ന്യൂഡൽഹി, 2026 ആഗസ്റ്റ് 15 –
ചെങ്കോട്ടയിൽ വന്ദേമാതരത്തിന് ചരിത്രനിമിഷം
ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇത്തവണത്തെ ചടങ്ങിന്റെ പ്രധാന പ്രത്യേകതയായി ചെങ്കോട്ടയുടെ കൊത്തളത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആണ് എന്നുള്ള പ്രത്യേകതയും ഈ വർഷത്തെ ആലാപനത്തിന് ഉണ്ട്
വികസിത ഭാരതം ലക്ഷ്യം, ഏഴ് മേഖലകളിൽ പരിഷ്കാരം
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റമാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയത്. രാജ്യത്തിന്റെ മുന്നേറ്റത്തിന് ഏഴ് മേഖലകളെ കേന്ദ്രീകരിച്ചുള്ള പരിഷ്കാര പദ്ധതിയാണ് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധം, സാങ്കേതികവിദ്യ, ഊർജസുരക്ഷ, കായികം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
12 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ അതിവേഗം മുന്നേറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ ഉൽപാദനം നാലിരട്ടിയായി. ഖാദി, ഗ്രാമവ്യവസായ ഉൽപാദനം അഞ്ചിരട്ടിയായി. ഇലക്ട്രോണിക് ഉൽപാദനം ഏഴിരട്ടിയായി. മൊബൈൽ ഫോൺ ഉൽപാദനം 33 മടങ്ങായി. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായെന്നും പേറ്റന്റ് അനുവദിക്കുന്നത് നാലിരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി മാറിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഒരു കോടി യുവാക്കൾക്ക് നിർമിതബുദ്ധി പരിശീലനം
അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് നിർമിതബുദ്ധി മേഖലയിൽ പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയുടെ യുവശക്തിയാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പുതിയ സാങ്കേതികവിദ്യകളിൽ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
2036ലെ ഒളിമ്പിക്സിന് ഇന്ത്യ ലക്ഷ്യമിടുന്നു
2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശക്തമായ അവകാശിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്താൻ രാജ്യവ്യാപകമായി പ്രതിഭാ അന്വേഷണ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കായിക പരിശീലനം, വൈദഗ്ധ്യം, ചികിത്സ, പോഷണം തുടങ്ങിയ മേഖലകളിലും മുന്നേറ്റം ലക്ഷ്യമിടുന്നു.
സ്ത്രീ സംവരണത്തിന് രാഷ്ട്രീയ ഐക്യം വേണം
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നത് കാലത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഊർജസുരക്ഷയിൽ കൂടുതൽ ശ്രദ്ധ
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം, വളം എന്നിവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന ആശങ്കകൾ ഉയർന്നിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രാജ്യത്ത് ഇന്ധനത്തിനോ വാതകത്തിനോ വളത്തിനോ ക്ഷാമമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ആണവനിലയങ്ങൾ സ്ഥാപിക്കുമെന്നും 200 ജിഗാവാട്ട് ആണവോർജ ശേഷിയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“മാനസിക നക്സലുകളെ ഒറ്റപ്പെടുത്തണം”
രാജ്യത്തെ ഭിന്നിപ്പിക്കുന്ന ചിന്താഗതികളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളോളം മാവോയിസ്റ്റ് ചിന്താഗതിയുള്ള ചിലർ അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനം ചെലുത്തിയിരുന്നുവെന്നും നയങ്ങളെപ്പോലും അത് സ്വാധീനിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അത്തരം “മാനസിക നക്സലുകളെ” ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും രാജ്യത്തിനകത്തുനിന്നും അതിർത്തിക്കപ്പുറത്തുനിന്നും വരുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2047ൽ വികസിത രാഷ്ട്രമാകുമെന്ന് പ്രഖ്യാപനം
2047ൽ ഇന്ത്യ വികസിത രാഷ്ട്രമാകുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വീണ്ടും വ്യക്തമാക്കി. അടുത്ത ദശകത്തിൽ ലോകത്തിലെ മികച്ച 500 കമ്പനികളിൽ 50 ഇന്ത്യൻ കമ്പനികൾ ഉണ്ടാകണമെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 മുതൽ 12 വർഷമായി 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ തുടർച്ചയായി മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരിതബാധിതർക്ക് സഹായം ഉറപ്പാക്കും
പ്രളയവും ഉരുൾപൊട്ടലും ബാധിച്ച കുടുംബങ്ങളുടെ വേദന മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിത കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.