താൽചർ 2026 / ഓഗസ്റ്റ് 7
ഒഡീഷയിലെ താൽചർ കൽക്കരിപ്പാടത്ത് പ്രവർത്തിക്കുന്ന ഭുവനേശ്വരി തുറന്ന ഖനി ഉൽപ്പാദനത്തിലും സാങ്കേതികവിദ്യയിലും പരിസ്ഥിതി സംരക്ഷണത്തിലും പുതിയ മാതൃക തീർക്കുകയാണ്. മഹാനദി കോൾഫീൽഡ്സിന്റെ ഈ ഖനിക്ക് പ്രതിവർഷം മൂന്നു കോടി ടൺ വരെ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. രാജ്യത്തെ പ്രധാന താപവൈദ്യുത നിലയങ്ങളിലേക്കാണ് ഇവിടെനിന്ന് കൽക്കരി എത്തിക്കുന്നത്.
കോൾ ഇന്ത്യയുടെ ഏറ്റവും ആധുനികവും ഉൽപ്പാദനക്ഷമവുമായ തുറന്ന ഖനികളിലൊന്നാണിത്. സ്ഫോടനമില്ലാത്ത സർഫസ് മൈനർ സാങ്കേതികവിദ്യയാണ് കൽക്കരി ഖനനത്തിന് പൂർണമായും ഉപയോഗിക്കുന്നത്. ഇതിലൂടെ പൊടി, ശബ്ദം, ഭൂചലനം എന്നിവ കുറയ്ക്കുകയും ഒരേ വലുപ്പത്തിലുള്ള കൽക്കരി ലഭ്യമാക്കുകയും ചെയ്യുന്നു. മേൽമണ്ണ് നീക്കാൻ മാത്രമാണ് നിയന്ത്രിത സ്ഫോടനം നടത്തുന്നത്.
ഉയർന്ന ഉൽപ്പാദനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ സുരക്ഷ, സമീപഗ്രാമങ്ങളുടെ വികസനം എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകുന്നു. രാജ്യത്തെ ഊർജാവശ്യം ഉയരുന്ന സാഹചര്യത്തിൽ സുസ്ഥിര കൽക്കരി ഖനനത്തിന്റെ ഭാവിമാതൃകയായി ഭുവനേശ്വരി തുടരാനാകുമെന്നാണ് കൽക്കരി മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ലക്ഷ്യം മറികടന്ന് കൽക്കരി ഉൽപ്പാദനം
2025–26 സാമ്പത്തികവർഷത്തിൽ രണ്ടര കോടി ടൺ ഉൽപ്പാദനമായിരുന്നു ലക്ഷ്യം. എന്നാൽ ഖനി 2.6477 കോടി ടൺ കൽക്കരി ഉൽപ്പാദിപ്പിച്ചു. ലക്ഷ്യത്തിന്റെ 105.98 ശതമാനമാണിത്. പ്രവർത്തനം ആരംഭിച്ചതുമുതൽ ആകെ 37.04 കോടി ടൺ കൽക്കരി ഇവിടെനിന്ന് ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.
2026–27 സാമ്പത്തികവർഷത്തെ ഉൽപ്പാദനലക്ഷ്യം 2.8 കോടി ടണ്ണായി ഉയർത്തി. ആദ്യ മൂന്നുമാസത്തിനുള്ളിൽ തന്നെ 76.2 ലക്ഷം ടൺ ഉൽപ്പാദനം രേഖപ്പെടുത്തി. ഉയർത്തിയ വാർഷികലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതർ.
സ്ഫോടനമില്ലാതെ ഖനനം
കൽക്കരിപ്പാളികളിൽ തുരക്കലും സ്ഫോടനവും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. സർഫസ് മൈനർ ഉപയോഗിക്കുന്നതിനാൽ കൽക്കരി നഷ്ടം കുറയുകയും ഉൽപ്പാദനം മെച്ചപ്പെടുകയും ചെയ്യുന്നു. മേൽമണ്ണ് നീക്കുന്ന ഭാഗത്ത് ഇലക്ട്രോണിക് സമയനിയന്ത്രിത സ്ഫോടകസംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കുന്നു.
കൽക്കരി നീക്കത്തിന് ആധുനിക സംവിധാനം
മൂടിയ കൺവെയർ ശൃംഖലയും പ്രതിവർഷം രണ്ടര കോടി ടൺ ശേഷിയുള്ള സൈലോ സംവിധാനവും ഖനിയിലുണ്ട്. ഉൽപ്പാദിപ്പിക്കുന്ന കൽക്കരിയുടെ 85 ശതമാനത്തിലേറെയും പരിസ്ഥിതിസൗഹൃദമായ റെയിൽമാർഗമാണ് കൊണ്ടുപോകുന്നത്. കോൾ ഇന്ത്യയുടെ ആദ്യ സ്വയംപ്രവർത്തിക്കുന്ന ട്രക്ക് ലോഡിങ് സംവിധാനവും ഇവിടെയാണ്. ഇതിലൂടെ വേഗവും കൃത്യതയും സുതാര്യതയും വർധിച്ചു. മനുഷ്യ ഇടപെടലും കുറഞ്ഞു.
ഗ്രാമങ്ങൾക്കും പരിസ്ഥിതിക്കും കരുതൽ
റോഡുകൾ, സാമൂഹികകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, തൊഴിൽ സഹായപദ്ധതികൾ എന്നിവയ്ക്കായി ഖനി അധികൃതർ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫലവൃക്ഷത്തൈകളും ശാലമരത്തൈകളും വിതരണം ചെയ്യുന്നു. പരിസ്ഥിതി ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. വായുഗുണനിലവാരം തുടർച്ചയായി പരിശോധിക്കുന്നതിനൊപ്പം പൊടി നിയന്ത്രണവും വാഹനചക്രങ്ങൾ കഴുകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അഞ്ച് ഹെക്ടറിലുള്ള ശാലമര നഴ്സറിയുടെ സഹായത്തോടെ വനവത്കരണവും പുരോഗമിക്കുന്നു. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഖനിക്ക് പഞ്ചനക്ഷത്ര അംഗീകാരവും കലിംഗ പരിസ്ഥിതി മികവ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സമീപവാസികളുമായുള്ള സഹകരണമാണ് ഉൽപ്പാദനവിജയത്തിന്റെ പ്രധാന ഘടകമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അഞ്ചുവർഷമായി മരണമില്ലാത്ത സുരക്ഷാരേഖ
തുടർച്ചയായ അഞ്ചുവർഷമായി ഖനിയിൽ അപകടമരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാർഷിക ഖനി സുരക്ഷാ പക്ഷാചരണത്തിലും പദ്ധതി ഉന്നത ബഹുമതികൾ നേടി. 2025–26 സാമ്പത്തികവർഷത്തിൽ നികുതിക്കുമുമ്പുള്ള ലാഭം 1,792.60 കോടി രൂപയായിരുന്നു. മഹാനദി കോൾഫീൽഡ്സിന്റെ പ്രധാന വരുമാനദായക പദ്ധതികളിലൊന്നായും ഭുവനേശ്വരി തുടരുകയാണ്.
.