീണ്ടും മൂന്ന് ലക്ഷം വീടുകൾ അനുവദിക്കുമെന്നും ചൗഹാൻ ഉറപ്പുനൽകി. കേന്ദ്രസർക്കാർ മുഴുവനും നായിഡുവിനൊപ്പമുണ്ടെന്നും ആന്ധ്രയിലെ ഒരു പാവപ്പെട്ട കുടുംബവും സ്ഥിരമായ വീടില്ലാതെ കഴിയേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭവനപദ്ധതിക്കുള്ള സഹായത്തിന് നായിഡു കേന്ദ്രസർക്കാരിനും ചൗഹാനും നന്ദി അറിയിച്ചു. ജനങ്ങളോടൊപ്പം നിൽക്കുന്ന നേതാവാണ് ചൗഹാൻ. മധ്യപ്രദേശിൽ മികച്ച ഭരണത്തിലൂടെയും പൊതുസേവനത്തിലൂടെയും അദ്ദേഹം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. മധ്യപ്രദേശുകാർക്ക് മാത്രമല്ല, ആന്ധ്രപ്രദേശുകാർക്കും അദ്ദേഹം പ്രിയപ്പെട്ട ‘മാമ’യാണെന്നും നായിഡു പറഞ്ഞു. പാവപ്പെട്ടവർക്കുള്ള വീടുകളുടെ ആവശ്യം അറിയിച്ചപ്പോൾ ഏകദേശം 75,000 ആയിരുന്ന വിഹിതം ഉടൻ മൂന്ന് ലക്ഷമാക്കി ഉയർത്തി. ഇതിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സ് കീഴടക്കിയെന്നും നായിഡു കൂട്ടിച്ചേർത്തു. ആന്ധ്രയ്ക്ക് ആകെ ഒമ്പത് ലക്ഷം വീടുകളാണ് വേണ്ടത്. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ശേഷിക്കുന്ന ആറു ലക്ഷം വീടുകൾക്കും കേന്ദ്രാനുമതി ലഭിക്കുമെന്നാണ് ചൗഹാന്റെ ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.
ആറുമാസത്തിനുള്ളിൽ ത്രീഡി വീടുകൾ
ബുറിപ്പാലത്തും ഒബുൾനായുഡുപാലത്തുമായി നടപ്പാക്കുന്ന ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് പദ്ധതി ഗ്രാമീണ ഭവനനിർമാണത്തെ ആധുനികമാക്കാനുള്ള വലിയ ചുവടുവയ്പാണെന്ന് ചൗഹാൻ പറഞ്ഞു. നൂതന യന്ത്രങ്ങളും ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് 177 വീടുകൾ നിർമിക്കുക. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് പ്രതീക്ഷിക്കുന്നത്. നിർമാണസമയം, ചെലവ്, തൊഴിലാളികളുടെ ആവശ്യം എന്നിവ ഗണ്യമായി കുറയ്ക്കാൻ ഈ രീതിയിലൂടെ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. സാധാരണ നിർമാണരീതിയിലുള്ള വീടുകളെക്കാൾ കൂടുതൽ ഉറപ്പും ആയുസ്സും ലഭിക്കുന്ന വിധത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കേന്ദ്ര ഗ്രാമവികസന, വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി, ആന്ധ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി നാദെൻഡ്ല മനോഹർ, ഭവനനിർമാണ, വിവര മന്ത്രി കൊലുസു പാർഥസാരഥി, വിനോദസഞ്ചാര മന്ത്രി കന്ദുല ദുർഗേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി. വി. എൻ. മാധവ്, രാജ്യസഭാംഗം ഭാഷ്യം രാമകൃഷ്ണ, എംപി ലിംഗമനേനി രമേഷ്, നിയമസഭാ കൗൺസിൽ അംഗം ആലപ്പാട്ടി രാജേന്ദ്ര പ്രസാദ്, ഭവനനിർമാണ കോർപ്പറേഷൻ ചെയർമാൻ ബത്തുല താതയ്യ ബാബു എന്നിവരും എത്തിയിരുന്നു. കേന്ദ്ര–സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ആയിരക്കണക്കിന് കർഷകരും ഗ്രാമീണരും സ്ത്രീകളും ചടങ്ങിൽ പങ്കെടുത്തു.
അമരാവതിക്കും പോളവരത്തിനും കേന്ദ്രപിന്തുണ
2014-ലെ സംസ്ഥാന വിഭജനത്തിനുശേഷം ആന്ധ്രപ്രദേശിന് തലസ്ഥാനമില്ലാത്ത സാഹചര്യമുണ്ടായെന്ന് ചൗഹാൻ പറഞ്ഞു. അമരാവതിയെ സംസ്ഥാനത്തിന്റെ ഏക സ്ഥിരം തലസ്ഥാനമായി അംഗീകരിക്കുന്ന നിയമം മോദി സർക്കാർ പാർലമെന്റിൽ പാസാക്കി. അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായവും നൽകിയതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ജീവനാഡിയാണ് പോളവരം ജലസേചന പദ്ധതി. മുൻ സർക്കാരിന്റെ കാലത്ത് വൈകിയ പദ്ധതി ഇപ്പോൾ കേന്ദ്രത്തിന്റെ നൂറുശതമാനം ഗ്രാന്റ് സഹായത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം അറിയിച്ചു. നിർദിഷ്ട അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്യുമെന്നും ചൗഹാൻ പറഞ്ഞു.
ചന്ദ്രബാബു നായിഡുവിനെ ഊർജസ്വലനും അർപ്പണബോധമുള്ളവനും ഉറച്ച തീരുമാനങ്ങളെടുക്കുന്നവനുമായ നേതാവായാണ് ചൗഹാൻ വിശേഷിപ്പിച്ചത്. ആന്ധ്രപ്രദേശിനെ പ്രധാന വിവരസാങ്കേതികവിദ്യാ കേന്ദ്രമാക്കി വളർത്തിയതിന്റെ നേട്ടം നായിഡുവിനാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിർമിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ഡേറ്റാ സെന്ററുകൾ, നൂതന ഉൽപ്പാദനം എന്നിവയുടെ കേന്ദ്രമായി അമരാവതിയെ വളർത്തുന്നത് നായിഡുവിന്റെ കാഴ്ചപ്പാടാണ്. മോദിയുടെയും നായിഡുവിന്റെയും നേതൃത്വത്തിൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് എല്ലാ മേഖലകളിലെയും വികസനം വേഗത്തിലാക്കുകയാണെന്നും ആന്ധ്രയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും ചൗഹാൻ വ്യക്തമാക്കി. മോദിയുടെ മാർഗനിർദേശവും ചൗഹാന്റെ തുടർന്നുള്ള പിന്തുണയും ലഭിക്കുമ്പോൾ അടിസ്ഥാനസൗകര്യം, കൃഷി, നൂതന സാങ്കേതികവിദ്യ, ഗ്രാമവികസനം എന്നിവയിൽ ആന്ധ്ര ഒന്നാമതെത്തുമെന്ന് നായിഡുവും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കർഷകർക്ക് വർഷം 20,000 രൂപ; ലക്ഷ്യം 60 ലക്ഷം ലഖ്പതി ദീദിമാർ
കർഷകരുടെ വരുമാനം മെച്ചപ്പെടുത്താൻ കേന്ദ്രവും സംസ്ഥാനവും ചേർന്ന് സഹായം നൽകുകയാണെന്ന് ചൗഹാൻ പറഞ്ഞു. പിഎം കിസാൻ പദ്ധതിയിലെ കേന്ദ്രത്തിന്റെ വാർഷിക സഹായമായ 6,000 രൂപയ്ക്കൊപ്പം ‘അന്നദാതാ സുഖീഭവ’ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ 14,000 രൂപ നൽകും. ഇതോടെ കർഷകർക്ക് വർഷം 20,000 രൂപ ലഭിക്കും. പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ, ഔഷധവിളകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി രാജ്യത്തെ പ്രമുഖ ഉദ്യാനകൃഷി കേന്ദ്രമായി വളരാനുള്ള സാധ്യത ആന്ധ്രയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വയംസഹായ സംഘങ്ങളിലൂടെ സംസ്ഥാനത്ത് ഇതിനകം 23 ലക്ഷം സ്ത്രീകൾ ലഖ്പതി ദീദിമാരായി മാറിയിട്ടുണ്ട്. ഈ എണ്ണം 60 ലക്ഷമാക്കുകയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം. കൂടുതൽ ഉപജീവന അവസരങ്ങൾ ഒരുക്കാനും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് ചൗഹാൻ പറഞ്ഞു. ദേശീയ സരസ് മേള ഒക്ടോബർ 15-ന് ആന്ധ്രപ്രദേശിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആദ്യമായാണ് മേള ഡൽഹിക്ക് പുറത്തു നടക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും. സ്ത്രീകൾ നയിക്കുന്ന സ്വയംസഹായ സംഘങ്ങൾക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും കൂടുതൽ വിപണികളിലെത്തിക്കാനും മേള വേദിയൊരുക്കും.
തെലുങ്കിൽ അഭിവാദ്യം; ‘ആന്ധ്രയ്ക്കും ഞാൻ മാമ’
‘ഭാരത് മാതാ കീ ജയ്’, ‘ശ്രീ വെങ്കടേശ്വര ഭഗവാൻ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങളോടെയാണ് ചൗഹാൻ പ്രസംഗം തുടങ്ങിയത്. തെലുങ്കിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത അദ്ദേഹം ആന്ധ്രയുടെ സമ്പന്നമായ പൈതൃകത്തെയും അറിവിനെയും ശാസ്ത്രനേട്ടങ്ങളെയും പ്രതിഭകളെയും പ്രശംസിച്ചു. തെനാലി രാമകൃഷ്ണന്റെ നാടിനെ ആദരിച്ച അദ്ദേഹം തെലുങ്ക് തേനിനെക്കാൾ മധുരമുള്ള ഭാഷയാണെന്നും രാജ്യത്തുടനീളം അംഗീകാരം നേടുകയാണെന്നും പറഞ്ഞു. മധ്യപ്രദേശിന്റെ മാമയാണെങ്കിൽ താൻ ആന്ധ്രപ്രദേശിന്റെയും മാമയാണെന്ന് അദ്ദേഹം പറഞ്ഞു. ജനസേവനം തനിക്ക് ആരാധനയാണ്. ഇവിടെയുള്ളവരുടെ ഉത്സാഹവും സത്യസന്ധതയും ആത്മാർഥതയും കാണുമ്പോൾ വീണ്ടും അവരെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ചൗഹാൻ പറഞ്ഞപ്പോൾ സദസ്സ് ആവേശത്തോടെ പ്രതികരിച്ചു.
കേന്ദ്ര സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയുടെ പൂർവികഗ്രാമമായ ബുറിപ്പാലം സന്ദർശിച്ചതിൽ പ്രത്യേക സന്തോഷമുണ്ടെന്നും ചൗഹാൻ പറഞ്ഞു. അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ ഒരാൾക്ക് ഗ്രാമീണജീവിതവും വികസനവും മനസ്സിലാകുമോ എന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാൽ ജനങ്ങളുമായുള്ള പെമ്മസാനിയുടെ അടുത്ത ബന്ധവും സേവനമനോഭാവവും ലക്ഷ്യബോധവും തന്നെ ആകർഷിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിവുള്ളവരെ കണ്ടെത്തി പൊതുസേവനത്തിലേക്ക് കൊണ്ടുവരുന്നതിൽ നായിഡുവിന് അസാധാരണമായ മികവുണ്ടെന്നും ചൗഹാൻ പറഞ്ഞു.