ഗ്രേറ്റർ നോയിഡ / 2026 / ഓഗസ്റ്റ് 7
ഇന്ത്യയുടെ അംഗീകൃത ജൈവ ഉൽപ്പന്നങ്ങളെ ലോകവിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിനുള്ള ബയോഫാഖ് ഇന്ത്യ 2026 ഗ്രേറ്റർ നോയിഡയിൽ നടക്കുകയാണ്. ഇന്ത്യ എക്സ്പോ സെന്റർ ആൻഡ് മാർട്ടിൽ ഓഗസ്റ്റ് 6ന് ആരംഭിച്ച പ്രദർശനം ഓഗസ്റ്റ് 8ന് അവസാനിക്കും. ജൈവ, പ്രകൃതിദത്ത, സുസ്ഥിര ഭക്ഷ്യമേഖലകളിലുള്ളവരെ വ്യാപാരത്തിനും അറിവുപങ്കിടലിനും ഒരുമിപ്പിക്കുന്ന വേദിയാണിത്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയായ അപേഡയും ന്യൂറൻബർഗ് മെസ്സെ ഇന്ത്യയും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ജൈവ ഉൽപ്പന്നങ്ങൾക്ക് പുതിയ വിദേശവിപണികൾ കണ്ടെത്താനും കയറ്റുമതിക്കാരും ആഗോള വ്യാപാരികളും തമ്മിൽ ദീർഘകാല സഹകരണം വളർത്താനുമാണ് പ്രധാന ലക്ഷ്യം.
ഇന്ത്യൻ ജൈവമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തെ സംരംഭങ്ങൾക്ക് പുതിയ വ്യാപാരാവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സംയുക്ത പദ്ധതിയാണിത്. അപേഡ, ന്യൂറൻബർഗ് മെസ്സെ ഇന്ത്യ, ഐഫോം ഓർഗാനിക്സ് ഇന്റർനാഷണൽ എന്നിവയാണ് പദ്ധതിയുടെ പങ്കാളികൾ. ആഗോള ജൈവവിപണിയിൽ ഇന്ത്യയുടെ സാന്നിധ്യവും അംഗീകൃത ഉൽപ്പന്നങ്ങളുടെ ദൃശ്യതയും വർധിപ്പിക്കുകയാണ് ഭാവിലക്ഷ്യം.
ഇരുനൂറിലേറെ കമ്പനികളുടെ പങ്കാളിത്തം
ഇരുനൂറിലധികം കമ്പനികളാണ് പ്രദർശനത്തിൽ ഉൽപ്പന്നങ്ങളുമായി എത്തിയിരിക്കുന്നത്. ഇതിൽ അറുപതിലേറെ സ്ഥാപനങ്ങൾ അപേഡ പവലിയനിലാണ് പങ്കെടുക്കുന്നത്. കയറ്റുമതിക്കാർ, വനിതാ സംരംഭകർ, കർഷക ഉൽപ്പാദക സംഘടനകൾ, കർഷക ഉൽപ്പാദക കമ്പനികൾ, നവസംരംഭങ്ങൾ, ജൈവ സംരംഭങ്ങൾ എന്നിവയ്ക്ക് ഇവിടെ പ്രത്യേക പ്രാതിനിധ്യമുണ്ട്.
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര, തമിഴ്നാട്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അംഗീകൃത ജൈവ ഉൽപ്പന്നങ്ങൾ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ വ്യത്യസ്ത കാർഷിക-കാലാവസ്ഥാ മേഖലകളിലെ ഉൽപ്പാദനശേഷിയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
ധാന്യങ്ങൾ മുതൽ ഔഷധസസ്യങ്ങൾ വരെ
ധാന്യങ്ങൾ, പയറുവർഗങ്ങൾ, ചെറുധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, പഴങ്ങൾ, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ പ്രദർശനത്തിലുണ്ട്. ഔഷധസസ്യങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ, തേൻ, കൊക്കോ ഉൽപ്പന്നങ്ങൾ, പ്രകൃതിദത്ത ചേരുവകൾ, ജൈവ പോഷക ഉൽപ്പന്നങ്ങൾ, മൂല്യവർധിത ഭക്ഷ്യവസ്തുക്കൾ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.
പതിമൂന്ന് വിപണികളിൽനിന്ന് വിദേശ ഉപഭോക്താക്കൾ
ഇന്ത്യൻ ജൈവ ഉൽപ്പന്നങ്ങൾക്ക് വിദേശവിപണി കണ്ടെത്തുന്നതിനായി പതിമൂന്ന് പ്രധാന വിപണികളിൽനിന്നുള്ള മുപ്പത്തിയഞ്ചിലേറെ ഉപഭോക്താക്കളെ അപേഡ എത്തിച്ചിട്ടുണ്ട്. തായ്വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, മംഗോളിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവർ.
ഇറക്കുമതിക്കാർ, വിതരണക്കാർ, മൊത്തവ്യാപാരികൾ, ചില്ലറവ്യാപാര ശൃംഖലകളുടെ പ്രതിനിധികൾ എന്നിവരാണ് ഇന്ത്യൻ പ്രദർശകരുമായി ക്രമീകരിച്ച വാങ്ങുന്നവർ-വിൽക്കുന്നവർ കൂടിക്കാഴ്ചകളിൽ പങ്കെടുക്കുന്നത്. പുതിയ വിതരണാവസരങ്ങൾ കണ്ടെത്താനും വ്യാപാരപങ്കാളിത്തം സ്ഥാപിക്കാനും ദീർഘകാല കയറ്റുമതി സഹകരണം ഉറപ്പാക്കാനുമാണ് ചർച്ചകൾ.
കയറ്റുമതിക്ക് വഴികാട്ടുന്ന ചർച്ചകൾ
ജൈവ അംഗീകാരം, ഉൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സംവിധാനം, സുസ്ഥിരത, വിപണിപ്രവേശനം, ഉപഭോക്തൃ താൽപര്യങ്ങളിലെ മാറ്റം, ആഗോള വ്യാപാരത്തിലെ പുതിയ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സമ്മേളനങ്ങൾ നടക്കുന്നു. അറിവുപങ്കിടൽ പരിപാടികൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, വിപണിപ്രവണതകളുടെ അവതരണം എന്നിവയും ഇതിന്റെ ഭാഗമാണ്. അന്താരാഷ്ട്ര നിയമങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, കയറ്റുമതി വിപണിയുടെ പ്രതീക്ഷകൾ എന്നിവ മനസ്സിലാക്കാൻ പരിപാടികൾ സഹായിക്കും.
വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയ സെക്രട്ടറി കതികിതല ശ്രീനിവാസ് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി. വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി നിതിൻ കുമാർ യാദവ്, ഇന്ത്യയിലെ ജർമൻ എംബസി ഉപമേധാവി ജോർജ് എൻസ്വൈലർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
അപേഡ ചെയർമാൻ അഭിഷേക് ദേവ്, സ്പൈസസ് ബോർഡ് സെക്രട്ടറി എം.എസ്. മണിവണ്ണൻ, ന്യൂറൻബർഗ് മെസ്സെ ഇന്ത്യ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ സോണിയ പ്രഷാർ, ഐഫോം ഓർഗാനിക്സ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് മാർക്കോ ഷ്ലൂട്ടർ എന്നിവരും പങ്കെടുത്തു.
ജൈവമേഖല ഇന്ത്യയുടെ കാർഷിക കയറ്റുമതി വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്കും സംരംഭങ്ങൾക്കും കൂടുതൽ വിപണിയവസരങ്ങൾ നൽകുമെന്ന് കതികിതല ശ്രീനിവാസ് പറഞ്ഞു. ഗുണനിലവാര ഉറപ്പ്, വിപണിപ്രവേശനം, രാജ്യാന്തര സഹകരണം എന്നിവയിലൂടെ ജൈവ കയറ്റുമതി സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിതിൻ കുമാർ യാദവും വ്യക്തമാക്കി.
.