ന്യൂഡൽഹി / 2026 / ജൂലൈ 29
രാജ്യത്തെ ചെറുകിട ഭക്ഷ്യവ്യാപാരികളെ ഔദ്യോഗിക ഭക്ഷ്യസുരക്ഷാ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ലൈസൻസ് നടപടികൾ ലളിതമാക്കി. തെരുവുകച്ചവടക്കാർക്ക് സൗജന്യ രജിസ്ട്രേഷൻ, ലൈസൻസിന് സ്ഥിരകാല സാധുത, കുറഞ്ഞ അപകടസാധ്യതയുള്ള വ്യാപാരങ്ങൾക്ക് തത്കാൽ അനുമതി എന്നിവയാണ് നടപ്പാക്കിയത്. 2026 ജൂൺ 30 വരെ രാജ്യത്ത് 74.33 ലക്ഷത്തിലധികം സജീവ ഭക്ഷ്യവ്യാപാര ലൈസൻസുകളും രജിസ്ട്രേഷനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാധവ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പുതിയ നടപടികൾ
സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റിയുടെ ചുമതല. ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന, ഇറക്കുമതി എന്നിവയ്ക്കുള്ള ശാസ്ത്രീയ മാനദണ്ഡങ്ങൾ അതോറിറ്റി നിശ്ചയിക്കുന്നു. 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണ്.
തെരുവുകച്ചവടക്കാർക്ക് രജിസ്ട്രേഷൻ സൗജന്യം
2014ലെ തെരുവുകച്ചവടക്കാരുടെ ഉപജീവന സംരക്ഷണ-കച്ചവട നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത തെരുവ് ഭക്ഷണവ്യാപാരികൾ, വഴിയോരക്കച്ചവടക്കാർ, ഭക്ഷണവണ്ടികൾ, ഉന്തുവണ്ടികൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ലഭിച്ചതായി കണക്കാക്കുന്ന രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി. നഗരസഭയിലും നഗര കച്ചവട സമിതിയിലും വീണ്ടും പ്രത്യേകം നടപടികൾ പൂർത്തിയാക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും.
തെരുവ് ഭക്ഷണവ്യാപാരികളെയും വഴിയോരക്കച്ചവടക്കാരെയും രജിസ്ട്രേഷൻ ഫീസിൽനിന്ന് പൂർണമായി ഒഴിവാക്കി. പുതിയ രജിസ്ട്രേഷനും പുതുക്കലിനും ഈ ഇളവ് ലഭിക്കും. അർഹരായ കച്ചവടക്കാർക്ക് അഞ്ചുവർഷത്തെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സൗജന്യമായി നേടാം.
ഇനി ഇടയ്ക്കിടെ പുതുക്കേണ്ടതില്ല
ഭക്ഷ്യവ്യാപാരികളുടെ നിയമനടപടിഭാരം കുറയ്ക്കാനും വ്യാപാരം എളുപ്പമാക്കാനുമായി ലൈസൻസുകൾക്കും രജിസ്ട്രേഷനുകൾക്കും സ്ഥിരകാല സാധുത നൽകി. നേരത്തേ ഒന്നു മുതൽ അഞ്ചുവർഷം വരെയുള്ള കാലാവധിക്കുശേഷം ഇവ പുതുക്കണമായിരുന്നു.
പുതിയ സംവിധാനത്തിൽ ലൈസൻസും രജിസ്ട്രേഷനും കാലപരിധിയില്ലാതെ തുടരും. ഇടയ്ക്കിടെ പുതുക്കേണ്ടതില്ലെങ്കിലും ഭക്ഷ്യസുരക്ഷാ നിയമവും അതിനുകീഴിലെ ചട്ടങ്ങളും വ്യാപാരികൾ തുടർന്നും പാലിക്കണം.
കുറഞ്ഞ അപകടസാധ്യതയുള്ള വ്യാപാരങ്ങൾക്ക് തത്കാൽ അനുമതി
മൊത്തവ്യാപാരികൾ, വിതരണക്കാർ, ചില്ലറവ്യാപാരികൾ, ചരക്കുഗതാഗതക്കാർ, അന്തരീക്ഷ നിയന്ത്രണമില്ലാത്ത സംഭരണകേന്ദ്രങ്ങൾ, ഇറക്കുമതിക്കാർ, ഭക്ഷണവിൽപ്പന ഏജൻസികൾ, നേരിട്ടുള്ള വിൽപ്പനക്കാർ, വ്യാപാരി-കയറ്റുമതിക്കാർ തുടങ്ങിയ കുറഞ്ഞ അപകടസാധ്യതയുള്ള ഭക്ഷ്യവ്യാപാരങ്ങൾക്ക് തത്കാൽ ലൈസൻസും രജിസ്ട്രേഷനും നൽകുന്ന സംവിധാനം 2024 ജൂൺ 28 മുതൽ നടപ്പാക്കിയിട്ടുണ്ട്.
2026 ജൂൺ 30ലെ കണക്കനുസരിച്ച് രാജ്യത്ത് 91,005 കേന്ദ്ര ലൈസൻസുകളും 11,63,049 സംസ്ഥാന ലൈസൻസുകളും 61,79,301 രജിസ്ട്രേഷനുകളുമുണ്ട്. ആകെ 74,33,355 സജീവ അനുമതികളാണുള്ളത്. കേരളത്തിൽ 3,736 കേന്ദ്ര ലൈസൻസുകളും 63,275 സംസ്ഥാന ലൈസൻസുകളും 4,08,067 രജിസ്ട്രേഷനുകളുമുണ്ട്.
പരിശോധനയിൽ 40,023 സാമ്പിളുകൾ നിലവാരമില്ലാത്തത്
2025-26ൽ രാജ്യത്താകെ 2,23,808 ഭക്ഷ്യസാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 40,023 സാമ്പിളുകൾ നിയമപ്രകാരമുള്ള നിലവാരം പാലിക്കാത്തതോ മായം കലർന്നതോ ആണെന്ന് കണ്ടെത്തി. 31,878 സിവിൽ കേസുകളിൽ പിഴ വിധിക്കുകയും 1,918 ക്രിമിനൽ കേസുകളിൽ ശിക്ഷ ലഭിക്കുകയും ചെയ്തു. ഈ കണക്കുകൾ താൽക്കാലികമാണെന്നും തുടർ ലബോറട്ടറി പരിശോധനകളുടെയും കോടതി നടപടികളുടെയും ഫലമനുസരിച്ച് മാറ്റമുണ്ടാകാമെന്നും സർക്കാർ വ്യക്തമാക്കി.
2024-25ൽ 1,70,535 സാമ്പിളുകളിൽ 34,388 എണ്ണം നിലവാരമില്ലാത്തതായി കണ്ടെത്തി. 30,142 സിവിൽ കേസുകളിൽ പിഴയും 1,265 ക്രിമിനൽ കേസുകളിൽ ശിക്ഷയും ലഭിച്ചു. 2023-24ൽ പരിശോധിച്ച 1,70,513 സാമ്പിളുകളിൽ 33,808 എണ്ണം നിലവാരമില്ലാത്തതായിരുന്നു. 29,586 സിവിൽ കേസുകളിൽ പിഴയും 1,161 ക്രിമിനൽ കേസുകളിൽ ശിക്ഷയും രേഖപ്പെടുത്തി.
2022-23ൽ 1,77,511 സാമ്പിളുകളിൽ 44,626 എണ്ണം നിലവാരം പാലിച്ചില്ല. 28,464 സിവിൽ കേസുകളിൽ പിഴയും 1,188 ക്രിമിനൽ കേസുകളിൽ ശിക്ഷയും ലഭിച്ചു. 2021-22ൽ പരിശോധിച്ച 1,44,345 സാമ്പിളുകളിൽ 32,935 എണ്ണം നിലവാരമില്ലാത്തതായി കണ്ടെത്തി. 19,437 സിവിൽ കേസുകളിൽ പിഴയും 671 ക്രിമിനൽ കേസുകളിൽ ശിക്ഷയും രേഖപ്പെടുത്തി.