ന്യൂഡൽഹി /2026 / ഓഗസ്റ്റ് 11
2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും 115 കലാകാരന്മാർക്ക് രാഷ്ട്രപതി സമ്മാനിക്കും. ഓഗസ്റ്റ് 13ന് രാവിലെ 11.30ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രത്യേക പുരസ്കാരദാന ചടങ്ങ്. സംഗീതം, നൃത്തം, നാടകം, നാടോടി-ഗോത്രകല, പാവക്കൂത്ത്, അനുബന്ധ നാടകകലകൾ തുടങ്ങിയ മേഖലകളിലെ കലാകാരന്മാരാണ് ആദരിക്കപ്പെടുന്നത്.
പുരസ്കാരച്ചടങ്ങിൽ പ്രമുഖർ
കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, ആസൂത്രണം, സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും സാംസ്കാരിക സഹമന്ത്രിയുമായ റാവു ഇന്ദർജിത് സിങ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം സെക്രട്ടറി വിവേക് അഗർവാൾ, സംഗീത നാടക അക്കാദമി അധ്യക്ഷ ഡോ. സന്ധ്യ പുരേച എന്നിവരും ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ഏഴ് പേർക്ക് അക്കാദമി രത്ന
രാംലാൽ ബരേത്, എ. വി. ആനന്ദ്, റീത്ത ഗാംഗുലി, പുരു ദധീച്ച്, ചിത്തരഞ്ജൻ ജ്യോതിഷി, പസുമർത്തി രട്ടയ്യ ശർമ, സുധാറാണി രഘുപതി എന്നിവരാണ് സംഗീത നാടക അക്കാദമി ഫെലോഷിപ്പായ അക്കാദമി രത്നയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫെലോഷിപ്പിന് മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.
2024ലെ പുരസ്കാര പട്ടികയിൽ മലയാളികളും
2024ലെ സംഗീത വിഭാഗത്തിൽ അരുണ് നാഗേഷ് കാശാൽക്കർ, നിർമാല്യ ഡേ, ഭാരത് ഭൂഷൺ ഗോസ്വാമി, സഞ്ജയ് മുഖർജി, കൃഷ്ണ വാഗീഷ്, എൻ. വിജയ് ശിവ, എ. എസ്. കൃഷ്ണൻ, കൊമണ്ഡൂരി ശേഷാദ്രി, രാകേഷ് ചൗരസ്യ, പ്രഭാതി മുഖർജി, ആനന്ദ് ഭാട്ടെ, സമന്ദർ ഖാൻ മംഗനിയാർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. നൃത്തവിഭാഗത്തിൽ രാജേശ്വരി സായിനാഥ്, ബിപുൽ ചന്ദ്ര ദാസ്, രാജ്കുമാരി തംബൽസന ദേവി, വീണ മൂർത്തി വിജയ്, ബിചിത്രാനന്ദ സ്വെയിൻ, പ്രേമ ഓജ ബോർബയൻ, ശ്രീദേവി രാജൻ, നൃപെൻ സാഹിസ്, ശശിധരൻ നായർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കുമാര സൂര്യനാരായണ എന്നിവരുണ്ട്.
നാടകവിഭാഗത്തിൽ സതീഷ് ദവെ, ടി. എസ്. നാഗാഭരണ, രവി ചതുർവേദി, ഓം കടാരെ, ഗുമ്മടി ഗോപാലകൃഷ്ണ റാവു, വാഗൈ ചന്ദ്രശേഖർ, അരുൺ നാൽവഡെ, ധീരൻ ഡി. മർച്ചന്റ്, ദിനേശ് കുമാർ പൊദ്ദാർ, മുകുന്ദ് രാം മറാത്തെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാടോടി-ഗോത്രകല, പാവനിർമാണം, മുഖംമൂടി-വാദ്യോപകരണ നിർമാണം തുടങ്ങിയ വിഭാഗങ്ങളിൽ ദുർഷേതി രാമയ്യ, കെ. മുരുകൻ, എസ്. സി. ശർമ, അതംജീത് സിങ്, മഹേന്ദ്ര റാം, ബുതൻ ദേവി-സോമരി ദേവി, രണജിത് കുമാർ നാഗ്, ഹവാ സിങ്, വെസ്വുസോ ഫേസാവോ, ഗുലാബി സപേര, ലൗറെംബം ബേദബതി, സുഭാഷ് നാരായൺ നകാശെ, കിഷോർഭായ് സോമാഭായ് മിസ്ത്രി എന്നിവരുണ്ട്.
2024ലെ മറ്റ് വിഭാഗങ്ങളിൽ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ടി. എസ്. സത്യവതി, നൃത്തത്തിന് വൊലേതി രംഗമണി, നൃത്തത്തിലെ കലാപഠനത്തിന് ശുഭദ മനോഹർ വരദ്കർ, പ്രകടനകലാ നിരൂപണത്തിന് തപതി ചൗധരി, വിദേശത്തെ മോഹിനിയാട്ടം പ്രവർത്തനത്തിന് സുനന്ദ നായർ എന്നിവരും പുരസ്കാരത്തിന് അർഹരായി.
2025ലെ പട്ടികയിലും കേരളത്തിന്റെ സാന്നിധ്യം
2025ലെ സംഗീത വിഭാഗത്തിൽ കൃഷ്ണ മോഹൻ പഥക്, സുരേഷ് ഗന്ധർവ്, ശൈലേഷ് ഭഗവത്, ജ്യോതി ഗണപതി ഹെഗ്ഡെ, പന്തുല രാമ, പാപനാശം അശോക് രമണി, തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ, അനൂർ ആർ. അനന്തകൃഷ്ണ ശർമ, ഡി. ശ്രീനിവാസ്, യുഗാന്തർ സിന്ദൂർ, സച്ചിദാനന്ദ ദാസ്, സീമ അനിൽ സെഹ്ഗൽ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
നൃത്തവിഭാഗത്തിൽ റോജ കണ്ണൻ, കൃഷ്ണ മോഹൻ മിശ്ര മഹാരാജ്-വാസ്വതി മിശ്ര-രാം മോഹൻ മഹാരാജ് സംഘം, കലാമണ്ഡലം കൃഷ്ണകുമാർ, ഐറെങ്ബം നളിനി ദേവി, സീത നാഗജ്യോതി-പി. നാഗജ്യോതി, മല്ലിക കന്ദലി, ഗിരിജ ചന്ദ്രൻ, പഗുലു ജെന, കനിയാൽ ഹരിപ്രസാദ്, ഭാസ്കർ ജ്യോതി ഓജ, എസ്. കുമാർ എന്നിവരാണ് പട്ടികയിലുള്ളത്.
നാടകവിഭാഗത്തിൽ കപിൽദേവ് ചന്ദ്രകാന്ത് ശുക്ല, കല്ലോൽ ഭട്ടാചാര്യ, നവ്ദീപ് കൗർ, പ്രമോദ് ജ്ഞാനദേവ് പവാർ, സുബോധ് പട്നായിക്, ചേതന ദാസ്, സുരേഷ് കുമാർ ഹസ്സു, മഖൻ ലാൽ സറാഫ്, അശോക് പട്കി, ഉഷ നങ്ങ്യാർ എന്നിവരുണ്ട്. നാടോടി-ഗോത്രകല, പാവ, മുഖംമൂടി, വാദ്യോപകരണ നിർമാണ വിഭാഗങ്ങളിൽ അനൂപ് രഞ്ജൻ പാണ്ഡെ, ഭേരു സിങ് ചൗഹാൻ, സൂര്യ കുമാർ ദേബ്ബർമ, ജോഗീന്ദർ സിങ് ഹബ്ബി, റൊമാലോ റാം, ഹർമൻപ്രീത് സിങ്, അലി മുഹമ്മദ്, ഡോമിൻ കർബക്, കെ. റോസിയാമ, റാണി മാരിങ്, സുശാന്ത കുമാർ, മംഗള പ്രസാദ് ശർമ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നാടകത്തിലെ സമഗ്ര സംഭാവനയ്ക്ക് കുനാൽ, കഥക് നൃത്തത്തിലെ സമഗ്ര സംഭാവനയ്ക്ക് മനീഷ സാഥെ, കലാഛായാഗ്രഹണത്തിലെ സമഗ്ര സംഭാവനയ്ക്ക് രാകേഷ് സിൻഹ, പ്രകടനകലാ നിരൂപണത്തിന് മഞ്ജരി സിൻഹ, വിദേശത്തെ മൃദംഗ സംഗീത പ്രവർത്തനത്തിന് ടി. എസ്. നന്ദകുമാർ എന്നിവരും 2025ലെ പുരസ്കാര പട്ടികയിലുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ 1952 മുതലാണ് നൽകുന്നത്. വ്യക്തികളുടെ ദീർഘകാല കലാപ്രവർത്തനവും സംഭാവനയും അംഗീകരിക്കുന്ന പുരസ്കാരത്തിന് ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവും ലഭിക്കും.
.